ഇന്ന് വനിതാദിനം: ഇത് റീലുകളുടെ തമ്പുരാട്ടി; 73-ാം വയസിൽ വൈറൽതാരമായി തമ്പായിയമ്മ, 300-ലധികം റീലുകൾ

കരിവെള്ളൂർ: "ഓട്ത്തു അയച്ചിറ്റ്. അതല്ലെ നിന്റെ കയ്മ പൈശ. എന്നെ അങ്ങനെയൊന്നും പൊട്ടത്തിയാക്കാൻ നോക്കണ്ട. കൊണ്ട എന്റെ പൈശ." – ഗൂഗിൾ പേയിലൂടെ അയക്കാൻ കൊടുത്ത 500 രൂപ അത് അയച്ചുകഴിഞ്ഞിട്ടും മകന്റെ കൈയിൽ കിടക്കുന്നത് കണ്ട് ചൂടായി തിരികെവാങ്ങുന്ന നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരിയുടെ റീൽ കണ്ടത് 40 ലക്ഷം മലയാളികൾ. ഇത് കരിവെള്ളൂർ നിടുപ്പുറത്തെ പി.വി. തമ്പായിയമ്മ. അവിചാരിതമായി അഭിനയിക്കാൻ ലഭിച്ച അവസരംകൊണ്ട് 73-ാം വയസ്സിൽ സാമൂഹികമാധ്യമങ്ങളിലെ വൈറൽതാരമാണ് ഇവർ.
സഹോദരൻ രാഘവന്റെ മകൻ രഞ്ജിത്തിനൊപ്പമാണ് തമ്പായിയമ്മ റീലുമായെത്തുന്നത്. രഞ്ജിത്തും സുഹൃത്തുക്കളായ ശ്രീജു, മനു, ബിജു എന്നിവർ ചേർന്ന് നേരംപോക്കിന് റീൽ എടുക്കുമായിരുന്നു. ഒരിക്കൽ അമ്മവേഷം അഭിനയിക്കാൻ ആളെ കിട്ടാതെ വിഷമിക്കുമ്പോഴാണ് തമ്പായിയമ്മ അതിലൂടെ പോയത്. ‘കൂടുന്നോ’ എന്ന ഒറ്റ ചോദ്യത്തോടെ ഒട്ടും മടിയില്ലാതെ തമ്പായിയമ്മ റീലുകളുടെ ലോകത്തെത്തി.
ഇതിനകം 300-ഓളം റീലുകൾ തമ്പായി രഞ്ജിത്തിനൊപ്പം ചെയ്തുകഴിഞ്ഞു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുറ്റ്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെല്ലാം തമ്പായിയമ്മയ്ക്കും രഞ്ജിത്തിനും ലക്ഷക്കണക്കിന് ആരാധകർ.
നാട്ടിൻപുറങ്ങളിലെ സാധാരണസ്ത്രീകളുടെ വേഷംധരിച്ച് തനി നാടൻഭാഷയിൽ സ്വാഭാവികമായി സംസാരിക്കുന്ന തമ്പായിയമ്മയെ ഒരിക്കൽ റീലിലൂടെ അറിഞ്ഞാൽ പിന്നീട് അന്വേഷിച്ചോളും. ഒരു ചെറുപുഞ്ചിരിയോടെയും അല്പം ചിന്തയോടെയും ചുരുങ്ങിയ സമയത്തിനുള്ളിൽ കാണാൻ കഴിയുന്നതാണ് രഞ്ജിത്തിന്റെയും തമ്പായിയുടെയും റീലുകൾ.
സ്‌ക്രിപ്റ്റ് തയ്യാറാക്കി റീലുകൾ ഒരുക്കുന്നത് രഞ്ജിത്താണ്. തമ്പായിയുടെ മറ്റൊരു സഹോദരൻ സതീശന്റെ മകൻ അർജുനാണ് ക്യാമറ. റീലുകളുടെ ലോകം തമ്പായിയമ്മയുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ആദ്യം ചെറിയ ചമ്മലുണ്ടായിയിരുന്നുവെങ്കിലും ഇപ്പോൾ ‘എന്താടാ റീലൊന്നുമില്ലേ’ എന്ന് രഞ്ജിത്തിനോട് ചോദിക്കുന്നതുവരെയെത്തി കാര്യങ്ങൾ.
അഭിനയിക്കാൻ തുടങ്ങിയാൽ തമ്പായിയമ്മ മറ്റൊരു ലോകത്താണെന്നാണ് പെയിന്റിങ് തൊഴിലാളിയായ രഞ്ജിത്തിന്റെ അഭിപ്രായം. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് സെൽഫിയെടുക്കാൻ വരുമ്പോൾ മാത്രമേ തമ്പായിയമ്മയ്ക്ക് ഇപ്പോൾ ചമ്മലുള്ളു. എന്നാലും തിരിച്ചറിയുമ്പോൾ ഒരു സന്തോഷം തോന്നും.
പല വിദ്യാലയങ്ങളിലും തമ്പായിയമ്മ അതിഥിയായി പോയിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിഷനും പൂർത്തിയായിട്ടുണ്ട്. "ആവുന്നത്ര ഇതേപോലെ പോട്ടെ" - തമ്പായിയമ്മയുടെ വാക്കുകളിൽ ആത്മവിശ്വാസം. പരേതനായ നാരായണനാണ് ഭർത്താവ്. സജിത, ജയൻ എന്നിവർ മക്കളും.
Content Highlights: 73-year-old Thambaiyamma rose to fame through viral social media reels. She has created over 300 reels alongside her nephew, Ranjith. Her natural, rural acting style has garnered millions of views. Transitioned from a shy village woman to a confident content creator. Currently exploring opportunities in cinema after successful online popularity.