സൈലന്റ്‌വാലിയുടെ കഥാകാരന്‍, കാവലാളും; വീടിനെപോലെത്തന്നെ കാടിനെയും സ്‌നേഹിക്കുന്ന മാരി

#സി. അനില്‍കുമാര്‍
മാരി
മാരി

മണ്ണാര്‍ക്കാട്: വീടുപോലെത്തന്നെയാണ് മാരിക്ക് കാടും. മാരി പറയുന്ന കാടിന്റെ കഥകള്‍ക്ക് ജീവിതാനുഭവങ്ങളുടെ ചൂടും താളവുമുണ്ട്. ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളും കഥകളില്‍ കടന്നുവരുമ്പോള്‍ കേള്‍വിക്കാര്‍ക്ക് സൈലന്റ്‌വാലി മറ്റൊരു വിസ്മയലോകമാകും. 35 വര്‍ഷത്തിലേറെയായി നിശ്ശബ്ദ താഴ്വരയുടെ കാവല്‍ക്കാരനും കഥകളുടെ സൂക്ഷിപ്പുകാരനുമാണ് ഇദ്ദേഹം. 

സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ വനംവാച്ചറാണ് മുക്കാലി കൊട്ടിയൂര്‍ക്കുന്നിലെ മാരി (52). ഏഴാംക്ലാസ്വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍, സൈലന്റ്‌വാലി കാണാനെത്തുന്ന സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹം കാടറിവുകളുടെ തുറന്ന പുസ്തകമാണ്. സൈലന്റ്‌വാലിയിലെ താത്കാലിക വാച്ചറായിരുന്ന അച്ഛന്‍ ലച്ചിയപ്പനിലൂടെയാണ് മാരി സൈലന്റ്‌വാലിയെ അറിഞ്ഞുതുടങ്ങിയത്. 

16-ാം വയസ്സുമുതല്‍ അച്ഛനൊപ്പം ജോലിക്കുകൂടി. അദ്ദേഹം പറഞ്ഞുകൊടുത്ത വഴികളും കാടറിവുകളും പിന്തുടര്‍ന്നു. 2014-ല്‍ ട്രൈബല്‍ വാച്ചര്‍മാര്‍ക്കുള്ള അഭിമുഖത്തില്‍ ഒന്നാംറാങ്ക് നേടി സ്ഥിരംവാച്ചറുമായി. സൈലന്റ്‌വാലിയിലെ അനവധി കാഴ്ചകള്‍ മാരി ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുമുണ്ട്. മൂന്നുവര്‍ഷംമുന്‍പ്, പുഴ കടക്കുമ്പോള്‍ സ്വന്തം ക്യാമറ വെള്ളത്തില്‍വീണ് നാശമായതാണ് സങ്കടം. 

'ഇവിടുത്തെ എല്ലാ കാട്ടുവഴികളും കാണാപ്പാഠമാണ്. കാടൊരിക്കലും ചതിക്കില്ല. നിരവധിതവണ കാട്ടുമൃഗങ്ങളുടെ മുന്നില്‍പ്പെട്ടിട്ടുണ്ട്, മൂന്നോ, നാലോ തവണ കടുവയുടെ മുന്നിലും. കുറച്ചുനേരം പരസ്പരം നോക്കിനില്‍ക്കും. പിന്നെ കടുവ അതിന്റെ വഴിക്കുപോകും. കാട്ടില്‍വെച്ച് മൃഗങ്ങള്‍ ആക്രമിക്കാറില്ല. വീടുകള്‍ക്ക് സമീപമെത്തുമ്പോഴാണ് സ്വഭാവം മാറുന്നത്' - മാരി പറഞ്ഞു.

കാലാവസ്ഥാമാറ്റം ഇവിടെയുമുണ്ടെന്ന് മാരി പറയുന്നു. പണ്ടെല്ലാം ഉച്ചകഴിഞ്ഞാല്‍ തണുപ്പ് പടരുമായിരുന്നു, ഇപ്പോഴതില്ല. മഴക്കാലത്ത് പകല്‍പോലും കാടിന് ഇരുട്ടുനിറമാണ്, മഞ്ഞുംമൂടും. എന്നാല്‍, വേനലില്‍ തെളിഞ്ഞ കാഴ്ചകള്‍ സമ്മാനിക്കും. ഗവേഷകരുടെ കൂടെ സഞ്ചരിച്ചാണ് അപൂര്‍വസസ്യങ്ങളെക്കുറിച്ചുള്ള അറിവ് സമ്പാദിച്ചത്. കാടിന്റെയും മൃഗങ്ങളുടെയും സ്വഭാവങ്ങള്‍ സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുക്കും. വന്യമൃഗങ്ങളെ കണ്ടാല്‍ പേടിച്ച് ഒച്ചവെക്കരുതെന്നും തലങ്ങും വിലങ്ങും ഓടരുതെന്നുമെല്ലാം പറയും.

2012-ല്‍ മുന്‍ ചീഫ് ഫോറസ്റ്റോഫീസര്‍ മാധവന്‍പിള്ള അവാര്‍ഡ് (2012), പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.വി. തമ്പിസ്മാരക പുരസ്‌കാരം (2018), ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം (2019) തുടങ്ങിയ പുരസ്‌കാരങ്ങളും മാരിയെത്തേടി എത്തി. 2013-ല്‍ കേരളം സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനെ കണ്ടത് മറക്കാനാവാത്ത അനുഭവമാണെന്ന് മാരി പറയുന്നു. പുഷ്പയാണ് ഭാര്യ. മിഥുന്‍, ലക്ഷ്മണന്‍, ശ്രീരാഗ് എന്നിവര്‍ മക്കളാണ്. 

Content Highlights: watcher of silent valley the story of mari good news