പ്രാവുകള്‍ വീടും മേല്‍ക്കൂരയുമെല്ലാം വൃത്തികേടാക്കുന്നുവോ? എളുപ്പത്തില്‍ പരിഹാരം കാണാം

വല്ലപ്പോഴും വീട്ടില്‍ പ്രാവുകള്‍ വന്നാല്‍ കുറച്ച് അരിയെറിഞ്ഞുകൊടുക്കാത്തവര്‍ കുറവാണ്. എന്നാല്‍, പ്രാവുകള്‍ വീടിന്റെ മേല്‍ക്കൂരയിലും ബാല്‍ക്കണിയിലും ജനാലയ്ക്കരികിലുമെല്ലാം കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയാലോ? ഇതുമൂലം വീടും പരിസരവുമെല്ലാം നാള്‍ക്കുനാള്‍ വൃത്തികേടാവും. പ്രാവുകളേയോ പരിസ്ഥിതിയേയോ ഉപദ്രവിക്കാതെ, വളരെ എളുപ്പത്തില്‍ ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാന്‍ കഴിയും.
ആദ്യമായി എന്തൊക്കെ സംഗതികളാണ് പ്രാവുകളെ നിങ്ങളുടെ വീട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്ന് കണ്ടെത്തണം. എങ്കില്‍ മാത്രമേ ശരിയായ പരിഹാരം കാണാന്‍ സാധിക്കൂ. പ്രധാനമായും നാല് കാരണങ്ങളാണ് പ്രാവുകളെ ഒരു സ്ഥലത്തേക്ക് കൂട്ടമായി വസിക്കാന്‍ പ്രലോഭിപ്പിക്കുന്നത്.
1) എളുപ്പത്തില്‍ ഭക്ഷണം ലഭിക്കുന്നിടം. മറ്റു ജീവജാലങ്ങളെപ്പോലെതന്നെ, എവിടെയാണോ ഭക്ഷണം സുലഭമായി ലഭിക്കുന്നത്, അവിടം പാര്‍പ്പിടമാക്കുകയാണ് പ്രാവുകളും. അതിനാല്‍ അവയ്ക്ക് എളുപ്പത്തില്‍ ഭക്ഷണം ലഭ്യമായ സ്ഥലമാണോ നിങ്ങളുടെ വീടെന്ന് പരിശോധിക്കുക. ആണെങ്കില്‍, ആ സ്രോതസ്സ് ഇല്ലാതാക്കുക.
2) പ്രാവുകള്‍ക്ക് കൂടുകൂട്ടാന്‍ പാകത്തിനുള്ള കണ്‍സ്ട്രക്ഷനാണോ ജനലിന്റെയോ ബാല്‍ക്കണിയുടേയോ എന്നത് പരിശോധിക്കണം.
3) കെട്ടിടങ്ങള്‍ പുറന്തള്ളുന്ന താപവും ഊഷ്മളതയും പ്രാവുകള്‍ക്ക് കൂടുകൂട്ടാന്‍ അനുയോജ്യമായ ഘടകങ്ങളാണ്. അക്കാര്യങ്ങളും പരിശോധിക്കുക.
4) സമൃദ്ധമായ ജലസ്രോതസ്സുള്ള സ്ഥലങ്ങളിലാണ് പ്രാവുകള്‍ പൊതുവേ തിങ്ങിപ്പാര്‍ക്കുക. ഇതും പരിശോധിച്ച് ഉറപ്പുവരുത്തേണ്ട സംഗതിയാണ്.
ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം മറ്റ് പ്രകൃതിദത്ത വിദ്യകളും പരീക്ഷിക്കാം.
