42 കൊല്ലം മുൻപത്തെ കൊലക്കേസ്: നൂറുവയസുള്ള പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
അലഹബാദ് ഹൈക്കോടതി | Photo: PTI
അലഹബാദ് ഹൈക്കോടതി | Photo: PTI

ലഖ്നൗ: 42 കൊല്ലം മുൻപത്തെ കൊലപാതകക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. പ്രതിയ്ക്ക് ഇപ്പോൾ നൂറ് വയസ്സാണ് പ്രായം. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് പ്രതി ധനീറാമിനെ വെറുതെ വിട്ടത്.

ജസ്റ്റിസുമാരായ ചന്ദ്രധാരി സിങ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984-ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ്ശിക്ഷ റദ്ദാക്കി. വിചാരണക്കോടതിയുടെ വിധിക്ക് എതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ തുടരുകയായിരുന്നു.

1984 ഓഗസ്റ്റ് 9-ന് ഹമീർപുർ ജില്ലയിൽ ഗുൻവ എന്നയാൾ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ധനീറാം അറസ്റ്റിലായത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, പ്രധാന പ്രതിയായ മൈക്കു ആണ് വെടിവെച്ചത്. ധനീറാമും മറ്റൊരാളായ സട്ടീദിനും ആക്രമണത്തിന് പ്രേരിപ്പിച്ചതായി ആരോപണമുണ്ട്. സാധാരണ ഉദ്ദേശ്യത്തോടെയുള്ള കൊലപാതകം എന്ന കുറ്റങ്ങൾ ചുമത്തി വിചാരണക്കോടതി ധനീറാമിനെയും സട്ടീദിനെയും ശിക്ഷിച്ചു.

ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ദശാബ്ദങ്ങളോളം കേസ് തീർപ്പാക്കാതെ കിടന്നു. ഇതിനിടയിൽ സട്ടീദിൻ മരിച്ചു, ധനീറാം മാത്രം പ്രതിയായി അവശേഷിച്ചു.

പ്രധാന പ്രതിയായ മൈക്കുവിനെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപ്പീലിലെ നീണ്ട കാലതാമസവും ജീവിച്ചിരിക്കുന്ന പ്രതിയുടെ പ്രായവും അവഗണിക്കാനാവാത്ത പ്രധാന ഘടകങ്ങളാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള ചില വിടവുകളും ചൂണ്ടിക്കാട്ടി, കോടതി ധനീറാമിന് സംശയത്തിന്റെ ആനുകൂല്യം നൽകി. ശിക്ഷ റദ്ദാക്കിയ കോടതി, ധനീറാമിനെ എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിടുകയും ജാമ്യ ബോണ്ടുകൾ റദ്ദാക്കുകയും ചെയ്തു.

Content Highlights: Allahabad High Court acquits 100-year-old man in a 42-year-old murder case. Court cited delay and benefit of doubt.