ഇതൊക്കെ യെന്ത്...! വടംകയറ്റത്തിൽ നാട്ടുകാരെ ഞെട്ടിച്ച് കളക്ടറുടെ പൊളപ്പൻ പ്രകടനം

ദേശീയ കായികദിനത്തോട് അനുബന്ധിച്ച് സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തൃശ്ശൂര്‍ സൈക്കിള്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ കയറില്‍ തൂങ്ങിക്കയറുന്ന കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
ദേശീയ കായികദിനത്തോട് അനുബന്ധിച്ച് സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തൃശ്ശൂര്‍ സൈക്കിള്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ കയറില്‍ തൂങ്ങിക്കയറുന്ന കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

തൃശ്ശൂര്‍: സ്റ്റാമിന പരീക്ഷിക്കാന്‍ ഒരു ചലഞ്ച്. ആര്‍ക്കു വേണമെങ്കിലും ഏറ്റെടുക്കാം. ഇതൊക്കെ നിത്യാഭ്യാസികള്‍ക്കേ വഴങ്ങൂ എന്നൊരു ധാരണയിലാകും സംഘാടകര്‍ അവതരിപ്പിച്ചത്. പക്ഷേ, എത്തിയ ആള് പുലിയായിരുന്നു. ദേശീയ കായികദിനത്തോട് അനുബന്ധിച്ച് സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തൃശ്ശൂര്‍ സൈക്കിള്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് 'വെല്ലുവിളി' നടന്നത്. 

കായികക്ഷമത പരീക്ഷിക്കാന്‍ നാലു മീറ്ററിലധികം ഉയരത്തില്‍ കയറില്‍ തൂങ്ങിക്കയറണം. പട്ടാളത്തിലും മറ്റ് സേനകളിലും കണ്ടുവരുന്ന പരീക്ഷണം. കായികാഭ്യാസികള്‍പോലും വെല്ലുവിളി ഏറ്റെടുക്കാന്‍ മടിച്ചുനിന്നപ്പോഴാണ് തൃശ്ശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അക്വാട്ടിക് ക്ലോംപ്ലക്‌സിലെത്തിയത്. 

ആരോഗ്യസംരക്ഷണത്തിലും കായികസംസ്‌കാരത്തിലും മുഴുകിയിരിക്കുന്ന കളക്ടര്‍ക്ക് ഇതൊക്കെയെന്ത്...! ആദ്യം ഒന്നുമടിച്ചെങ്കിലും ചലഞ്ച് ആണെങ്കില്‍ ഒന്നു കാണിച്ചുകൊടുക്കണമെന്ന് കളക്ടറുടെ ഉള്ളിലെ കായികപ്രേമി പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. വടത്തില്‍ പിടിച്ച് വെല്ലുവിളി ഏറ്റെടുത്തതായി അറിയിച്ചു.

കളക്ടറെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന ചോദ്യത്തെ അപ്രസക്തമാക്കിക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വടത്തിലൂടെ മുകളിലേക്ക്. പത്തില്‍ താഴെ പിടിത്തത്തില്‍ മുകളില്‍. നിറഞ്ഞ കൈയടിക്കിടെ അതുപോലെ താഴേക്ക്. പിന്നാലെ കളക്ടര്‍ സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹമെത്തി. 

Content Highlights: thrissur collector arjun pandyan accepts a challenging fitness test climbing a high rope