പാണക്കാട്ടുയരും നഗര പ്രാഥമികാരോഗ്യകേന്ദ്രം; ഭൂമി സൗജന്യമായി നല്‍കിയത് പാണക്കാട് തങ്ങള്‍ കുടുംബം

പാണക്കാട് നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിന് പാണക്കാട് തങ്ങള്‍ കുടുംബം സൗജന്യമായി നല്‍കിയ ഭൂമിയില്‍ പണിയുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, വി. അബ്ദുല്‍ഹമീദ് എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ സമീപം
പാണക്കാട് നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിന് പാണക്കാട് തങ്ങള്‍ കുടുംബം സൗജന്യമായി നല്‍കിയ ഭൂമിയില്‍ പണിയുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, വി. അബ്ദുല്‍ഹമീദ് എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ സമീപം

മലപ്പുറം: നഗരസഭയുടെ പാണക്കാട് നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിനു നിര്‍മിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് തങ്ങള്‍ കുടുംബം സൗജന്യമായി മലപ്പുറം പരപ്പനങ്ങാടി റോഡില്‍ പാണക്കാട് എടായിപ്പാലത്തിന് സമീപം നല്‍കിയ ഭൂമിയിലാണ് ആരോഗ്യകേന്ദ്രം പണിയുന്നത്. നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ചികിത്സയ്‌ക്കെത്തുന്ന ആശുപത്രി കഴിഞ്ഞ 10 വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മലപ്പുറം നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തുകളില്‍നിന്ന് നിരവധി രോഗികളാണ് ദിവസേന പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയിരുന്നത്.

മൂന്നുനിലകളില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഡോക്ടേഴ്സ് കണ്‍സള്‍ട്ടിങ് റൂം, ഒപി, ഫാര്‍മസി ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട കെട്ടിട നിര്‍മാണത്തിന് 2.10 കോടി രൂപ നിലവില്‍ നഗരസഭ അനുവദിച്ചു. ചുറ്റുമതിലും എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങളുമാണ് ആശുപത്രിയില്‍ നഗരസഭ തയ്യാറാക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നതില്‍ മലപ്പുറം നഗരസഭ കാണിക്കുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. പാണക്കാട് അബ്ബാസ് അലി തങ്ങള്‍, പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, പരി അബ്ദുല്‍ ഹമീദ്, പി.കെ. സക്കീര്‍ ഹുസൈന്‍, ആയിഷാബി ഉമ്മര്‍, ഇ.പി. സല്‍മ , ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: A new primary health center building built on land donated by the Panakkad family