ചെള്ള് ശല്യമോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ചെള്ളുശല്യം. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയുടെയെല്ലാം രക്തം ഭക്ഷിച്ച് ജീവിക്കുന്ന ഒരുതരം പാരസൈറ്റിക് ജീവികളാണ് ചെള്ളുകള്‍. ജീവികളില്‍ പല തരത്തിലുള്ള അലര്‍ജികളും ഗുരുതരമായ രോഗങ്ങള്‍ വരേയും ചെള്ളുകള്‍ ഉണ്ടാക്കാറുണ്ട്. അതിനാല്‍, വീട്ടിനുള്ളില്‍ ചെള്ളുകളെ കണ്ടാല്‍ അവയെ നീക്കം ചെയ്യേണ്ടത് അത്യാവശമാണ്. 

ചെള്ള് പെറ്റുപെരുകിയാല്‍ എന്തുസംഭവിക്കും?

ചെള്ള് പെറ്റുപെരുകിയാല്‍ നായ പോലെയുള്ള മൃഗങ്ങള്‍ക്ക് പനിയുണ്ടാവുകയും അത് ഗുരുതരാവസ്ഥയിലെത്തി നായ മരണപ്പെടുന്നതിനുവരേയും കാരണമായേക്കാം. മാത്രമല്ല, വളര്‍ത്തുമൃഗങ്ങളില്‍നിന്നും ഇത്തരം രോഗങ്ങള്‍ മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ട്.

ജീവികളുടെ ശരീരത്തില്‍ 36 മുതല്‍ 48 മണിക്കൂര്‍ വരെ നിലനിന്നാല്‍ മാത്രമേ ചെള്ളുകള്‍ക്ക് രോഗം പരത്താന്‍ സാധിക്കൂ. നായ്ക്കുട്ടികളും മറ്റും പുറത്ത് കളിക്കാന്‍ പോയിവന്നുകഴിഞ്ഞാല്‍ രോമത്തിനിടയ്ക്കും ചെവിപ്പുറകിലുമെല്ലാം ചെള്ളുകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കൈകളുടേയും കാലുകളുടേയുമിടയില്‍, ഇടുപ്പിന് ചുറ്റും, പുക്കിളിനുള്ളില്‍ എന്നിവിടങ്ങളിലൊക്കെയാണ് ചെള്ളുകള്‍ പറ്റിയിരിക്കാന്‍ സാധ്യത കൂടുതല്‍. അതിനാല്‍, ചെള്ളുകള്‍ പെറ്റുപെരുകാന്‍ കാക്കാതെ, തുടക്കത്തില്‍ത്തന്നെ വേണ്ട മരുന്നുകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.

എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

  • ചെള്ളുകളെ തുരത്താന്‍ ധാരാളം ടിക്ക് റിപ്പല്ലന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, വളർത്തുമൃ​ഗങ്ങൾക്ക് മേൽ ഇത്തരം റിപ്പല്ലന്റ് സ്‌പ്രേകള്‍ തളിക്കുന്നതിനുമുമ്പ് ഡോക്ടറുമായി നിര്‍ബന്ധമായും കണ്‍സള്‍ട്ട് ചെയ്യണം. ലെമണ്‍ ഓയില്‍, യൂക്കാലിപ്റ്റസ് ഓയില്‍ എന്നീ എസന്‍ഷ്യല്‍ ഓയിലുകള്‍ ചെള്ളുകളെ അകറ്റാന്‍ സഹായിക്കും. 
  • എങ്ങനെയാണ് നായ്ക്കള്‍ പോലെയുള്ള വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍നിന്നും ചെള്ളുകളെ നീക്കം ചെയ്യേണ്ടത് എന്നത് പ്രധാനമാണ്. നായ ശാന്തമായി കിടക്കുമ്പോള്‍ വേണം ചെള്ളിനെ എടുത്തുകളയാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ നായ ചെറിയ തോതിലെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചേക്കാം. അതിനാല്‍, ടിക്ക് റിമൂവര്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ വേണം ഇവയെ നീക്കം ചെയ്യാന്‍. ചെള്ളിന് ചുറ്റുമുള്ള രോമങ്ങള്‍ ഒരു കൈ കൊണ്ട് മൃദുവായി വകഞ്ഞുമാറ്റിക്കൊണ്ട് മറ്റേ കൈ ഉപയോഗിച്ച് ചെള്ളിനെ തെരഞ്ഞുപിടിക്കണം.
  • ചെള്ളുകള്‍ കൂടുതലായി കാണാന്‍ സാധ്യതയുള്ളത് വലിയ മരങ്ങള്‍ക്കും പുല്ലുകള്‍ക്കുമിടയിലായതിനാല്‍ നമ്മൾ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ചര്‍മം മുഴുവന്‍ പൊതിയുന്ന തരത്തിലുള്ള ലോങ് സ്ലീവ് വസ്ത്രങ്ങളും സോക്‌സും ഷൂവുമെല്ലാം ധരിക്കാന്‍ ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണെങ്കില്‍ കടുംനിറത്തിലുള്ള ചെള്ളുകളെ തിരിച്ചറിയാന്‍ എളുപ്പമാകും. ഇവയുടെ വലിപ്പക്കുറവും ഇവയെ തിരിച്ചറിയുന്നത് ദുഷ്‌കരമാക്കും.
  • നിങ്ങളോ മൃഗങ്ങളോ പുറത്തുപോയാല്‍ തിരിച്ച് വീട്ടില്‍ പ്രവേശിക്കുന്നതിനുമുമ്പ് നിങ്ങളുടേയും മൃഗങ്ങളുടേയും ശരീരം നന്നായി പരിശോധിച്ച് ചെള്ളുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.
  • വാഷിങ് മെഷീനില്‍ തുണി അലക്കുമ്പോള്‍ ഡ്രയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചെള്ളുകളെ നശിപ്പിക്കുന്നതില്‍ ഇത് വളരെ ഫലപ്രദമാണ്.
  • വീടിനകവും മുറ്റവുമെല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ചെള്ളുകള്‍ വരാതിരിക്കാന്‍ ഏറ്റവും പ്രധാന കാര്യം. മുറ്റത്ത് അധികം കാട് പന്തലിക്കാതെ ശ്രദ്ധിച്ചാല്‍ തന്നെ, ചെള്ളുകള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാം.

Content Highlights: tips to get rid of ticks from your home