'ദേവേന്ദ്ര ഫഡ്‌നാവിസ് ജീവിതം തകര്‍ത്തു', വഴിയില്ലാതായപ്പോളാണ് രാജിവെച്ചതെന്ന് ഏക്‌നാഥ് ഖഡ്‌സേ

എക്‌നാഥ് ഖഡ്‌സെ | photo:PTI
എക്‌നാഥ് ഖഡ്‌സെ | photo:PTI

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ്  തന്റെ ജീവിതം തകര്‍ത്തുവെന്ന് ഏകനാഥ് ഖഡ്‌സേ. ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഖഡ്സേ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. 

'നാല് വര്‍ഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെയാണ് ഞാന്‍ ജീവിച്ചത്. ബി.ജെ.പി വിടാന്‍ നിങ്ങളെന്ന നിര്‍ബന്ധിക്കുന്നുവെന്ന് ഞാനന്റെ പലപ്രസംഗങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി വിടുന്നതില്‍ ദുഃഖമുണ്ടെങ്കിലും വേറെ വഴിയില്ല. ബി.ജെ.പി വിടാന്‍ കാരണം ഫഡ്‌നാവിസ് ആണ്' 

'ബലാത്സംഗ കേസുകള്‍ വരെ എനിക്കെതിരെ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.എനിക്കെതിരെ വ്യാജകേസ് ചുമത്താന്‍ ഫഡ്‌നാവിസ് പോലീസിന് നിര്‍ദേശം നല്‍കി. ഒരു സ്ത്രീയെക്കൊണ്ട് എനിക്കെതിരെ പരാതി നല്‍കിച്ചുവെങ്കിലും പിന്നീട് അവര്‍ തന്നെ അത് പിന്‍വലിച്ചു. അഴിമതിക്കേസുകളിലും എനിക്കെതിരെ അന്വേഷണം ഉണ്ടായി. എന്നാല്‍ പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചു'. - ഖഡ്സേ പറഞ്ഞു. 

2016ല്‍ റവന്യൂ മന്ത്രി ആയിരിക്കെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത് ഖഡ്‌സേ രാജിവെച്ചിരുന്നു. പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ച് രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ തയ്യാറെടുത്തെങ്കിലും 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖഡ്‌സെയ്ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. ഖഡ്‌സെയ്ക്ക് പകരം മകള്‍ രോഹിണിയ്ക്ക് സീറ്റ് ലഭിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചന്ദ്രകാന്ത് പാട്ടീലിനോട് തോറ്റു. തുടര്‍ന്നങ്ങോട്ട് ബി.ജെ.പിയില്‍ തുടരുന്നതില്‍ ഖഡ്‌സെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഖഡ്‌സേ എന്‍.സി.പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രതികരണം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം എന്‍.സി.പിയില്‍ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടില്‍ ആണ് ഇന്ന് അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഖഡ്‌സേ എന്‍.സി.പിയില്‍ ചേരും. ഞങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജയന്ത് പാട്ടില്‍ അറിയിച്ചു. 

Content Highlights: Eknath Khadse

Content Highlights: