അന്‍പതാം വയസ്സില്‍ പത്താംക്ലാസ്; പിന്നാലെ പ്ലസ്ടുവും ബിഎയും എംഎയും; 60-ാം വയസ്സില്‍ അബ്ദുള്‍കരീം ബാഖവി പിഎച്ച്ഡിയിലേക്ക്

#പി.എ. ബാബു
അബ്ദുൾകരീം ബാഖവി
അബ്ദുൾകരീം ബാഖവി

എടക്കര(മലപ്പുറം): പത്തുകൊല്ലംമുന്‍പ്, അന്‍പതാംവയസ്സില്‍ തുല്യതാപരീക്ഷ എഴുതി പത്താംക്ലാസ് പാസായ അബ്ദുള്‍കരീം ബാഖവി ഇപ്പോള്‍ നെറ്റ് പരീക്ഷയും പാസായി.

എടക്കര ഗവ. ഹൈസ്‌കൂളില്‍നിന്ന് തുല്യതാപഠന കോഴ്സിലൂടെ 2015-ലാണ് ഇദ്ദേഹം പത്താംക്ലാസ് ജയിച്ചത്. പിന്നെ 'തുല്യത'യിലൂടെതന്നെ പ്ലസ്ടു വിജയിച്ചു. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിദൂരവിദ്യാഭ്യാസമായി അറബിക്കില്‍ ബിഎയും എംഎയും മികച്ചനിലയില്‍ വിജയിച്ചു.

തണ്ണിക്കടവ് തെരട്ടിക്കുത്ത് അബ്ദുള്‍കരീം ബാഖവി എന്ന മദ്രസ അധ്യാപകന്‍ ഇനി പിഎച്ച്ഡി പഠനത്തിലേക്കു കടക്കുകയാണ്. സൂഫിസത്തെക്കുറിച്ചുള്ള ഗവേഷണപഠനമാണ് ലക്ഷ്യം. കാലിക്കറ്റ് സര്‍വകലാശാലാ അറബി വകുപ്പില്‍ സിനോപ്സിസ് സമര്‍പ്പിച്ചു. പണ്ഡിതനായ കക്കാട് മുഹമ്മദ് ഫൈസിയാണ് സൂഫി മാര്‍ഗത്തിലേക്കും പഠനത്തിലേക്കും വഴികാട്ടിയായത്.

കുട്ടിയായിരുന്ന കാലത്ത് ഉപ്പട ചെമ്പന്‍കൊല്ലിയിലായിരുന്നു താമസം. 20 കിലോമീറ്റര്‍ അകലെയുള്ള ചുങ്കത്തറയിലായിരുന്നു ആദ്യകാല പഠനം. അവിടേക്ക് എത്തിച്ചേരാനുള്ള പ്രയാസമായിരുന്നു അന്ന് പഠനത്തിനു വില്ലനായത്. കുട്ടിക്കാലത്ത് അങ്ങനെ പഠനം പാതിവഴിയില്‍ മുടങ്ങി.

പിന്നീട് മതപഠനത്തിലേക്കു തിരിഞ്ഞു. പെരുമ്പടപ്പ് പുത്തന്‍പള്ളി അറബിക് കോളേജ്, എരമംഗലം അല്‍ഫുര്‍ഖാന്‍ അറബിക് കോളേജ്, വയനാട് ഷംസുല്‍ ഉലമ അക്കാദമി എന്നിവിടങ്ങളില്‍ മതാധ്യാപകനായി. മാറാഞ്ചേരി ക്രസന്റ് സ്‌കൂള്‍, കൊല്ലം അന്‍വാര്‍ശേരി സ്ഥാപനങ്ങളില്‍ അധ്യാപകനായും മാനേജരായും ജോലിചെയ്തു. ഇപ്പോള്‍ എടക്കര പൂവത്തിക്കല്‍ മദ്രസയില്‍ അധ്യാപകനാണ്. പഠനം തുടരുമെന്ന് കരീം ബാഖവി പറഞ്ഞു.

Content Highlights: Abdul Kareem Baqavi, a Madrasa teacher from Edakkara, Malappuram, achieved his 10th grade at 50 and has now cleared the NET exam. He aims for a PhD in Sufism.