തലമുതൽ ഇടുപ്പുവരെ 38 സ്‌ക്രൂകളും റോഡുകളും, നട്ടെല്ല് ശസ്ത്രക്രിയയിലൂടെ നിവർത്തി; അത്ഭുതമാണ് റെയ്ഷാൻ

#മനീഷാ പ്രശാന്ത്
മാലദ്വീപ് സ്വദേശി മുഹമ്മദ് റെയ്ഷാൻ കിംസ് ഹെൽത്തിലെ ഡോ. രജ്ഞിത്ത് ഉണ്ണിക്കൃഷ്ണനും മാതാപിതാക്കളായ അഹമ്മദിനും ആമിനത്തിനുമൊപ്പം
മാലദ്വീപ് സ്വദേശി മുഹമ്മദ് റെയ്ഷാൻ കിംസ് ഹെൽത്തിലെ ഡോ. രജ്ഞിത്ത് ഉണ്ണിക്കൃഷ്ണനും മാതാപിതാക്കളായ അഹമ്മദിനും ആമിനത്തിനുമൊപ്പം

തിരുവനന്തപുരം: തലമുതൽ ഇടുപ്പുവരെ 38 സ്‌ക്രൂവും പ്രത്യേകതരം റോഡുകളും ഘടിപ്പിച്ചാണ് മുഹമ്മദ് റെയ്ഷാൻ നിവർന്നിരിക്കുന്നത്. നട്ടെല്ലുയർത്തി നിവർന്നിരിക്കാൻ എല്ലാം സഹിക്കാൻ തയ്യാറായ റെയ്ഷാൻ ചികിത്സിച്ച ഡോക്ടർക്കുതന്നെ അത്ഭുതം. ചികിത്സതേടി മാലദ്വീപ് സ്വദേശിയായ ഈ 23-കാരൻ കിംസ് ആശുപത്രിയിലെത്തുന്പോൾ കൈവിരലുകൾക്കു മാത്രമാണ് ചലനശേഷിയുണ്ടായിരുന്നത്.

ന്യൂറോ മസ്‌കുലർ സ്‌കോളിയോസിസ് എന്ന അപൂർവ രോഗാവസ്ഥയാണ് റെയ്ഷാന്. പത്തുമണിക്കൂർവരെ നീളുന്ന ശസ്ത്രക്രിയയ്ക്കിടെ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ ഓർത്തോപീഡിക് സൈ്പൻ സർജൻ ഡോ. രജ്ഞിത്ത് ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. ചിരിയോടെ വിശദാംശങ്ങൾ കേട്ടറിഞ്ഞ റെയ്ഷാൻ മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

സ്‌കോളിയോസിസ് എന്ന അവസ്ഥയ്ക്ക് ശസ്ത്രക്രിയ പതിവാണെങ്കിലും ഇത്രയും സ്‌ക്രൂ ഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് ഡോ. രജ്ഞിത്ത് വിശദീകരിച്ചു. വളഞ്ഞിരുന്ന നട്ടെല്ല് ശസ്ത്രക്രിയയിലൂടെ നിവർത്തുകയായിരുന്നു.

ബ്രോഡ് കൊബാൾ ക്രോമിയം എന്ന ലോഹമാണ് റോഡായി ഉപയോഗിച്ചിരിക്കുന്നത്. എം.ആർ.ഐ. സ്കാനിങ്ങിൽ ഉൾപ്പെടെ ലോഹക്കഷണങ്ങൾ തെളിഞ്ഞ് കാണില്ലെന്നതാണ് പ്രത്യേകത. ആജീവനാന്തം ശരീരത്തിനുള്ളിൽ സൂക്ഷിക്കാനുമാകും.

ചക്രക്കസേരയിൽ ഇപ്പോൾ നിവർന്നിരിക്കാനാവുന്ന മുഹമ്മദ് റെയ്ഷാന്റെ മുഖത്ത് നിറയെ ചിരിയാണ്. വാക്കുകളിൽ ആത്മവിശ്വാസവും. പരസഹായമില്ലാതെ നിവർന്നിരിക്കണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ ഇപ്പോൾ.

ആറാം മാസത്തിലാണ് റെയ്ഷാന് സ്‌പൈനൽ മസ്‌കുലർ അട്രോഫി (ടൈപ്പ്-2) ആണെന്ന് തിരിച്ചറിഞ്ഞത്. സൗകര്യങ്ങൾ കുറവായതിനാൽ മതിയായ ചികിത്സ കിട്ടിയില്ല. കാലക്രമേണ ന്യൂറോ മസ്‌കുലർ സ്‌കോളിയോസിസ്‌ എന്ന അവസ്ഥയിലായി. നിവർന്നിരിക്കാൻ ശ്രമിച്ചാൽ ഒരുവശത്തേക്കു വളഞ്ഞ് മുന്നോട്ടുവീഴും. ഈ അവസ്ഥയിലാണ് കിംസിൽ ചികിത്സതേടിയെത്തിയത്. ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയ്ക്കായി മാലദ്വീപ് സർക്കാരിന്റെ ധനസഹായമുണ്ട്. എൻജിനീയർ ആയിരുന്ന അഹമ്മദിന്റെയും ആമിനത്തിന്റെയും നാലുമക്കളിൽ ഇളയ കുട്ടിയാണ് റെയ്ഷാൻ. മകനെപ്പോലെ പരിമിതികളിൽ ബുദ്ധിമുട്ടുന്നവർക്കുവേണ്ടി പ്രവർത്തിക്കാൻ അഹമ്മദും മറ്റ് മാതാപിതാക്കളും ചേർന്ന് മാലദ്വീപ്‌സ് അസോസിയേഷൻ ഫോർ ഡിസെബിലിറ്റീസ് എന്ന എൻ.ജി.ഒ. നടത്തുന്നുണ്ട്. എത്തിപ്പിടിക്കാൻ സ്വപ്നങ്ങളേറെയുണ്ടെന്ന് റെയ്ഷാൻ പറയുന്നു. സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടുകയെന്നതാണ് പ്രധാന ലക്ഷ്യം.

Content Highlights: Muhammed Raishan- Iron Man from head to hips