ആഡംബര വീട് 124 കോടിക്ക് വിറ്റ് ജോ ജൊനാസ്- സോഫി ടർണർ ദമ്പതികൾ

താരങ്ങളുടെ വീട്ടുവിശേങ്ങൾക്ക് ആരാധകരേറെയാണ്. പുത്തൻ വീടുവാങ്ങുന്നതും വിൽക്കുന്നതുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ പോപ്താരം ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടർണറും തങ്ങളുടെ ആഡംബരഭവനം വിറ്റ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മയാമിയിലെ ആഡംബര മാൻഷനാണ് ഇരുവരും കണ്ണഞ്ചിപ്പിക്കുന്ന വിലയ്ക്ക് വിറ്റത്. ഒന്നുംരണ്ടുമല്ല പതിനഞ്ചു മില്യൺ ഡോളറിനാണ് വീട് വിറ്റിരിക്കുന്നത്,124 കോടിരൂപയിൽപ്പരം വരും. വാൾസ്ട്രീറ്റ് ജേർണലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
2021-ൽ 11 മില്യൺ ഡോളർ(91,60,96,500 രൂപ) നൽകിയാണ് ഇരുവരും ഈ വീട് സ്വന്തമാക്കിയത്. ആറു ബെഡ്റൂമുകളുള്ള വിശാലമായ ആഡംബര ഭവനമാണിത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീൽ ഖാനാണ് ജോ-സോഫി ദമ്പതികളുടെ മാൻഷൻ സ്വന്തമാക്കിയത്.
ബിസ്കേയ്ൻ ബേയ്ക്ക് അഭിമുഖമായാണ് മാൻഷൻ സ്ഥിതി ചെയ്യുന്നത്. 1980-കളിലാണ് വീടുപണിതതെന്ന് കരുതപ്പെടുന്നു. ഏകദേശം 10,500 ചതുരശ്രഅടിയിലാണ് വീടുപണിതിരിക്കുന്നത്. പിന്നീട് സോഫിക്കും ജോയ്ക്കും വേണ്ടി ഇന്റീരിയർ ഡിസൈനറായ സാറാ ഐവറിയാണ് വീടിന് പുതിയമുഖം നൽകുന്നത്.
ഇരുനിലയായുള്ള ലൈബ്രറി, കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ട് ഔട്ട് ഡോർ സ്വിമ്മിങ് പൂളുകൾ, ജിം, വൈൻ റൂം, ഗ്ലാസ് സ്റ്റെയർകെയ്സുകൾ, ഇൻഡോർ വാട്ടർ ഫൗണ്ടെയ്ൻ തുടങ്ങിയവ വീടിന്റെ പ്രത്യേകതകളാണ്.
Content Highlights: Joe Jonas And Sophie Turner Sell Their Miami Mansion