ബൈക്കപകടം വിഷ്ണുവിനെ വീഴ്ത്തിയെങ്കിലും 10 വര്‍ഷമായി കുടുംബം വീഴാതെ കാത്ത് സൗഹൃദക്കൂട്ടായ്മ

വിഷ്ണു, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസനും സുഹൃത്തുക്കൾക്കുമൊപ്പം
വിഷ്ണു, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസനും സുഹൃത്തുക്കൾക്കുമൊപ്പം

കുന്നംകുളം: പഴുന്നാന കൊട്ടിലിങ്ങൽ വിഷ്ണു ബൈക്ക് അപകടത്തിൽ വീണുപോയിട്ട് പത്തുവർഷമായി. അന്നുമുതൽ കൂട്ടുകാരുടെ കരുതൽ ഈ കുടുംബത്തിന് തണലാകുന്നു. എല്ലാമാസവും സൗഹൃദക്കൂട്ടായ്മ 5000 രൂപ വീതം വിഷ്ണുവിനായി നൽകുന്നു. സഹോദരിമാരുടെ പഠനത്തിനും സഹായം നൽകി. ഓണത്തിനും വിഷുവിനുമെല്ലാം പുതുവസ്ത്രങ്ങളും ഈ കുടുംബത്തിലേയ്ക്കെത്തും. വിഷ്ണുവിന്റെ രണ്ടാമത്തെ സഹോദരിയുടെ, ഞായറാഴ്ച നടക്കുന്ന വിവാഹത്തിന് അഞ്ചു പവൻ സ്വർണാഭരണങ്ങളും മറ്റുള്ളവരുടെ സഹായത്താൽ ഈ സൗഹൃദക്കൂട്ടായ്മ സമ്മാനിച്ചു. മൂത്തസഹോദരിയുടെ വിവാഹസമയത്തും അഞ്ചുപവൻ നൽകിയിരുന്നു.

2014 ഡിസംബറിൽ കിഴൂർ പൂരത്തിന്റെ തലേന്നാൾ ഗാനമേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കെ.എ. കുമാരന്റെയും പ്രീതിയുടെയും മൂത്തമകനായ വിഷ്ണുവിനെ വാഹനാപകടം വീഴ്ത്തിയത്. ബൈക്ക് തെന്നിവീണ് പരിക്കേറ്റ വിഷ്ണു ദീർഘകാലം ചികിത്സയിലായി. ജീവൻ നിലനിർത്തിയെങ്കിലും ശരീരം പൂർണമായും തളർന്ന് കിടപ്പിലായി.

2015 ജനുവരിയിലാണ് വിഷ്ണുവിനോടൊപ്പം പഠിച്ചവർ മരത്തംകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒത്തുച്ചേർന്നത്. കുടുംബത്തിന് ഓരോ മാസവും സഹായം നൽകാനും സഹോദരിയുടെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു. ഈ തുക എല്ലാ മാസവും വിഷ്ണുവിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തുന്നുണ്ട്.

സഹപാഠികളുടെ കൂട്ടായ്മ സ്വരൂപിച്ച 50,000 രൂപയും ചെന്നൈയിലെ വ്യവസായി തന്റെ മാതാവിന്റെ ഒന്നാം ചരമവാർഷിക ദിനത്തിന് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലുൾപ്പെടുത്തി മൂന്നുപവൻ സ്വർണാഭരണങ്ങളും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളുടെ തുകയും ചേർത്താണ് വിവാഹത്തിനുള്ള അഞ്ചുപവന്റെ ആഭരണങ്ങൾ സംഘടിപ്പിച്ചത്.

വിദേശത്തുള്ള മുഹമ്മദ് ശരീഫ്, വി.എച്ച്. ജുസൈർ, നാട്ടിലുള്ള മുഹമ്മദ് സഹിദ് അഹ്‌സനി, മുഹമ്മദ് ജലാൽ എന്നിവരാണ് സഹപാഠി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ വിവാഹത്തിനുള്ള സ്വർണാഭരണങ്ങൾ വിഷ്ണുവിന് കൈമാറി.

Content Highlights: കുന്നംകുളം: പഴുന്നാന കൊട്ടിലിങ്ങൽ വിഷ്ണു ബൈക്ക് അപകടത്തിൽ വീണുപോയിട്ട് പത്തുവർഷമായി. അന്നുമുതൽ കൂട്ട