ഞാന്‍ പരാജയപ്പെട്ടു,വാക്ക് പാലിക്കാനായില്ല; കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണത്തില്‍ ബര്‍ഖ ദത്ത്

ബര്‍ഖ ദത്ത് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
ബര്‍ഖ ദത്ത് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: 'ആശുപത്രിയില്‍ പോകാന്‍ താത്പര്യമില്ലായിരുന്നു. രണ്ടു ദിവസത്തിനകം തിരിച്ചുകൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ഞാന്‍ കൊണ്ടുപോയത്. എനിക്ക് ആ വാക്ക് പാലിക്കാനായില്ല' കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്ത് ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ബാധിതനായ ബര്‍ഖ ദത്തിന്റെ പിതാവ് എസ്.പി.ദത്ത് ഇന്ന് രാവിലെയാണ് മരിച്ചത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കോവിഡ് ബാധിതനായി ഏപ്രില്‍ 24-നാണ്‌ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

'എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല സ്‌നേഹവാനായ മനുഷ്യന്‍, എന്റെ അച്ഛന്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് ഞാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് രണ്ടു ദിവസത്തിനുള്ളില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.എനിക്ക് എന്റെ വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ഞാന്‍ തോറ്റു. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ലംഘിച്ചിട്ടില്ലായിരുന്നു.' ബര്‍ഖ ദത്തിന്റെ ഹൃദയസ്പര്‍ശിയായ ട്വീറ്റില്‍ പറയുന്നു.

ഏപ്രില്‍ 21-നാണ് എസ്.പി ദത്തിനെ മെദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ എസ്.പി.ദത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

Content Highlights: