വില 30 കോടി; മുംബൈയിൽ വീണ്ടും ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ശ്രേയാ ഘോഷാൽ

#Lifestyle Desk
ശ്രേയാ ഘോഷാൽ | Photo: PTI
ശ്രേയാ ഘോഷാൽ | Photo: PTI

മുംബൈയിൽ വീണ്ടുമൊരു ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി പ്രശസ്ത പിന്നണിഗായിക ശ്രേയാ ഘോഷാൽ. വർളിയിൽ കടലിന് അഭിമുഖമായുള്ള അപ്പാർട്ട്‌മെന്റ് 30 കോടി രൂപ മുടക്കിയാണ് ശ്രേയയും മാതാപിതാക്കളായ ശർമിഷ്ഠാ ഘോഷാലും ബിശ്വജിത്ത് ഘോഷാലും വാങ്ങിയത്. റിയൽ എസ്‌റ്റേറ്റ് നിരീക്ഷക സ്ഥാപനമായ സിആർഇ മെട്രിക്‌സിന് ഇത് സംബന്ധിച്ച രേഖകൾ ലഭിച്ചു. നേരത്തേ ഇതേ കെട്ടിടത്തിൽ ശ്രേയയും കുടുംബവും 29.7 കോടി രൂപയുടെ മറ്റൊരു ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു.

വർളിയിലെ ഗോദ്‌റേജ് ട്രിലോജിയിലാണ് ഈ അപ്പാർട്ട്‌മെന്റുകൾ. ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 1.8 കോടി രൂപയും രജിസ്‌ട്രേഷൻ തുകയായി 30,000 രൂപയും നൽകിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനായിരുന്നു രജിസ്‌ട്രേഷൻ. എംബെല്ലിഷ് ഹൗസസ് പ്രൈവറ്റ് ലിമിറ്റഡ്, അക്ഷയ് സ്ഥാപത്യ പ്രൈവറ്റ് ലിമിറ്റഡ്, ശർമിഷ്ഠാ ഘോഷാൽ, ബിശ്വജിത്ത് ഘോഷാൽ, ശ്രേയാ ഘോഷാൽ എന്നിവരാണ് വിൽപ്പന കരാറിൽ ഒപ്പുവെച്ചത്.

ദക്ഷിണ മുംബൈ, ലോവർ പരേൽ, ബാന്ദ്ര എന്നിവ കഴിഞ്ഞാൽ മുംബൈയിൽ ഏറ്റവും കൂടുതൽ ലക്ഷ്വറി പ്രൊജക്ടുകളുള്ളത് വർളിയിലാണ്. ഇവിടെയുള്ള പ്രീമിയം അപ്പാർട്ട്‌മെന്റുകൾക്ക് സ്‌ക്വയർ ഫീറ്റിന് 65,000 രൂപ മുതൽ 1,00,000 രൂപ വരെയാണ് വിലയെന്നാണ് റിപ്പോർട്ട്. ആയിരം സ്‌ക്വയർഫീറ്റിന് താഴെയുള്ള വീടുകൾക്ക് എട്ട് കോടിയിൽ താഴെയാണ് വില. 1000-2000 സ്‌ക്വയർഫീറ്റിന് എട്ട് മുതൽ 16 കോടി വരെ വരെ വില വരും. 2000-3000 സ്‌ക്വയർ ഫീറ്റിന് 16 മുതൽ 24 കോടി വരേയും 3000 മുതൽ 4000 സ്‌ക്വയർഫീറ്റ് വരെയുള്ള വീടുകൾക്ക് 24 മുതൽ 32 കോടി വരേയുമാണ് ഇവിടത്തെ വില. 4000 സ്‌ക്വയർഫീറ്റിന് മുകളിലുള്ള അൾട്രാ പ്രീമിയം അപ്പാർട്ട്‌മെന്റുകൾക്ക് 32 കോടിക്ക് മുകളിലാണ് വില.

Content Highlights: Renowned playback singer Shreya Ghoshal, along with her parents, has purchased a sea-facing luxury apartment in Mumbai's upscale Worli locality for ₹30 crore. This marks her second major real estate investment in the same premium project, Godrej Trilogy, following a previous purchase worth nearly ₹29.7 crore. The transaction highlights the booming luxury real estate market in Worli, where property rates soar up to ₹1 lakh per square foot.