വാങ്ങാൻ തീരുമാനിച്ച സ്ഥലം രേഖയിൽ 10 സെന്റ്, അളന്നപ്പോൾ 8.5 സെന്റ്.. എന്ത് ചെയ്യും?

സർവ്വേയും അതിർത്തി പരിശോധനയും (Survey & Boundary Verification)
ഒരു വസ്തു വാങ്ങുവാൻ പോകുന്നതിനു മുമ്പ് ഏതൊരാളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന ചോദ്യമാണ് രേഖയിലെ ഭൂമിയും യഥാർഥ ഭൂമിയും ഒന്നുതന്നെയാണോ എന്നത്. ഒരു വസ്തുവിന്റെ ആധാരം പരിശോധിച്ചു. മുൻ ആധാരങ്ങൾ പരിശോധിച്ചു. ബാധ്യത സർട്ടിഫിക്കറ്റും എടുത്തു. എല്ലാം ശരിയാണെന്ന് തോന്നുന്നു. ഇനി വസ്തു വാങ്ങാമെന്ന് കരുതുന്നതിന് മുമ്പ് ചെയ്യേണ്ട മറ്റൊരു പ്രധാന പരിശോധനയുണ്ട്. രേഖകളിൽ പറയുന്ന ഭൂമി തന്നെയാണോ സ്ഥലത്ത് യഥാർഥത്തിൽ ഉള്ളത്?
വസ്തു വാങ്ങുമ്പോൾ പലരും രേഖയിലെ വിസ്തീർണ്ണവും വിലയും മാത്രം നോക്കിയാണ് തീരുമാനമെടുക്കുന്നത്. എന്നാൽ രേഖയിൽ പറയുന്ന ഭൂമിയുടെ വിസ്തീർണ്ണം, അതിരുകൾ, സർവേ വിവരങ്ങൾ എന്നിവ സ്ഥലത്തെ യഥാർഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്.
രേഖയിൽ 10 സെന്റ്; സ്ഥലത്ത് 8.5 ?
ഒരു വസ്തുവിന്റെ ആധാരത്തിൽ 10 സെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക. സ്ഥലത്തെത്തിയപ്പോൾ ഏകദേശം 8.5 സെന്റ് മാത്രമാണ് ലഭ്യമാകുന്നതെങ്കിൽ എന്തുചെയ്യും?, ''രേഖയിൽ 10 സെന്റ് ഉണ്ടല്ലോ'' എന്ന് പറഞ്ഞ് മുഴുവൻ വിലയും നൽകുന്നത് ശരിയായ സമീപനമല്ല.അവിടെ ആദ്യം പരിശോധിക്കേണ്ടത് വസ്തുവിന്റെ വിസ്തീർണ്ണത്തിലെ വ്യത്യാസത്തിന്റെ കാരണം എന്താണെന്നാണ്. അളവെടുപ്പിൽ വന്നിട്ടുള്ള തെറ്റാണോ? സർവേ നമ്പറിൽ തെറ്റുണ്ടോ? അതിരുകൾ മാറിയിട്ടുണ്ടോ? അയൽവസ്തുവിന്റെ കൈവശം കടന്നുകയറ്റമുണ്ടോ? പൊതുവഴിയോ തോടോ മറ്റേതെങ്കിലും ഭൂവിഭാഗമോ ഉൾപ്പെട്ടിട്ടുണ്ടോ? പഴയ രേഖയും നിലവിലെ റവന്യൂ രേഖകളും തമ്മിൽ വ്യത്യാസമുണ്ടോ? ഇതിന്റെയൊക്കെ കാരണം യഥാർത്ഥത്തിൽ കണ്ടെത്താതെ ഇടപാടുമായി മുന്നോട്ട് പോകരുത്.
Survey Number കൊണ്ട് മാത്രം മതിയാവില്ല.
ഒരു വസ്തുവിന്റെ സർവേ നമ്പർ അറിയാമെന്നത് മാത്രം കൊണ്ട് സ്ഥലം കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്ന് കരുതരുത്. പ്രത്യേകിച്ച് റീസർവേ നടന്ന പ്രദേശങ്ങളിൽ പഴയ സർവേ നമ്പറും പുതിയ റീസർവേ നമ്പറും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടിവരും. ആവശ്യമായിടത്ത് സബ് ഡിവിഷൻ നമ്പർ, ബ്ലോക്ക് നമ്പർ തുടങ്ങിയ വിവരങ്ങളും പരിശോധിക്കണം.
രേഖയിലെ വിവരങ്ങൾ ബന്ധപ്പെട്ട റവന്യൂ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.
