പരിമിതികൾ മറക്കാം, ആർക്കും ആസ്വദിക്കാം; വ്യത്യസ്തമായ അവതരണവുമായി കാന്താ കൊച്ചാറിന്റെ 'വീവിങ്‌സ്'

#സന്തോഷ് വാസുദേവ്
'വീവിങ്സ്' കടന്പഴിപ്പുറം നാട്യശാസ്ത്രയിൽ അരങ്ങേറിയപ്പോൾ (ചിത്രങ്ങൾ പകർത്തിയത് അജീഷ് കൊല്ലടത്ത്)
'വീവിങ്സ്' കടന്പഴിപ്പുറം നാട്യശാസ്ത്രയിൽ അരങ്ങേറിയപ്പോൾ (ചിത്രങ്ങൾ പകർത്തിയത് അജീഷ് കൊല്ലടത്ത്)

പാലക്കാട്: സംഭാഷണങ്ങൾ മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും. സംഭാഷണം പറഞ്ഞ് ഒരാൾ അഭിനയിക്കുമ്പോൾ അതേ ഭാഗം അതേസമയം മറ്റൊരാൾ ആംഗ്യഭാഷയിലൂടെ അഭിനയിക്കുന്നു. ഏതുതരം ശാരീരിക വെല്ലുവിളികളും മറികടന്ന് ആസ്വദിക്കാവുന്ന അവതരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരിയും കലാപ്രവർത്തകയും ഗവേഷകയുമായ കാന്താ കൊച്ചാർ.

'വീവിങ്‌സ്' എന്ന വ്യത്യസ്തമായ അവതരണം അടുത്തിടെ കൊച്ചിയിലും കടമ്പഴിപ്പുറം നാട്യശാസ്ത്രയിലും അരങ്ങേറി. കാഴ്ച, കേൾവി, ശരീരിക വെല്ലുവിളികൾ നേരിടുന്നവരെയും അല്ലാത്തവരെയും ഉൾപ്പെടുത്തിയുള്ളൊരു അവതരണം - അതാണ് വീവിങ്‌സ്. രാജ്യത്തുടനീളം ഓഡിഷൻ നടത്തിയാണ് ഇതിലെ 17 കലാകാരന്മാരെയും കലാകാരികളെയും കാന്താ കൊച്ചാർ തിരഞ്ഞെടുത്തത്.

കേൾവി സംബന്ധമായ വെല്ലുവിളി നേരിടുന്നയാളാണ് കാന്താ കൊച്ചാർ. അത്തരം വെല്ലുവിളി നേരിടുന്നവർക്കുകൂടി ആസ്വദിക്കാവുന്ന കലാപ്രകടനം എന്ന ആശയത്തിൽനിന്നാണ് വീവിങ്‌സ് രൂപംകൊണ്ടത്. മൂന്നുവർഷമായി ഈ നാടകത്തിന്റെ പിന്നണിയിലുണ്ട് കാന്താ കൊച്ചാർ.

കാന്താ കൊച്ചാർ

തീരദേശത്തെയും മലനിരകളിലെയും രണ്ടു നെയ്ത്തുകാർ കണ്ടുമുട്ടുന്നതാണ് അവതരണത്തിന്റെ ഇതിവൃത്തം. പിന്നീട് ഇവർ തമ്മിൽ ആരാണ് മികച്ച നെയ്ത്തുകാരൻ എന്ന തർക്കമുണ്ടാവുന്നു. അതു തീരുമാനിക്കാൻ അവർ മൂന്ന് കളിലേർപ്പെടുന്നു. ഒടുവിൽ അവർ പരസ്പരം മനസ്സിലാക്കുന്നു. 'സത്യവാൻ സാവിത്രി' ഐതിഹ്യ കഥകളും ഇതിൽ പരാമർശ വിഷയമാകുന്നു. കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ശബ്ദസംവിധാനത്തിലൂടെ, കേൾവി പരിമിതി നേരിടുന്നവർക്ക് ആംഗ്യഭാഷയിലൂടെ... അങ്ങനെ ആർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് വീവിങ്‌സ് ഒരുക്കിയിരിക്കുന്നത്.

ഒരുമണിക്കൂർ നീളുന്ന അവതരണം തുടങ്ങുംമുൻപ് കലാപ്രകടനത്തെക്കുറിച്ച് സംഭാഷണങ്ങളിലൂടെയും ആംഗ്യഭാഷയിലും വിവരിക്കും. തുടർന്ന് കാണികളെ വേദിയിലേക്കു ക്ഷണിക്കും. കാഴ്ച വെല്ലുവിളി നേരിടുന്നവർകൂടി പങ്കെടുക്കുന്ന നാടകമായതിനാൽ അതിനുതകുന്ന രീതിയിലാണ് വേദിയുടെ സജ്ജീകരണം. അതുകൂടി പരിശോധിക്കാനാണ് കാണികളെ വേദിയിലേക്കു ക്ഷണിക്കുന്നത്. 45-ഓളം പേരുണ്ട് ഈ കലാപ്രകടനത്തിനു പിന്നണിയിൽ.

'കേരളത്തിൽ കലകൾ സമൃദ്ധം'

കേരളത്തിലെ കലാരൂപങ്ങൾ വ്യത്യസ്തതകൾ കൊണ്ട് സമ്പന്നമാണെന്ന് കാന്താ കൊച്ചാർ പറഞ്ഞു. അതുകൊണ്ടാണ് കേരളവുമായുള്ള തന്റെ ബന്ധം 15 വർഷമായി നിലനിൽക്കുന്നത്. ശാരീരിക പരിമിതികളുള്ളവരെയും ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ഇടമായാണ് വീവിങ്‌സ് രൂപപ്പെടുത്തിയതെന്ന് അവർ പറയുന്നു.

വിവിധതരം വെല്ലുവിളികൾ നേരിടുന്നവരെയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അപ്പോൾ മാത്രമേ അവരുടെ ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടൂ. എല്ലാവർക്കും ഒരുമിച്ച് ജോലിചെയ്യാനുള്ള സാധ്യതയാണ് കല തുറന്നിടുന്നത്. മനുഷ്യൻ പരിസ്ഥിതിയെയും കാലാവസ്ഥയെയും കൂടുതൽ പരിഗണിക്കേണ്ടതുണ്ടെന്നും കാന്താ കൊച്ചാർ പറഞ്ഞു. കൂടിയാട്ടത്തെ വ്യത്യസ്തമായ രീതികളിൽ അവതരിപ്പിക്കാനാവുമോ എന്ന അന്വേഷണത്തിലാണ് കാന്താ കൊച്ചാർ ഇപ്പോൾ. നെഹ്രു-ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ള കാന്താ കൊച്ചാർ കലാമണ്ഡലം രാമചാക്യാരിൽനിന്ന് കൂടിയാട്ടം അഭ്യസിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 'ഗോവർദ്ധനോദ്ധാരണം' എന്ന കഥ അവതരിപ്പിച്ചു.

Content Highlights: Kantha Kochhar`s `Weavings` is an inclusive theatre performance in Malayalam