ദുഃസ്വപ്നംപോലെ ആ യാത്ര, വലതുകാല്‍ പോയിട്ടും അനന്തകൃഷ്ണന്റെ ഉന്നംപിഴച്ചില്ല

#കെ.സി. ഗിരീഷ് കുമാർ
അനന്തകൃഷ്ണൻ നീന്തൽക്കുളത്തിനരികിൽ
അനന്തകൃഷ്ണൻ നീന്തൽക്കുളത്തിനരികിൽ

പന്തളം (പത്തനംതിട്ട): മുട്ടിനുതാഴെ മുറിച്ചുമാറ്റിയ വലതുകാൽ കാണുമ്പോൾ 2019 -ലെ പുതുവർഷത്തെ മറക്കാൻ ശ്രമിക്കുകയാണ് അനന്തകൃഷ്ണൻ. വളരെയധികം ആഗ്രഹിച്ചുകിട്ടിയ സൈന്യത്തിലെ ജോലിപോലും നഷ്ടപ്പെടുമെന്ന ഭയം ഒരുവശത്ത്. വലതുകാൽ നഷ്ടപ്പെട്ടവേദന മറുവശത്ത്. ഇതുരണ്ടുംചേർന്നിട്ടും അനന്തകൃഷ്ണൻ തളർന്നില്ല, പകരം മുന്നോട്ടുകുതിച്ചു.

അംഗപരിമിതർക്കായുള്ള ദേശീയ പാരാ കായിക ചാമ്പ്യൻഷിപ്പിൽ നീന്തലിലും ഷൂട്ടിങ്ങിലും കരസേനയ്ക്കായി നേടിയ മെഡലുകൾ അതിന് സാക്ഷ്യം.

2015-ൽ 18-ാം വയസ്സിൽ കരസേനയുടെ മദ്രാസ് എൻജിനിയറിങ് റെജിമെന്റിൽ അംഗമായി. 2019 ജനുവരി ഒന്നിന് രാജസ്ഥാനിൽനിന്ന് നാട്ടിലേക്ക് വരുംവഴി ഗുജറാത്തിലെ വഡോദര റെയിൽവേസ്റ്റേഷനിലുണ്ടായ അപകടത്തിലാണ് വലതുകാൽ നഷ്ടപ്പെട്ടത്.

നാട്ടിലേക്കെന്നു കരുതി കയറിയ തീവണ്ടി മാറിപ്പോയ വിവരം അറിയുമ്പോഴേക്കും പ്ലാറ്റ്‌ഫോമിൽ പച്ചക്കൊടി പാറിയിരുന്നു. കൈയിലെ ബാഗ് പുറത്തേക്കിട്ട് പ്ലാറ്റ് ഫോമിലേക്ക് ചാടുന്നതിനിടെ തോളിലെ ബാഗിന്റെ വള്ളി തീവണ്ടിയുടെ കതകിൽ കുടുങ്ങി. പ്ലാറ്റ് ഫോം അവസാനിക്കുന്നതുവരെ തീവണ്ടിക്കിടയിലും പ്ലാറ്റ്‌ഫോമിനിടയിലും കുടുങ്ങിപ്പോയ പാദം അറ്റുപോയി.

നാവികസേനയുടെ അശ്വിനി ആശുപത്രിയിൽ ഏഴു ശസ്ത്രക്രിയ നടത്തി. മുട്ടിനുതാഴ്ഭാഗം നഷ്ടമായി.

പുണെയിലെ ആർട്ടിഫിഷ്യൽ ലിംബ്‌സ് സെന്ററിൽ വെപ്പുകാൽ പിടിപ്പിച്ചു. സേവനത്തിനിടയിലുള്ള അപകടമല്ലാത്തതിനാൽ കരസേനയിലേക്ക് തിരികെയുള്ള പ്രവേശനം ബുദ്ധിമുട്ടായിരുന്നു. എന്നാൽ, നീന്തലിൽ പ്രാഗല്‌ഭ്യം തെളിയിക്കാമെന്ന അഭ്യർഥന അവർ അംഗീകരിച്ചു. നിരന്തര പരിശീലനത്തിൽ അംഗപരിമിതിർക്കുള്ള ദേശീയ ചാമ്പ്യഷിപ്പിൽ 2020-’21-ൽ ദേശീയതലത്തിൽ വെങ്കലം നേടി.

നീന്തുന്നതിനിടെ കാലിൽ അണുബാധയുണ്ടായപ്പോൾ വീണ്ടും ശസ്ത്രക്രിയ. പിന്നീടാണ് ഷൂട്ടിങ്ങിലേക്ക് തിരിഞ്ഞത്. 2022-ൽ 10 മീറ്റർ മിക്‌സഡിൽ വെള്ളിയും 50 മീറ്ററിൽ സ്വർണവും നേടി.

2023-ലും സ്വർണം നേടി. ഇതിനിടെ പറന്തൽ സ്വദേശിനി അൻസു ജീവിതപങ്കാളിയായി. രണ്ടര വയസ്സുള്ള മകൾ റിതികയും ഒപ്പമുണ്ട്. മധ്യപ്രദേശിലെ മോവിലുള്ള കരസേനയുടെ മാർക്‌സ്മാൻഷിപ്പ് വിഭാഗത്തിലാണ് ഇപ്പോൾ സേവനം.

Content Highlights: soldier anantha krishnan, despite losing his leg in an accident, he moved forward in life