ദുബായിൽ സൂപ്പർമാർക്കറ്റിൽനിന്ന് ഒന്നരക്കോടി മോഷ്ടിച്ചു, എഐ സഹായത്തോടെ പ്രതികളെ പിടികൂടി പോലീസ്

ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ആറര ലക്ഷത്തിലധികം ദിര്‍ഹം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതികളുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്.
ബര്‍ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് പ്രതികള്‍ 6,60,000 ദിര്‍ഹം (1,57,85,457 രൂപ) മോഷ്ടിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പരാതി ലഭിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍വെച്ച് പ്രതികളെ പോലീസ് പിടികൂടി.
മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പെട്ടെന്ന് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുഖാവരണം നീക്കിയ ശേഷമുള്ള പ്രതികളുടെ മുഖം പുനഃസൃഷ്ടിച്ചു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവിരം ലഭിക്കുന്നതും വിമാനത്താവളത്തില്‍വച്ച് പിടികൂടുന്നതും. വിമാനത്തില്‍ കയറുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച പണം ഇവരില്‍നിന്ന് കണ്ടെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
Content Highlights: Dubai Police Apprehend Duo in AED 6.5 Lakh Supermarket Heist, Foiling Escape