കൺനിറയെ കാൺക കൺമണീ... സഹായങ്ങളും പ്രാർത്ഥനകളും ഫലംകണ്ടു; കുഞ്ഞ് അദ്വൈതയ്ക്ക് ഇനി കണ്ണുനിറയെ കാണാം

തിരുവനന്തപുരം: കുഞ്ഞ് അദ്വൈതയ്ക്ക് ബാൻഡേജിന്റെ വേലിയില്ലാതെ ഇപ്പോൾ ലോകം കാണാം. അച്ഛനോടും അമ്മയോടും അമ്മൂമ്മയോടും ചിരിച്ചും കൊഞ്ചിയും അവൾ പിച്ചവെച്ചു തുടങ്ങി. വീടിന്റെ ഉമ്മറത്ത് പിങ്ക് നിറത്തിലുള്ള പാവയുമായി കളിക്കാനാണ് അവൾക്കിപ്പോൾ ഏറെയിഷ്ടം.
നേത്രഗോളങ്ങൾ പുറത്തേക്ക് വരുന്ന അപൂർവരോഗം ബാധിച്ച ഒരുവയസ്സുകാരി അദ്വൈതയുടെ ദുരിതം 2025 ഒക്ടോബറിലാണ് ’മാതൃഭൂമി’ പ്രസിദ്ധീകരിച്ചത്. ഒട്ടേറെപ്പേരുടെ സഹായത്തിൽ 12 ശസ്ത്രക്രിയകൾക്കും മാസങ്ങളുടെ ആശുപത്രിവാസത്തിനുംശേഷം അദ്വൈതയും കുടുംബവും തിരികെ വീട്ടിലെത്തി.
തലയോട്ടി ഇളക്കിചെയ്ത ഒൻപതോളം ശസ്ത്രക്രിയകൾക്കൊടുവിൽ നേത്രഗോളങ്ങൾ അതിന് ചുറ്റുമുള്ള പേശികളിൽചേർന്ന് ദൃഢമായി. കണ്ണുകൾ ഒന്നര സെന്റീമീറ്റർ ഉള്ളിലേക്ക് മാറി. ചികിത്സ പൂർത്തിയാവുമ്പോൾ സാധാരണനിലയിലേക്ക് നേത്രഗോളങ്ങളെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൈകൾ നേരേ നിവർത്താനാവാത്തതിനാൽ അതിനുള്ള ശസ്ത്രക്രിയ ഇനിചെയ്യണം. തലയിലെ തുന്നലുകളെല്ലാം എടുത്ത് ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെട്ടശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് അമൃതാ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഇതുവരെ 55 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയത്തെുടർന്ന് ഒട്ടേറെപ്പേർ ചികിത്സയ്ക്ക് സഹായംനൽകി. കുട്ടിയുടെ അച്ഛൻ നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സായികൃഷ്ണനും അമ്മ സജിനിയും സഹായിച്ചവരോടെല്ലാം നന്ദി പറയുകയാണ്. ഇതേ രോഗാവസ്ഥയിലൂടെ കടന്നുപോയ അദ്വൈതയുടെ ഇരട്ട സഹോദരി അർഥിത മരിച്ചിരുന്നു.
വെല്ലുവിളി നിറഞ്ഞ ചികിത്സ
അദ്വൈതയുടെ ചികിത്സാ വെല്ലുവിളി നിറഞ്ഞതായിരുന്നു. കുട്ടിയുടെ തലച്ചോറ്, മുഖം എന്നിവയ്ക്ക് പ്രാധാന്യംനൽകിയുള്ള ചികിത്സയാണ് ഇപ്പോൾ കൊടുക്കുന്നത്. കുട്ടിയുടെ ജീവിതകാലം മുഴുവൻ മുൻകൂട്ടി കണ്ടാണ് ചികിത്സ. ഇത്തരം അവസരങ്ങളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണവലിയ ഘടകമാണ്. – പ്രൊഫ. ഡോ. സുഹാസ് ഉദയകുമാരൻ, പീഡിയാട്രിക് ന്യൂറോ സർജറി ആൻഡ് ക്രേനിയോ ഫേഷ്യൽ സർജറി വിഭാഗം, അമൃതാ ആശുപത്രി, കൊച്ചി.
Content Highlights: Baby Advaita successfully recovered from a rare eye condition after 12 surgeries. Treatment involved complex cranial surgeries at Amrita Hospital. Over 55 lakhs raised through public support and media coverage. Further physical therapy and hand surgeries planned for 2026. Medical team emphasizes the importance of community support in pediatric recovery.