'പ്രതീക്ഷ' കൈമാറി അമിതാഭ് ബച്ചന്‍; 50 കോടി രൂപയുടെ ബംഗ്ലാവ് ഇനി മകള്‍ ശ്വേതയുടെ പേരില്‍

മുംബൈ: മുംബൈയിലെ തങ്ങളുടെ ആഡംബര ബംഗ്ലാവ് മകള്‍ ശ്വേത നന്ദയ്ക്ക് കൈമാറി, അമിതാഭ് ബച്ചനും ജയ ബച്ചനും. മുംബൈയിലെ ജുഹു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 'പ്രതീക്ഷ' എന്ന ബംഗ്ലാവാണ് ഇരുവരും മകള്‍ക്ക് കൈമാറിയത്.
16,840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ പ്ലോട്ട് അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. 7,255 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന രണ്ടാമത്തെ പ്ലോട്ട് അമിതാഭിന്റെ മാത്രം ഉടമസ്ഥതയിലുള്ളതുമാണ്. അതിനാല്‍, രണ്ട് കരാറുകളായാണ് ഉടമസ്ഥാവകാശം കൈമാറിയത്. നവംബര്‍ എട്ടിന് ഡീഡ് നടത്തി, പിറ്റേദിവസമാണ് ഔദ്യോഗികമായി രജിസ്ടര്‍ ചെയ്തത്.
50.63 കോടിയിലധികം രൂപയാണ് ബംഗ്ലാവിന്റെ വിപണിമൂല്യം. രണ്ട് കരാറുകള്‍ക്കുമായി ബച്ചന്‍ കുടുംബം മൊത്തം 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായി സാപ്കീ ഡോട്ട് കോം വഴി നടത്തിയ ഇടപാടുകള്‍ കാണിക്കുന്നു.
നിലവിലെ ചട്ടങ്ങളനുസരിച്ച് മുംബൈയില്‍ ഒരു അച്ഛന്‍ മകനോ മകള്‍ക്കോ സമ്മാനമായി നല്‍കുന്ന പ്രോപ്പര്‍ട്ടിക്ക് 200 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ഒരു ഡീഡിന് 1 % മെട്രോ സെസ്സുമാണുള്ളത്.
ബച്ചന്‍ കുടുംബത്തിന് ജല്‍സ, പ്രതീക്ഷ ജുഹു എന്നീ ബംഗ്ലാവുകള്‍ അടങ്ങുന്ന സ്വത്തുക്കള്‍ മുംബൈയില്‍ത്തന്നെയുണ്ട്. കൂടാതെ, അടുത്തിടെ മുംബൈയിലെ അന്ധേരിയിലുള്ള ഓഷിവാര പ്രദേശത്ത് ഒരു കൊമേഴ്ഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായി 29 കോടി രൂപയ്ക്ക് 8,400 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന നാല് ഓഫീസുകളും വാങ്ങിയിരുന്നു.
Content Highlights: bollywood stars amitabh bachchan and jaya bachchan gifts pratiksha benglaw to daughter