അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിച്ച് എ.പി അബ്ദുള്ളക്കുട്ടി | വീഡിയോ

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. നമീറ പള്ളിയില്‍ ഇമാം അറഫാ പ്രഭാഷണം നടത്തി. 10 ലക്ഷം പേരാണ് ഇത്തവണ ഹജ്ജ് നിര്‍വ്വഹിക്കുന്നത്. ഇതില്‍ എട്ടര ലക്ഷം പേര്‍ വിദേശികളും ഒന്നര ലക്ഷം പേര്‍ സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകരുമാണ്.
79, 237 ഇന്ത്യാക്കാരാണ് ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയത്. സംഘത്തെ നയിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ള കുട്ടിയാണ്. ഇതില്‍ മലയാളികളായ അയ്യായിരത്തിലധികം പേരുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മികച്ച സേവനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് മെട്രോ സൗകര്യം ഏര്‍പെടുത്തിയത് വളരെ വലിയ സൗകര്യമായിരുന്നുവെന്ന് അബ്ദുള്ളകുട്ടി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടുവരെ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടുന്ന വിശ്വാസികള്‍ രാത്രി മുസ്തലിഫയില്‍ രാപാര്‍ക്കും. ബലിപെരുന്നാള്‍ ദിനമായ നാളെ ജംറയില്‍ എറിയാനുള്ള കല്ലുമായി തീര്‍ത്ഥാടകര്‍ മിനായിലെത്തും. ഹജ്ജിലെ ചടങ്ങുകളായ ബലിയറുക്കലും മുടിമുറിക്കലും കഴിഞ്ഞ് മസ്ജിദുള്‍ ഹറമില്‍ ക അബയെ വലം വെയ്ക്കും.