'ആലീസ് ഇൻ റിട്ടയർമെന്റ് ലൈഫ്', വേറെ ലെവലാണ്; യൂട്യൂബ്ചാനലും അഭിനയവും യാത്രകളുമായി ടീച്ചർ തിരക്കിലാണ്

കാഞ്ഞിരപ്പള്ളി: അധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ചെങ്കിലും ആലീസ് ടീച്ചറിന് വിശ്രമമില്ല. യൂട്യൂബ് ചാനലും അഭിനയവും യാത്രകളുമായി ടീച്ചര്‍ തിരക്കിലാണ്. കാഞ്ഞിരപ്പള്ളി സെയ്ന്റ് മേരീസ് സ്‌കൂളില്‍നിന്ന് ആറുവര്‍ഷം മുമ്പാണ് വിദ്യാര്‍ഥികളുടെ ടീച്ചറമ്മയായ 19-ാംമൈല്‍ കൂനംപാലയില്‍ ആലീസ് സെന്‍ വിരമിച്ചത്. വിരമിക്കലിന് മുമ്പ് ടീച്ചറുടെ നേതൃത്വത്തില്‍ 1000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത തിരുവാതിരയും നസ്രാണി മങ്ക മത്സരവും ശ്രദ്ധനേടിയിരുന്നു. വിരമിക്കല്‍ ചടങ്ങിന് വിദ്യാര്‍ഥികളടക്കം ടീച്ചറെ യാത്രയാക്കാന്‍ വീട്ടിലെത്തി.
ചുരുക്കംചില അധ്യാപകര്‍ക്കുമാത്രം ലഭിക്കുന്ന ഭാഗ്യം. വിരമിക്കലിനുശേഷമുള്ള വിശ്രമജീവിതം ആനന്ദകരമാക്കുന്നതിന് വിദ്യാര്‍ഥികളുടെ ആശയമായിരുന്നു യുട്യൂബ് ചാനല്‍. ആലീസ് കിച്ചണ്‍ എന്നപേരില്‍ തുടങ്ങിയ ചാനല്‍ എകെ വ്‌ളോഗ്സ് എന്നാണ് അറിയപ്പെടുന്നത്. പതിനായിരത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള ചാനല്‍ യുട്യൂബിലും ഹിറ്റാണ്.
വിദ്യാര്‍ഥികളോടുള്ള ഇഷ്ടംപോലെതന്നെ ടീച്ചര്‍ക്ക് യാത്രകളോടും പ്രിയമാണ്. ഇതുവരെ 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിരമിച്ചശേഷമാണ് പലരാജ്യങ്ങളും സന്ദര്‍ശിച്ചത്. ഒരോ യാത്രയും ഒരോ അനുഭവമാണ് നല്‍കുന്നതെന്ന് ടീച്ചര്‍ പറയുന്നു. കലോത്സവങ്ങളില്‍ വിദ്യാര്‍ഥികളെ ഒരുക്കുന്നതിനും നാടകം പഠിപ്പിക്കുയും ചെയ്ത ടീച്ചര്‍ ഇപ്പോള്‍ അഭിനയത്തിലും ഒരു കൈ നോക്കുകയാണ്.
പാത്തുമ്മയുടെ ആട് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് മാമുക്കോയ മെമ്മോറിയല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം അവാര്‍ഡിനും അര്‍ഹയായി. ഇപ്പോള്‍ സീരിയല്‍ ബാലതാരം ശിവാനിയൊടൊപ്പം ആല്‍ബത്തില്‍ അഭിനയിച്ചു. ഗായിക സിത്താര ആലപിച്ച് ഷാന്‍ ചാര്‍ളി സംവിധാനം ചെയ്യുന്ന ആല്‍ബം ഉടന്‍ പുറത്തിറങ്ങും.
പുനലൂര്‍ സെയ്ന്റ് ഗൊരേറ്റി സ്‌കൂളില്‍ അധ്യാപനജീവിതത്തിന്റെ തുടക്കം കുറിച്ച ടീച്ചര്‍ എരുമേലി സെയ്ന്റ് തോമസ്, കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ്, കൂവപ്പള്ളി സെയ്ന്റ് ജോസഫ്സ് എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോഴും വിദ്യാര്‍ഥികളുമായി മികച്ച ബന്ധം തുടരുന്നു. പലര്‍ക്കും പഠനച്ചെലവിനായുള്ള സഹായവും നല്‍കുന്നു. ഭര്‍ത്താവ് തോമസ് മാത്യുവും മകന്‍ കെവിന്‍ തോമസവും പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights: alice teacher enjoying her retirement life with youtube channel acting and trips good news