മീന്‍ വറുത്തതിന്റെ ദുര്‍ഗന്ധം വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്നോ? പരിഹാരമുണ്ട്

ചോറിനൊപ്പം നല്ല മീന്‍ വറുത്തതുംകൂടിയുള്ള കോമ്പോ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എന്നാല്‍ വറുത്ത് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍നിന്ന് മീന്‍മണം വിട്ടുപോകാത്തത് നമുക്കത്ര രസിക്കില്ല. ചിലപ്പോള്‍ അത്താഴസമയത്ത് മീന്‍ വറുത്തതിന്റെ ദുര്‍ഗന്ധം പിറ്റേന്ന് രാവിലേയും അടുക്കളയില്‍ തങ്ങിനില്‍ക്കാറുണ്ട്. എന്നാല്‍ ഇതോര്‍ത്ത് ഇനി ആശങ്കപ്പെടേണ്ടതില്ല. മീന്‍ വറുത്തതിന്റെ ദുര്‍ഗന്ധം വീട്ടില്‍നിന്നും അകറ്റാന്‍ നമുക്ക് ധാരാളം പരിഹാരമാര്‍ഗങ്ങളുണ്ട്.
- വിനാഗിരിയാണ് ആദ്യത്തെ ഓപ്ഷന്‍. വീട് വൃത്തിയാക്കാന്‍ മാത്രമല്ല നീണ്ടുനില്‍ക്കുന്ന ഇത്തരം ദുര്‍ഗന്ധം അകറ്റാനും വിനാഗിരി ഉപയോഗിക്കാറുണ്ട്. വിനാഗിരിയിലെ ആസിഡിന്റെ അംശം മറ്റ് ആല്‍ക്കലൈന്‍ മണങ്ങളെ അകറ്റുന്നതിനാലാണിത്. അതുകൊണ്ടാണ് വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന മീനിന്റെ മണം അകറ്റാന്‍ വിനാഗിരിക്ക് കഴിയുന്നത്. ഈ ആവശ്യത്തിനായി നമുക്ക് രണ്ട് തരത്തില്‍ വിനാഗിരി ഉപയോഗിക്കാം:
- ആദ്യത്തേത് ഒരു ബൗളില്‍ വിനാഗിരി ഒഴിച്ചശേഷം രാത്രിമുഴുവന്‍ അടുക്കളയിലെ ദുര്‍ഗന്ധമുള്ളിടത്ത് വെയ്ക്കണം. രാവിലെയാകുമ്പോഴേക്കും മീനിന്റെ മണത്തെ ഇത് ന്യൂട്രലൈസ്
ചെയ്യും. - ഇനി ഇത്രയും സമയം കാത്തിരിക്കാന്‍ കഴിയില്ലെങ്കില്‍ മറ്റൊരു വഴിയുണ്ട്. ഒരു ബൗളില്‍ 2:1 എന്ന കണക്കിന് വെള്ളവും വിനാഗിരിയും തിളപ്പിച്ചെടുക്കണം. 10-15 മിനിട്ട് സമയം ഇങ്ങനെ തിളപ്പിക്കുമ്പോള്‍ മണം സ്വാഭാവികമായും പൊയ്‌ക്കോളും. വിനാഗിരി ചൂടായി അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുമ്പോള്‍ അവശേഷിക്കുന്ന മീനിന്റെ ഗന്ധമെല്ലാം പുറന്തള്ളപ്പെടും.
- അടുത്തത് നമ്മള്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ ദുര്‍ഗന്ധം ഏറ്റവും ശക്തമായുള്ളിടത്തെ ജനാല തുറന്നിടുക. ഒപ്പം അതിനടുത്ത് ഒരു ഫാന്‍ കൂടി സ്ഥാപിച്ചാല്‍ ദുര്‍ഗന്ധം പുറന്തള്ളപ്പെടും.
