ഉമ്മയ്ക്കുവേണ്ടി അടുക്കള മാത്രം സൗകര്യപ്രദമാക്കണമെന്നേ കരുതിയുള്ളൂ, പക്ഷേ വീട് അടിമുടി 'ലുക്കായി'!

'ഉമ്മയ്ക്ക് കുക്കിങില്‍ നല്ല അഭിരുചിയും താല്പര്യവുമാണ്. വയസ്സേറെയായിട്ടും ഭക്ഷണം പാചകം ചെയ്യാന്‍ സദാ ഉത്സാഹഭരിതയാണ്. ഇടുങ്ങിയതും അസൗകര്യം നിറഞ്ഞതുമായിരുന്നു ഞങ്ങളുടെ പഴയ അടുക്കള . അതിനാല്‍, ഉമ്മയ്ക്കുവേണ്ടി നല്ലൊരു കിച്ചണ്‍ സ്‌പേസ് പണിയണം എന്ന മാത്രമേ തുടക്കത്തില്‍ കരുതിയുള്ളൂ. അതില്‍നിന്നാണ് വീട് മുഴുവന്‍ പുതുക്കിപ്പണിതാലോ എന്ന ആശയത്തിലെത്തിയത്. എന്നാല്‍, വളരെ പഴയ കെട്ടിടമായിരുന്നതിനാല്‍ ധാരാളം വെല്ലുവിളികളുണ്ടായിരുന്നു. ആര്‍ക്കിടെക്റ്റിന്റെ ഭാവനയും കോണ്‍ഫിഡന്‍സും ഞങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി. പുതുക്കിപ്പണിയലിനുശേഷം വീടിന്റെ ലുക്കും ഘടനയുമെല്ലാം അടിപൊളിയായി. ആവശ്യത്തിന് കാറ്റും വെളിച്ചവും നിറഞ്ഞു. കൂടാതെ, വിശാലമായ റൂമുകളും!' - സാദിഖിന്റെ വാക്കുകളില്‍ നിര്‍വൃതി!
കോഴിക്കോട് വെള്ളിപറമ്പിനടുത്ത് ആറര സെന്റ് സ്ഥലത്താണ് 'കല്ലട ഹൗസ്' സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡിലായി പുതുപുത്തന്‍ ലുക്കിലൊരു വീട്. കാറ്റും വെളിച്ചവും നിറഞ്ഞ അകത്തളവും വിശാലമായ കിച്ചണ്‍ സ്‌പേസും മനോഹരമായ ഇന്റീരിയറുമൊക്കെ കാണുന്ന ആരും വിശ്വസിക്കില്ല, 25 വര്‍ഷം പഴക്കമുള്ള ഇടുങ്ങിയ വീടിന്റെ പുത്തന്‍ മേക്കോവറാണിതെന്ന്.
മലപ്പുറം സ്വദേശിയായ സാദിഖും കുടുംബവും അബുദാബിയില്‍ സെറ്റില്‍ഡാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടുള്ള ഈ വീട് വാങ്ങിയപ്പോള്‍ തികച്ചും പഴയ മാതൃകയിലുള്ള മുറികളും അകത്തളവുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, പല വര്‍ഷങ്ങളിലായി നടത്തിയ എക്‌സ്റ്റെന്‍ഷനുകളുടേയും അഡീഷനുകളുടേയും ഫലമായി കൃത്യമായ ഒരാകൃതിയില്ലാതെയായി വീടിന്റെ ഘടന.
