ഇന്ത്യന്‍ ഗോതമ്പ് യുഎഇയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്, നടപടി നാല് മാസത്തേക്ക്

ദുബായ്: ഇന്ത്യയില്‍ നിന്ന് വരുന്ന ഗോതമ്പും ഗോതമ്പ് പൊടിയും കയറ്റുമതി ചെയ്യുന്നതിനും പുനര്‍ കയറ്റുമതി ചെയ്യുന്നതിനും യുഎഇ നാല് മാസത്തെ വിലക്കേര്‍പ്പേര്‍ത്തി. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13 മുതല്‍ നാല് മാസത്തേക്ക് യുഎഇയിലെ ഫ്രീസോണുകളില്‍ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികള്‍ക്കും ഈ നടപടി ബാധകമാകും.
ഗോതമ്പ് മാവ് ഉള്‍പ്പടെയുള്ള എല്ലാ തരം ഗോതമ്പുത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാകും. മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് കയറ്റുമതി നിരോധനം.
ഇന്ത്യയില്‍ നിന്നല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ യുഎയില്‍ വിലക്കില്ല. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ നേരത്തെ തന്നെ ഗോതമ്പ് കയറ്റുമതി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ യുഎഇ അടക്കമുള്ള കരാറുകളുള്ള ചില രാജ്യങ്ങളിലേക്ക് ഇന്ത്യ ഗോതമ്പ് കയറ്റി അയക്കുന്നുണ്ട്.
Content Highlights: UAE To Suspend Exports Of Indian Wheat For 4 Months