ദോശമാവ് അമിതമായി പുളിക്കുന്നുവോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Representative Image | Photo: Canva.com
Representative Image | Photo: Canva.com

മലയാളികള്‍ക്ക് പൊതുവേ പ്രിയപ്പെട്ട പലഹാരമാണ് ദോശ. എന്നാല്‍ ദോശ തയ്യാറാക്കാന്‍ വേണ്ടി അരച്ചുവച്ച മാവ് അധികം പുളിച്ച് പോയാലോ? ദോശയുടെ രുചിയാകെ നഷ്ടമാവും. ഇതൊഴിവാക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.

  1. ദോശമാവ് ഒഴിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ അമിതമായി പുളിച്ച് പോവും.
  2. ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളി ഇല്ലാതാക്കാം. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനും സഹായിക്കും.
  3. ഇനി ദോശമാവ് നല്ലതുപോലെ പുളിച്ചിരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം അരിമാവ് കൂടി ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയും. മാത്രമല്ല ഈ മാവ് ഉപയോഗിക്കുന്നതിലൂടെ ദോശ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും.
  4. അല്‍പം പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാലദോശയാക്കി മാറ്റാം. കാരണം പ്ലെയിന്‍ ദോശ ഉണ്ടാക്കുമ്പോള്‍ അതിന്റെ പുളി എടുത്ത് നില്‍ക്കും. മസാലദോശയാണെങ്കില്‍ മസാലയുടെ അതിപ്രസരതത്തില്‍ മാവിന്റെ പുളി എടുത്തറിയില്ല. 
  5. ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല. കാരണം ഉയർന്ന ഊഷ്മാവിലാണ് മാവ് പെട്ടന്ന് പുളിക്കുന്നത്. ദോശമാവ് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം.
  6. ദോശമാവില്‍ പലരും ഉഴുന്ന് കൂടുതല്‍ ഉപയോഗിക്കാറുണ്ട്, കൂടെ ഉലുവയും ചേര്‍ക്കും. എന്നാല്‍ ഇവ രണ്ടും  അധികമായാൽ ദോശമാവ് പെട്ടന്ന് പുളിക്കും

Content Highlights: how can you fix dosa when the batter gets over fermented