സ്ലാബുകളെല്ലാം പല ലെവലിലായിരുന്നു. മുറികളെല്ലാം തീരെ ഇടുങ്ങിയതും. പുറത്തേക്ക് നീട്ടിയെടുക്കാന്‍ സ്ഥലവുമുണ്ടായിരുന്നില്ല. അതിനാല്‍, അകത്തുണ്ടായിരുന്ന സ്ഥലം പരമാവധി വിനിയോഗിക്കുക, മുറികളും ഓപ്പണിങുകളുമെല്ലാം പരമാവധി വിശാലമാക്കിയെടുക്കുക എന്നത് മാത്രമായിരുന്നു ഓപ്ഷന്‍. എന്നാല്‍, മെഡോബ്രൗണ്‍ ആര്‍ക്കിടെക്ച്ചറിലെ ആര്‍ക്കിടെക്ട് ഡിസൈനര്‍ മുജീബ് റഹ്‌മാന്‍ ഈ വെല്ലുവിളി ഏറ്റെടുത്തോടെ സാദിഖിനും കുടുംബത്തിനും ആത്മവിശ്വാസമായി.
2021 ഡിസംബറില്‍ തുടങ്ങിയ പണി 2022 ഓഗസ്റ്റായപ്പോഴേക്കും താമസിക്കാന്‍ പരുവമായി. ഇതിനിടെ ഒരുതവണ മാത്രമാണ് സാദിഖ് നാട്ടില്‍ വന്നിട്ടുള്ളൂ. ഓണ്‍ലൈന്‍ വഴിയാണ് വീടിന്റെ പ്ലാനും മോഡലുമെല്ലാം കണ്ടുബോധ്യപ്പെട്ടത്. ആര്‍ക്കിടെക്ടിന്റെ ഭാവനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പൂര്‍ണമായ വിശ്വാസ്യതയും സ്വാതന്ത്ര്യവും നല്‍കിയതിനാല്‍ ഔട്ടപുട്ട് വിചാരിച്ചതിലും ഭംഗിയായി എന്നാണ് സാദിഖ് പറയുന്നത്. 2600 ചതുരശ്ര അടിയാണ് വീടിന്റെ ഇപ്പോഴത്തെ വിസ്തീര്‍ണം. റോഡ് സൈഡിലാണെങ്കിലും, നല്ല സ്വകാര്യത ഉണ്ടായിരുന്ന വീടായിരുന്നു തങ്ങളുടേതെന്നും അത് അതുപോലെ തന്നെ നിലനിര്‍ത്തിയാണ് ഇപ്പോള്‍ പുതുക്കിപ്പണിതതെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.
വാതില്‍ തുറന്നുചെല്ലുന്നത് ഇരുട്ടുനിറഞ്ഞ ഹാളിലേക്കായിരുന്നു. ഹാളില്‍നിന്നുതന്നെ സ്റ്റെയര്‍കേസുമുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു ഡൈനിങ് റൂമും. താഴത്തെ നിലയിലെ രണ്ട് മുറികളില്‍ ഒന്ന് അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് അതിന് അറ്റാച്ച്ഡ് ബാത്ത്‌റൂം നല്‍കി. രണ്ടാമത്തേത് ഡൈനിങിനോട് ചേര്‍ത്ത് ഊണുമുറി വലുതാക്കി. ടര്‍ക്വിഷ് ബ്ലൂമയമാണ് അടുക്കളയ്ക്ക്. വര്‍ക്ക് ഏരിയയും ചായ്പ്പുമെല്ലാം തികച്ചും പഴയ മാതൃകയിലുള്ളവയായിരുന്നു. അവയെല്ലാം പൊളിച്ച്, കിച്ചണ്‍ സ്‌പേസും ഡൈനിങ് സ്‌പേസുമെല്ലാം വലുതാക്കി.