- കറുവപ്പട്ടയും ഇഞ്ചിയും 10-15 മിനിട്ട് വെള്ളത്തില്‍ തിളപ്പിക്കുന്നത് അന്തരീക്ഷത്തില്‍ നല്ല സുഗന്ധം പകര്‍ത്തും. ഇത് മീനിന്റെ മണത്തെ ന്യൂട്രിലൈസ് ചെയ്യുകയും വീട്ടിലാകെ കറുവപ്പട്ടയുടേയും ഇഞ്ചിയുടേയും സുഗന്ധം പരത്തുകയും ചെയ്യും. ചൂടാക്കുന്ന സമയത്ത് അല്പം നാരങ്ങാത്തൊലി കൂടി ഇവയുടെ കൂടെ ചേര്‍ത്താല്‍ വീടിന് ഒരു പ്രത്യേക ഫ്‌ളേവറിലെ മണവും ലഭിക്കും.
- ഇനി ഇത്തരം വിദ്യകളൊന്നും പ്രയോഗിക്കാനുള്ള സമയം നിങ്ങള്‍ക്കില്ലെങ്കില്‍ മണം ന്യൂട്രിലൈസ് ചെയ്യുന്ന ഒരു എയര്‍ ഫ്രഷ്‌നര്‍ വാങ്ങിയാല്‍ മതിയാകും. പാചകം ചെയ്ത ശേഷം എയര്‍ ഫ്രഷ്‌നര്‍
സ്പ്രേ ചെയ്യുന്നത് വീട്ടില്‍ തങ്ങിനില്‍ക്കുന്ന ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവയ്ക്ക് ഹാനികരമായ എയര്‍ ഫ്രഷ്‌നറല്ല വാങ്ങുന്നതെന്ന് ആദ്യമേ ഉറപ്പുവരുത്തണം. - മേല്‍പ്പറഞ്ഞ വിദ്യകളെല്ലാം പരീക്ഷിച്ചിട്ടും മീനിന്റെ മണം വിട്ടുപോകുന്നില്ലെങ്കില്‍ അടുക്കളയിലെ സിങ്കിന്റെ ഡ്രെയിന്‍ വൃത്തിയാക്കിനോക്കണം. മീന്‍ പോലെയുള്ള ഭക്ഷണസാധനങ്ങളുടെ ചെറിയ പീസുകളും കുക്കിങ് ഓയിലുമെല്ലാം ഡ്രെയിനില്‍ തങ്ങിനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പതിയെ അഴുകിത്തുടങ്ങിയാല്‍ മണം വിട്ടുപോകാതെ നിക്കും. അതിനാല്‍ ഈ ഡ്രെയിന്‍ വൃത്തിയാക്കുന്നതാണ് ഇതിനുള്ള പോംവഴി. അതിനായി സിങ്കിന്റെ ഡ്രെയിനിലേക്ക് അരക്കപ്പ് ബേക്കിങ് സോഡ ഇട്ടശേഷം ചൂടുവെള്ളത്തില്‍ ഒരു കപ്പ് വിനാഗിരിയും ചേര്‍ത്ത മിശ്രിതം ഇതിലേക്ക് ഒഴിക്കണം. ശേഷം കട്ടിയുള്ള എന്തെങ്കിലുമുപയോഗിച്ച് ഡ്രെയിന്‍ അടച്ചുവെയ്ക്കണം. 10 മിനിട്ട് ഇങ്ങനെതന്നെ വെച്ചുകഴിഞ്ഞ് ചൂടുവെള്ളമൊഴിച്ച് ഡ്രെയിന്‍ നന്നായി കഴുകുക. ഡ്രെയിനില്‍ കുടുങ്ങിനില്‍ക്കുന്ന എന്തെങ്കിലും ഭക്ഷണപദാര്‍ഥങ്ങളുണ്ടെങ്കില്‍ അത് ഇതുവഴി ഒഴുകിപ്പൊയ്‌ക്കോളും. ഇതോടെ ദുര്‍ഗന്ധത്തിന്റെ പ്രശ്‌നം അവസാനിക്കും.
Content Highlights: tips to get rid of fish smell from home