സബിയക്ക് ജനനസർട്ടിഫിക്കറ്റായി; ട്രാൻസ്‌ജെൻഡർ ദമ്പതിമാർ ‘രക്ഷിതാക്കൾ’

#ന്യൂസ് ഡെസ്ക്
ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ സിയയും സഹദും മകൾ സബിയക്കൊപ്പം
ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ സിയയും സഹദും മകൾ സബിയക്കൊപ്പം

കോഴിക്കോട്: മൂന്നുവർഷംമുൻപ്‌ സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലൂടെ ആദ്യമായി ‘രക്ഷിതാക്കൾ’ എന്ന വിഭാഗത്തിലേക്കും അവർ മാറി. നിയമപോരാട്ടത്തിനൊടുവിലാണ് കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിനുപകരം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്താൻ അനുമതി ലഭിച്ചത്. അതുപ്രകാരം കോർപ്പറേഷനിൽനിന്ന് ‘സബിയയുടെ രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ലഭിച്ചു.

സഹദ് പുരുഷനായും സിയ സ്ത്രീയായും മാറാനുള്ള ചികിത്സകൾ തുടങ്ങിയപ്പോഴാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഇരുവർക്കുമുണ്ടായത്. തുടർന്ന് ചികിത്സ പകുതിയിൽ നിർത്തി കുഞ്ഞിനായുള്ള തയ്യാറെടുപ്പ് തുടങ്ങി. അങ്ങനെ 2023 ഫെബ്രുവരി എട്ടിന് സബിയ സഹദ് പിറന്നു.

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെസ്ഥാനത്ത് സഹദിന്റെയും അമ്മയുടെ പേരിന്റെസ്ഥാനത്ത് സിയയുടെയും പേരുവേണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ, കുഞ്ഞിന് ജന്മംനൽകിയ സഹദിന്റെ പേര് മാതാവെന്നും സിയയുടെ പേര് പിതാവെന്നും രേഖപ്പെടുത്താനേ പറ്റൂ എന്നായിരുന്നു അധികൃതർ നൽകിയ മറുപടി. തുടർന്ന് ജനനസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഇവർ കോടതിയെ സമീപിച്ചു.

അതുപ്രകാരം രക്ഷിതാക്കൾ എന്ന കോളംകൂടി ജനനസർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജൂണിലാണ് ഉത്തരവായത്. ഇത്തരത്തിൽ അച്ഛനമ്മമാരാകുന്ന എല്ലാ ട്രാൻസ്‌ജെൻഡർ ദമ്പതിമാർക്കും പരിരക്ഷകിട്ടുന്നരീതിയിലായിരുന്നു ഉത്തരവ്.

നിലവിൽ കെ-സ്മാർട്ട് സോഫ്റ്റ്‌വേർ വഴിയാണ് ജനനസർട്ടിഫിക്കറ്റ് നൽകുന്നത്. ഉത്തരവ് പ്രകാരമുള്ള മാറ്റം കെ-സ്മാർട്ടിലും വരുത്തിയതോടെയാണ് കഴിഞ്ഞദിവസം ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് സിയ പറഞ്ഞു. കോഴിക്കോട്ടുകാരിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ഇപ്പോൾ കക്കോടിയിലാണ് താമസം.

Content Highlights: Zahad and Ziya Paval achieved legal recognition as 'Parents' on their child's birth certificate., The Kerala High Court mandate allows for gender-neutral terminology in birth registrations., The change was implemented via the K-Smart software system in 2026., This sets a legal precedent for all transgender couples in India seeking inclusive documentation.