മുകളിലേക്കുള്ള പഴയ സ്‌റ്റെയര്‍ വളരെ ഇടുക്കം നിറഞ്ഞതായിരുന്നു. 70 സെന്റിമീറ്റര്‍ മാത്രം വീതി. അത് മുഴുവന്‍ പൊളിച്ച് കുറച്ചുകൂടി വിശാലമായ പുതിയ സ്റ്റെയര്‍ പണിതു. മുകളിലത്തെ നിലയും താഴത്തെ നിലയുമായി ഇപ്പോള്‍ കുറച്ചുകൂടി ട്രാന്‍സ്‌പേരന്‍സി തോന്നിക്കും. ഇന്‍ഡസ്ട്രിയല്‍ മാതൃകയിലാണ് ഈ സ്റ്റെയര്‍കേസ് പണിതിരിക്കുന്നത്. വുഡണ്‍ പടികളും ഹാന്റ്‌റെസ്റ്റുമാണ് ഇതിന് നല്‍കിയിരിക്കുന്നത്. റെയ്‌ലിങിനായി ജിഐ കമ്പികളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
മുകളില്‍ രണ്ട് റൂമുകളാണുണ്ടായിരുന്നത്. അടുക്കള പൊളിച്ചതോടെ, വിശാലമായ രണ്ട് മുറികള്‍ കൂടി മുകളില്‍ പണിയാനുള്ള സ്ഥലം ലഭിച്ചു. അതിനനുസരിച്ചുള്ള ഡിസൈനുകളും ആര്‍ക്കിടെക്റ്റ് നല്‍കി. മുകളില്‍ അങ്ങനെ നാല് റൂമുകളായി. വെട്ടവും വെളിച്ചവും കയറാത്തത് തങ്ങള്‍ക്ക് വലിയ പ്രശ്‌നമായിരുന്നുവെന്ന് സാദിഖ് പറയുന്നു. അതിനായി സ്‌റ്റെയര്‍കേസുള്ള റൂമില്‍ ഒരു വലിയ ജനാല സ്ഥാപിച്ചു. അതോടെ, ആവശ്യത്തിന് കാറ്റും വെളിച്ചവുമായി. വായുസഞ്ചാരത്തിനായി വലിയ ജനാലകളാണ് ഹാളിലും അടുക്കളയിലുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്.
വളരെ മിനിമലിസ്റ്റിക്കായ ഇന്റീരിയര്‍ ഡിസൈനാണ് വീട്ടിനുള്ളില്‍. പാര്‍ട്ടീഷനുകളും ഫോള്‍സ് സീലിങുമൊന്നും വേണ്ട എന്ന വീട്ടുകാരുടെ ആവശ്യപ്രകാരം അവയെല്ലാം ഒഴിവാക്കിയായിരുന്നു ഇന്റീരിയര്‍. ചെറിയ ഒരു വുഡണ്‍ ടച്ച് ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. ലിവിങ് റൂമിന്റെ പിറകിലെ ഭിത്തി തുരന്ന് അവിടെ ജിഐ കമ്പി കൊണ്ടുള്ള അഴികള്‍ പണിത് സെമീ ഓപ്പണ്‍ രീതിയിലാക്കി. ഇത് സ്വീകരണമുറിക്ക് കുറച്ചുകൂടി വിശാലത നല്‍കി. മാത്രമല്ല, ലിവിങ് റൂമും ഡൈനിങ് റൂമും ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും. ഈ അഴികളുടെ പിന്നിലൂടെ സ്റ്റെയര്‍കേസും കാണാന്‍ സാധിക്കും. സ്റ്റെയര്‍കേസിന്റെ അടിഭാഗത്തായി സെറ്റ് ചെയ്തിരിക്കുന്ന ജി.ഐ. ഇരിപ്പിടം നല്ല വായുസഞ്ചാരവും പുറത്തേക്കുള്ള കാഴ്ചകളും നല്‍കുന്നുണ്ട്.
പഴയ വാതിലുകളൊക്കെ പൊളിച്ച് ട്രീറ്റ് ചെയ്ത അക്കേഷ്യ തടികൊണ്ട് പുതിയ ഡിസൈന്‍ ചെയ്‌തെടുക്കുകയായിരുന്നു. പുതിയ ഒരു വീടിനാവശ്യമായ തരത്തിലുള്ള പ്ലംബിങും ഇലക്ട്രിക്കല്‍ വര്‍ക്കുമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍, പഴയ വീട്ടിൽ പുതിയ തുടക്കം!
Project Details:
Owner: Sadik Kallada and Shabeena Sadik
Location: Velliparamba, Calicut
Architectural Consultant: Meadowbrownarchitecture, Calicut
Photography: Studio Iksha