നാച്ചുറലായി പ്രാവുകളെ തുരത്താനുള്ള ഏതാനും വഴികളാണ് താഴെപ്പറയുന്നവ:
1) ജനലുകളും ബാല്‍ക്കണികളും മേല്‍ക്കൂരയും കൃത്യമായി വൃത്തിയാക്കുക എന്നതാണ് എളുപ്പത്തില്‍ ചെയ്യാനാവുന്നത്. പതിവായി ഈ വൃത്തിയാക്കല്‍ നടത്തുന്നതിലൂടെ പ്രാവുകള്‍ക്ക് കൂടുകൂട്ടാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.
2) വീട്ടിലേക്ക് പുതിയ ഒരു വളര്‍ത്തുമൃഗത്തെ വാങ്ങുന്നത് പ്രാവുകളെ തുരത്താന്‍ പറ്റിയ ഒരു പ്രതിരോധമാര്‍ഗമാണ്. നായ്ക്കുട്ടിയെപ്പോലെയുള്ള വളര്‍ത്തുമൃഗങ്ങളെ പേടിയുള്ളവരാണ് പ്രാവുകള്‍. അതിനാല്‍ അവയില്‍നിന്നുള്ള ഭീഷണികള്‍ പേടിച്ച് പ്രാവുകള്‍ ആ സ്ഥലം വിട്ടുപോകാന്‍ സാധ്യതയുണ്ട്.
3) ദൃശ്യങ്ങള്‍ പ്രതിഫലിക്കുന്ന എല്ലാ പ്രതലങ്ങളും പ്രാവുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. അതുപോലെതന്നെയാണ് ഉച്ചത്തിലുള്ള ശബ്ദവും. അതിനാല്‍, സിഡികളോ പഴയ മെറ്റല്‍ ടിന്നുകളോ ഒക്കെ ഉപയോഗിച്ച് സ്വന്തമായി വിന്‍ഡ് കൈമുകള്‍ ഉണ്ടാക്കിയെടുത്താല്‍ അതുമൂലമുണ്ടാകുന്ന ദൃശ്യപരവും ശ്രവണപരവുമായ അസ്വസ്ഥതകള്‍ മൂലം പ്രാവുകള്‍ തുരത്തപ്പെടും.
4) സാധാരണഗതിയില്‍ ഭക്ഷണസാധനങ്ങളെല്ലാം പ്രാവുകള്‍ക്ക് ഇഷ്ടമാണെങ്കിലും വേവിച്ച, പശപ്പുള്ള ചോറിന്റെ മണം പ്രാവുകളെ അകറ്റിനിര്‍ത്തുമെന്നാണ് പറയുന്നത്. അതിനാല്‍, ഇത്തരത്തില്‍ ചോറ് നല്‍കുന്നത് ഒരു പരിധിവരെ പ്രാവുകളെ അകറ്റാന്‍ സഹായിച്ചേക്കാം.
5) തേന്‍, മുളകുപൊടി എന്നീ പദാര്‍ഥങ്ങള്‍ രണ്ടും പ്രാവുകളെ അകറ്റിനിര്‍ത്തുന്നവയാണ്. പ്രാവുകളുടെ ശല്യം ഏറ്റവും കൂടുതല്‍ ഉള്ളിടത്ത് തേനിന്റെയോ മുളകുപൊടിയുടേയോ സ്‌പ്രേ തളിക്കുന്നത് അവയെ ഫലപ്രദമായി അകറ്റിനിര്‍ത്തും. എന്നാല്‍ ഈ സ്‌പ്രേയുടെ ഗന്ധം നീണ്ടുനില്‍ക്കുന്നതും, ചില സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്കും പ്രശ്‌നമുണ്ടാക്കിയേക്കാവുന്നതുമാണ്. അതിനാല്‍ ഇത് തളിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ഇത്തരത്തില്‍, പ്രകൃതിദത്തമായ രീതികളിലൂടെ വീടും പരിസരവും വൃത്തികേടാക്കുന്ന പ്രാവുകളെ തുരത്താന്‍ നമുക്ക് കഴിയും.
Content Highlights: easy tips to get rid of pigeons naturally