അച്ചന്റെ കൂടെയുണ്ടെപ്പോഴും ഈ അപ്പച്ചൻ; ഇതു പുതിയ പെസഹാ

ഫാ.ബൈജു കാഞ്ഞിരത്തിങ്കല്‍ പിതാവ്
ജോസഫിനൊപ്പം പള്ളിമേടയില്‍.
ഒല്ലൂർ: കോവിഡ്കാലത്ത് നടന്ന പെസഹാശുശ്രൂഷകളും അന്നത്തെ തിരുകർമങ്ങളുമാണ് ഫാ. ബൈജു കാഞ്ഞിരത്തിങ്കലിന് ഇന്നും അവിസ്മരണീയം. അന്ന് കോടന്നൂർ പള്ളിയിൽ വികാരിയാണ്. പള്ളികൾ അടച്ചിട്ട അക്കാലത്ത് സ്വന്തം പിതാവിന്റെ കാൽകഴുകൽ ശുശ്രൂഷ നടത്തിയാണ് ഇദ്ദേഹം പെസഹായിലെ തിരുകർമം അനുഷ്ഠിച്ചത്.
ഒരു വ്യാഴവട്ടമായി വികാരിയായി സ്ഥലംമാറിപ്പോകുന്ന എല്ലാ ഇടവകപ്പള്ളികളിലേക്കും 87 വയസ്സുള്ള അപ്പച്ചൻ ജോസഫിനെയും കൂടെ കൊണ്ടുപോകും. പള്ളിമേടയിൽ മകനൊപ്പമാണ് ജോസഫിന്റെ ജീവിതം. വാർധക്യകാലത്ത് തനിച്ചായ ജോസഫിനെ പരിചരിക്കാൻ ആരുമില്ലാത്തതാണ് കാരണം. പന്ത്രണ്ടുവർഷംമുൻപ് വല്ലച്ചിറ പള്ളിയിലേക്ക് സ്ഥലംമാറിവന്നതോടെയാണ് ഇതു തുടങ്ങിയത്.
നടത്തറ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോസഫ്-റോസി ദമ്പതിമാർക്ക് മൂന്ന് മക്കളാണ്. മൂത്തമകൾ സിസ്റ്റർ ബീന ഒ.എസ്.എഫ്. സന്ന്യാസിനിസമൂഹാംഗമാണ്. ദീർഘകാലം ഉത്തരേന്ത്യയിൽ മിഷണറിയായിരുന്നു. ഇപ്പോൾ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ. രണ്ടാമത്തെ മകൻ ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ സി.എം.ഐ. ബെംഗളൂരു സെയ്ൻറ് തോമസ് പള്ളിവികാരിയാണ്.
റോസി മരിച്ചതോടെ ജോസഫ് വീട്ടിൽ തനിച്ചായി. നാലുവർഷം ഒറ്റയ്ക്ക് കഴിഞ്ഞെങ്കിലും പിന്നീട് അവശതയായി. അപ്പച്ചനെ മറ്റെവിടെയെങ്കിലും നിർത്താൻ ഫാ. ബൈജുവിനും മനസ്സുവന്നില്ല. ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ അതിരൂപത മെത്രാൻ ആൻഡ്രൂസ് താഴത്താണ് മകനൊപ്പം പിതാവിനും താമസിക്കാൻ അനുമതി നൽകിയത്. പള്ളിമേടയിൽ ഇവർക്ക് താഴെനിലയിൽ താമസസൗകര്യത്തിനും നിർദേശം നൽകി. അത്യപൂർവമാണിത്. പിന്നീട് വരടിയം, കോടന്നൂർ പള്ളികളിലേക്ക് സ്ഥലംമാറിയപ്പോഴും അപ്പച്ചൻ ഒപ്പമുണ്ടായി.
ഫാ. ബൈജു ഇപ്പോൾ വെട്ടുകാട് സെയ്ൻറ് ജോസഫ്സ് പള്ളിവികാരിയാണ്. ജോസഫിനെ കുളിപ്പിക്കാനും ഭക്ഷണവും മരുന്നും നൽകാനും മുടി വെട്ടാനും ഷേവ് ചെയ്യാനുമൊക്കെ തിരക്കിനിടയിലും ബൈജു അച്ചൻ സമയം കണ്ടെത്തുന്നു. ആറുമാസംമുമ്പ് ശ്വാസതടസ്സംമൂലം ജോസഫിന് കഴുത്തിൽ ശസ്ത്രക്രിയ നടത്തി. നടത്തവും സംസാരവും ബുദ്ധിമുട്ടാണ്. പുറത്തിറങ്ങാൻ പരസഹായം വേണം. മറ്റ് രണ്ട് മക്കളും ഇടയ്ക്ക് അപ്പച്ചനെ കാണാനെത്തും.
Content Highlights: