വീടുകളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കാം; ഇക്കോ ഫ്രണ്ട്‌ലിയാകാന്‍ ചില ടിപ്‌സ്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ല്ലാ വീടുകളിലും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഏറിയ പങ്കും പ്ലാസ്റ്റിക്കായിരിക്കും. ഇത്തരം പ്ലാസ്റ്റിക്കുകള്‍ വെളിയിലും മറ്റും നിക്ഷേപിച്ചാല്‍ ദീര്‍ഘനാളുകള്‍ ഇവ പരിസ്ഥിതിക്ക് ഹാനികരമായി തുടരും. ചുരുക്കം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കാം. 

ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ പഴയ ബാഗുകള്‍ കൈയില്‍ കരുതാം. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭൂരിഭാഗവും ഇത്തരം ക്യാരി ബാഗുകളാണ്. പഴയ ബാഗുകള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാം. യാത്രയ്ക്കും മറ്റും പോകുമ്പോള്‍ കുപ്പിയില്‍ വെള്ളം കരുതുക. ഇല്ലെങ്കില്‍ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം വീണ്ടും കൂടും. 

പ്ലാസ്റ്റിക്കുകള്‍ക്ക് പകരം പേപ്പര്‍ ഉത്പന്നങ്ങളോ കാര്‍ഡ്‌ബോര്‍ഡുകളോ ഉപയോഗിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം ഉത്പന്നങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതിനാല്‍ സുരക്ഷിതവുമാണ്. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന തരം  നാപ്കിന്‍ പേപ്പറുകള്‍, പ്ലാസ്റ്റിക്ക് റാപ്പുകള്‍, സ്ട്രോ തുടങ്ങിയവ വേണ്ടെന്നു വയ്ക്കാം.

സ്‌ട്രോ പോലുള്ളവ ഒറ്റത്തവണ ഉപയോഗിക്കാവുന്നവയാണ്. അതിനാല്‍ റെസ്റ്റോറന്റുകളില്‍ ജ്യൂസുകളോ മറ്റോ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇത് വേണ്ടെന്ന് ആവശ്യപ്പെടുന്നത് ഗുണം ചെയ്യും. പ്ലാസ്റ്റിക് സട്രോകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്ട്രോകള്‍ വിപണിയില്‍ ലഭിക്കും. ഇവ വൃത്തിയാക്കാനുള്ള ബ്രഷും ഇതിനോടൊപ്പം വാങ്ങാം.

റീയുസബിള്‍ സാന്‍ഡ്വിച്ച് ബാഗ്, സിലിക്കോണ്‍ കിച്ചണ്‍ സ്റ്റോറേജ് ബാഗ്, ടീ ടവലുകള്‍ എന്നിവയും പുനരുപയോഗിക്കാം. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇവ ലഭ്യമാണ്. മാലിന്യം നിക്ഷേപിക്കുന്നതിന് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കാം. 

പ്ലാസ്റ്റിക് മാലിന്യം ഏറെയും ഉണ്ടാവുക അടുക്കളയിലാണ്. അതിനാല്‍  പ്ലാസ്റ്റിക്കിന് പകരം പല വലുപ്പത്തിലും ആകൃതിയിലുമുള്ള വുഡന്‍ കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. പാത്രം മൂടാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് റാപ്പും അലുമിനിയം ഫോയിലും ഒഴിവാക്കാം. പകരം സിലിക്കോണ്‍ അടപ്പുകള്‍ ഉപയോഗിക്കാം .

Content Highlights: how to get rid of platsic waste in home, tips latest