ആഭ്യന്തരമന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത് 14-കാരൻ; അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഗ്നിവീർ റിക്രൂട്ട്മെന്റ് പോർട്ടൽ ഹാക്ക് ചെയ്ത് വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്കുവെച്ച് പതിന്നാലുകാരൻ. ഡൽഹി പോലീസ് ചോർച്ച കണ്ടെത്തിയതോടെ വൻ സുരക്ഷാഭീഷണിയാണ് ഒഴിവായത്.
സെപ്റ്റംബറിൽനടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹരിയാണ സ്വദേശിയായ പതിന്നാലുകാരന്റെ പക്കൽനിന്ന് ഡേറ്റ കണ്ടെത്തിയെങ്കിലും ഇതു യഥാർഥമാണോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിക്കാനാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി പോലീസിന്റെ സൈബർ വിദഗ്ധസംഘം ഡാർക്ക് വെബ് പട്രോളിങ്ങിനിടെ ആഭ്യന്തരമന്ത്രാലയ പോർട്ടലിലെ വിവരങ്ങൾ വിൽപ്പനയ്ക്കു വെച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നെന്നാണ് സൂചന. നാലുവർഷത്തെ സേവനകാലാവധി കഴിഞ്ഞ അഗ്നിവീറുകൾക്ക് മറ്റു തൊഴിലവസരങ്ങൾ നൽകുന്നതിനായുള്ള പോർട്ടലിലെ വിവരങ്ങളായിരുന്നു വിൽപ്പനയ്ക്കായി പരസ്യംചെയ്തത്. 2500-ലേറെ അഗ്നിവീറുകളുടെ വ്യക്തിവിവരങ്ങളടക്കം പോർട്ടലിന്റെ വെരിഫൈഡ് അഡ്മിൻ ക്രെഡൻഷ്യൽസും ഹാക്കർ വാഗ്ദാനം ചെയ്തിരുന്നു. ക്രിപ്റ്റോ കറൻസിയിൽ 500 ഡോളറാണ് പ്രതിഫലമായി ചോദിച്ചിരുന്നത്.
ബന്ധപ്പെടാൻ നൽകിയിരുന്ന കോൺടാക്ട് വിവരങ്ങൾ പിന്തുടർന്നപ്പോഴാണ് ഹാക്കർ പതിന്നാലുകാരനാണെന്ന് തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ ഹാക്കറെ പിടികൂടി ചോദ്യംചെയ്തു. എ.ഐ. ഉപയോഗിച്ചാണ് വിവരങ്ങൾ സമ്പാദിച്ചതെന്ന് കുട്ടി മൊഴിനൽകി. ഈ ഡേറ്റ ഡാർക്ക് വെബ്ബിൽ ഇട്ടിരുന്നില്ലെന്നും വിൽക്കാൻ തയ്യാറെന്ന് പരസ്യം ചെയ്യുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. ഐ.ടി. നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഡൽഹി പോലീസ് ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: A 14-year-old boy from Haryana hacked the Home Ministry's Agniveer recruitment portal., Over 2,500 Agniveer personal details and admin credentials were put up for sale on the dark web for $500 in cryptocurrency., Delhi Police cyber experts intercepted the listing and apprehended the minor, who claimed to use AI for the breach.