എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ? ഈ സൂത്രപ്പണികള്‍ കൊണ്ട് ഇത് അകറ്റാം

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

ബാക്കിവരുന്ന ഭക്ഷണങ്ങള്‍ ഏറെ കാലം സൂക്ഷിക്കുന്നത് ചിലപ്പോള്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധത്തിന് കാരണമാകും. ചെറിയ ചില മാര്‍ഗങ്ങളിലൂടെ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാം. അനാവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയെന്നതാണ് ആദ്യപടി. ഡ്രിപ്പ് ട്രേയുണ്ടെങ്കില്‍ ഇതും ശുചീകരിക്കാന്‍ മടിക്കരുത്. 

ബേക്കിങ് സോഡ ദുര്‍ഗന്ധം അകലാന്‍ അതിവേഗം സഹായിക്കുന്ന ഒന്നാണ്. ഒരു ബൗള്‍ നിറയെ ബേക്കിങ് സോഡ നിറച്ച ഫ്രിഡ്ജില്‍ ഏതാനും മണിക്കൂറുകള്‍ സൂക്ഷിച്ചാല്‍ ഫലം ലഭിക്കും. വിനാഗിരി ഒരു ബൗളിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗം. 

നാരങ്ങ ചെറുകഷണങ്ങളാക്കി ഫ്രിഡ്ജില്‍ വെയ്ക്കുന്നതും നല്ലതാണ്. ടീ ബാഗുകളും പെട്ടെന്ന് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഏതാനും ടീ ബാഗുകള്‍ ഒരു ബൗളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഇത് മാറ്റാനും മറക്കരുത്. 

ഉരുളക്കിഴങ്ങ് തൊലിയുരിച്ച് ചെറു കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളില്‍ വെയ്ക്കുന്നതും ഗുണകരമാണ്. ദിനംപ്രതി ഇത് മാറുന്നത് വേഗത്തില്‍ ഫലം തരും.

ഓട്ട്‌സ് പോലുള്ളവ ബൗളിലാക്കി ഫ്രിഡ്ജിനുള്ളില്‍ വെയ്ക്കുന്നതും ഗുണം ചെയ്യും. ഹോം ടിപ്‌സ് വീഡിയോകളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രശസ്തയായ ചാന്റല്‍ മില എന്ന യുവതി ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായകരമാകുന്ന ഒരു സ്‌പ്രേ തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

സ്‌പ്രേ തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല്‍ കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വനില സത്തും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെല്‍ഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്‌പ്രേ ചെയ്യുക.

Content Highlights: how to remove bad smell from fridge, easy tips