അരിപ്പയില്‍ ചായക്കറ പറ്റിപ്പിടിച്ചിരിക്കുന്നോ?; എളുപ്പത്തില്‍ നീക്കം ചെയ്യാം

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ഇന്ത്യക്കാരുടെ സംസ്‌കാരത്തില്‍ തന്നെ അലിഞ്ഞുചേര്‍ന്നതാണ് ചായ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഉന്മേഷം ലഭിക്കാന്‍ ചായ കുടിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ചായ കുടിക്കുന്നതുപോലെതന്നെ നല്ല ചായ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ചായ ഉണ്ടാക്കുമ്പോള്‍ അതിനടിയിലെ ചായപ്പൊടിയുടെ മട്ട് പലര്‍ക്കും ഇഷ്ടമല്ല. ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചുകളയാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചായക്കറ അരിപ്പയില്‍ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. 

കാലപ്പഴക്കം ഏറുംതോറും ചായയുടെ കറ അരിപ്പയില്‍നിന്ന് നീക്കം ചെയ്യാന്‍ പ്രയാസമാണ്. എന്നാല്‍, അരിപ്പയില്‍നിന്ന് ചായക്കറ നീക്കം ചെയ്തില്ലെങ്കില്‍ അത് രുചിയെ മാത്രമല്ല, ആരോഗ്യത്തേയും ബാധിക്കും. അരിപ്പയില്‍ പിടിച്ചിരിക്കുന്ന ചായക്കറയില്‍ ബാക്ടീരയും മറ്റ് അണുക്കളും വളരുകയും അതുവഴി ചായയുടെ രുചിയെ ബാധിക്കുകയും ചെയ്യും.

പ്ലാസ്റ്റികോ സ്റ്റീലോ, ഏതാണ് നല്ലത്?

പ്ലാസ്റ്റിക് അരിപ്പകള്‍ക്ക് വിലകുറവാണെങ്കിലും സ്റ്റീല്‍ കൊണ്ടുള്ളവയാണ് കൂടുതല്‍ സുരക്ഷിതം. സ്‌റ്റെയിന്‍ലെസ് സ്റ്റീലിന്റെ അരിപ്പകളും സില്‍വറും പിച്ചളയും ചേര്‍ന്ന അരിപ്പകളുമെല്ലാം വിപണിയിലുണ്ട്.
  1. സാധാരണ ഡിഷ്‌വാഷിങ് ലിക്വിഡ് ഉപയോഗിച്ച് അരിപ്പ വൃത്തിയാക്കാവുന്നതാണ്. ശേഷം പൈപ്പുവെള്ളത്തില്‍ കഴുകുകയും അഞ്ച് മിനിട്ട് സമയം ചൂടുവെള്ളത്തില്‍ മുക്കിവെയ്ക്കുകയും ചെയ്യാം. പിന്നീട് ഇത് തണുത്ത വെള്ളത്തില്‍ ഒന്നുകൂടി കഴുകിയെടുക്കുമ്പോല്‍ ദീര്‍ഘനാളായുള്ള കറകള്‍ നീക്കം ചെയ്യപ്പെടും. ചായ ഉണ്ടാക്കിക്കഴിഞ്ഞ ഉടന്‍തന്നെ അരിപ്പ കഴുകിവെച്ചാല്‍ ഒരുപരിധിവരെ കറകള്‍ ഉണ്ടാവില്ല.
  2. അടുത്തത് ബേക്കിങ് സോഡയാണ്. ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ് സോഡ 4-5 ടേബിള്‍സ്പൂണ്‍ ചൂടിവെള്ളത്തില്‍ കലക്കി ഒരു വലിയ പാത്രത്തിലേക്ക്ക പകരുക. ഇതിനുള്ളിലേക്ക് അരിപ്പ അഞ്ചാറ് മണിക്കൂര്‍ മുക്കിവെയ്ക്കണം. ശേഷം പഴയ ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് അരിപ്പ നന്നായി ഉരച്ചെടുക്കണം. ഇങ്ങനെ ചെയ്യുന്നത് കറകള്‍ കളയുന്നതിന് ഫലപ്രദമാണ്.
  3. ഒരു കപ്പ് തണുത്ത വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ബ്ലീച്ച് കലര്‍ത്തി വലിയ ഒരു പാത്രത്തിലേക്ക് പകര്‍ന്ന് അരിപ്പ അതിലേക്ക് മുക്കിവെയ്ക്കുക. പിന്നീട് ടൂത്ത്ബ്രഷുകൊണ്ട് ഉരച്ചെടുക്കുമ്പോള്‍ കറകള്‍ പൊയ്‌ക്കോളും. എന്നാല്‍, ബേക്കിങ് സോഡ വിദ്യ ഫലിച്ചില്ലെങ്കില്‍ മാത്രമാണ് ബ്ലീച്ച് ഒഴിക്കുന്നതിലേക്ക് തിരിയേണ്ടത്.
  4. അടുത്തത് ആല്‍ക്കഹോളാണ്. കറകള്‍ നീക്കം ചെയ്യാനുള്ള കഴിവ് ആല്‍ക്കഹോളിനുണ്ട്. ആല്‍ക്കഹോളും വെള്ളവും 1:4 എന്ന് അനുപാതത്തില്‍ മിക്‌സ് ചെയ്തശേഷം ഒരു രാത്രി മുഴുവന്‍ അരിപ്പ ഈ മിശ്രിതത്തില്‍ മുക്കിവെയ്ക്കുക. രാവിലെ, സാധാരണ വെള്ളമുപയോഗിച്ച് അരിപ്പ കഴുകിയെടുക്കുക.
  5. ഇനി വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വിദ്യ അരിപ്പ സ്റ്റൗവിന്റെ ബര്‍ണറില്‍ വെച്ചശേഷം തീ കത്തിക്കുക. ഇത് അരിപ്പയിലുള്ള കറകളും അവശിഷ്ടങ്ങളുമെല്ലാം കരിച്ചുകളയും. ഇങ്ങനെ ചെയ്തശേഷം സ്ഥിരം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകിയെടുത്താല്‍ കറകള്‍ എളുപ്പത്തില്‍ ഇളകിപ്പോവും.

Content Highlights: tips to remove stain from tea strainer