ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വീട് വിൽപനയ്ക്ക്, വില വെറും ഒരുഡോളർ മാത്രം

വീടുനിർമാണത്തിൽ വ്യത്യസ്തത പുലർത്താൻ ആഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. എത്രത്തോളം മോടിപിടിപ്പിക്കുന്നോ അത്രത്തോളം പണവും വീടിനുമേൽ ചിലവാകും. ഇപ്പോൾ സാമൂഹികമാധ്യമത്തിൽ വൈറലായിരിക്കുന്നതും പ്രത്യേകതയുള്ള ഒരുവീടാണ്. ഇവിടെ വിലകൊണ്ടാണ് വീട് ശ്രദ്ധപിടിച്ചുപറ്റുന്നത്. വെറും ഒരു ഡോളറിന് വിൽപനയ്ക്കു വച്ച വീടാണത്.
അമേരിക്കയിലെ മിഷിഗണിലാണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് ബെഡുറൂമുകളുള്ള വീട് വെറും ഒരു ഡോളറിന് വിൽപനയ്ക്ക് വച്ചിരിക്കുകയോ എന്ന് മുഖംചുളിക്കുന്നവരുമുണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വീട് എന്ന വിശേഷണത്തോടെയാണ് ഈ വീട് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഇത് വെറുമൊരു വീടല്ല മറിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തെ സാഹസികതയ്ക്കുള്ള ടിക്കറ്റാണ് എന്നുപറഞ്ഞാണ് വീട് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 4092 ഡോളറിനാണ്( ഏകദേശം 3,40,067 രൂപ) 2022 ൽ വീട് നിലവിലെ ഉടമ വാങ്ങിയത്.
724 ചതുരശ്രഅടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വളരെ മോശം ഇന്റീരിയറാണ് ചിത്രങ്ങളിൽ കാണുന്നത്. ഇതും വീടിന് വിലകുറച്ച് നൽകുന്നതിന് കാരണമായേക്കാം എന്നാണ് കരുതുന്നത്. മേൽക്കൂര നിലവിൽ ചോരുന്നതല്ലെങ്കിലും ഭാവിയിൽ അപ്രതീക്ഷിതമായി ചോർച്ചയുണ്ടായേക്കാമെന്നാണ് വീടിനെക്കുറിച്ചുള്ള വിശദാംശങ്ങളിൽ നൽകിയത്. അഴുക്കും കറയും പറ്റിക്കിടക്കുന്ന നിലവും പെയിന്റ് ഇളകിക്കിടക്കുന്ന ചുവരുമൊക്കെ ചിത്രങ്ങളിൽ വ്യക്തമായി കാണാം.
1956-ൽ പണികഴിപ്പിച്ച ഈ വീട് പുതുക്കിപ്പണിയുന്നതിന് ലക്ഷങ്ങൾ ആകുമെന്നാണ് കരുതുന്നതെന്ന് വീട് വിൽപനയ്ക്കുവച്ച റിയൽഎസ്റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫർ ഹ്യുബെൽ പറയുന്നു. ഒരുഡോളറിന് വീട് വിൽക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. താൻ വർഷങ്ങളായി ഈയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഹ്യുബെൽ പറയുന്നത്. ഒരു വസ്തുവിന് അതിനുതകുന്നതിനേക്കാൾ മൂല്യമുള്ള തുക നൽകാതിരുന്നാൽ യഥാർഥ വിപണിവില ലഭിക്കുമെന്നാണ് ഹ്യുബെൽ പറയുന്നത്.
നിലവിൽ ഇരുനൂറോളം പേരാണ് വീടിനോട് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും ഉയർന്ന ലേലത്തുകയായി വന്നിരിക്കുന്നത് 30,000 ഡോളർ ആണെന്നും ഹ്യുബെൽ വ്യക്തമാക്കുന്നു. അമേരിക്കയ്ക്കു പുറമെ ഇന്ത്യ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധിപേർ വീട് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹ്യുബെൽ പറയുന്നു.
Content Highlights: world’s cheapest home is on sale for dollar one