നാലതിരുകൾ രേഖയിലെ വരികൾ സ്ഥലത്തും കാണണം
ഒരു ആധാരത്തിൽ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ അതിരുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.എന്നാൽ ആ അതിരുകൾ സ്ഥലത്ത് യഥാർഥത്തിൽ എവിടെയാണ്?കിഴക്ക് പറയുന്ന അയൽവസ്തു തന്നെയാണോ അവിടെ ഉള്ളത്? പടിഞ്ഞാറ് രേഖയിൽ പറയുന്ന റോഡ് ഇപ്പോഴും അതേ സ്ഥാനത്താണോ? വടക്കും തെക്കും പറയുന്ന ഭൂമിയുടെ ഉടമസ്ഥതയിൽ പിന്നീട് മാറ്റമുണ്ടായിട്ടുണ്ടോ?ഇവ പരിശോധിക്കാതെ രേഖയിലെ അതിരുകൾ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് വസ്തു വാങ്ങുന്നതിന് മുമ്പ് സ്ഥലപരിശോധന നേരിട്ട് (Physical Verification) നടത്തേണ്ടത് അത്യാവശ്യമാണ്.
ലൈസൻസുള്ള സർവേയറെക്കൊണ്ട് വസ്തു അളപ്പിക്കുക
വാങ്ങാൻ പോകുന്ന വസ്തുവിന്റെ വിസ്തീർണ്ണത്തിലും അതിരുകളിലും സംശയമുണ്ടെങ്കിൽ പരിചയസമ്പന്നനായ ലൈസൻസുള്ള സർവേയറെക്കൊണ്ട് സ്ഥലം അളപ്പിക്കുന്നത് സുരക്ഷിതമാണ്.സ്ഥലത്തെ അളവെടുപ്പ് ലഭ്യമായ സർവേ രേഖകൾ, സ്കെച്ച്, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവയുമായി താരതമ്യം ചെയ്യണം.പ്രത്യേകിച്ച് വലിയ തുകയുള്ള ഇടപാടുകളിൽ ''കണ്ണുകൊണ്ട് നോക്കിയപ്പോൾ ഇത്രയുണ്ടെന്ന് തോന്നുന്നു'' എന്ന രീതിയിലുള്ള ഏകദേശ കണക്കിൽ ആശ്രയിക്കരുത്. ഭൂമി അളക്കേണ്ടത് രേഖ വായിച്ചല്ല; സ്ഥലത്ത് ചെന്ന് അളന്നാണ്.
അയൽവാസികളുടെ കൈവശം അതിക്രമിച്ചിട്ടുണ്ടോ?
വസ്തുവിന്റെ അതിരുകളിൽ അയൽവാസിയുടെ മതിൽ, വേലി, കെട്ടിടം, ഷെഡ് തുടങ്ങിയവ കടന്നുവന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോൾ ചെറിയ തോതിലുള്ള കൈയേറ്റം വർഷങ്ങളോളം ആരും ശ്രദ്ധിക്കാതെ തുടരാം. പിന്നീട് ഭൂമി വിൽക്കുമ്പോഴോ പുതിയ ഉടമ അളക്കുമ്പോഴോ മാത്രമാണ് പ്രശ്നം പുറത്തുവരുന്നത്.അതിനാൽ സ്ഥലപരിശോധനയ്ക്കിടെ അതിരുകൾ വ്യക്തമായി തിരിച്ചറിയുകയും സംശയമുള്ള ഭാഗങ്ങൾ അളക്കുകയും വേണം.
''ഇവിടെ വേലി ഇട്ടിരിക്കുന്നത് തന്നെയാണ് അതിർത്തി'' എന്ന വാദം മാത്രം സ്വീകരിക്കരുത്. വേലി എപ്പോൾ സ്ഥാപിച്ചു, അത് രേഖകളിലെ അതിരുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നിവ പരിശോധിക്കണം.
വഴിയവകാശം - റോഡ് മുന്നിലുള്ളത് കൊണ്ട് മാത്രം വഴിയിൽ അവകാശം ഉണ്ടാവണമെന്നില്ല.
വസ്തുവിലേക്ക് റോഡ് സൗകര്യമുണ്ടെന്നത് വാങ്ങുന്നയാളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എന്നാൽ ഒരു റോഡ് കാണുന്നു എന്നതുകൊണ്ട് മാത്രം ആ വഴിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പിക്കാനാവില്ല. വസ്തുവിലേക്കുള്ള വഴി ആരുടേതാണ്? അത് പൊതുവഴിയാണോ? സ്വകാര്യ വഴിയാണോ? മറ്റൊരാളുടെ ഭൂമിയിലൂടെ കടന്നുപോകുന്ന വഴിയാണോ? ആ വഴിയിലൂടെ സ്ഥിരമായി സഞ്ചരിക്കാനുള്ള നിയമപരമായ അവകാശമുണ്ടോ? വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയുമോ? രേഖകളിൽ വഴിയവകാശം പരാമർശിച്ചിട്ടുണ്ടോ?ഇവ പരിശോധിക്കണം.വീട് പണിയാൻ ഭൂമി വാങ്ങിയ ശേഷം ''വഴി ഉപയോഗിക്കാൻ അയൽവാസി അനുവദിക്കുന്നില്ല'' എന്ന പ്രശ്നം ഉണ്ടായാൽ,അത് ഒരു വലിയ തലവേദനയാകാം.അതുകൊണ്ട് വഴിയവകാശം സംബന്ധിച്ച കാര്യങ്ങൾ ഇടപാടിന് മുമ്പുതന്നെ വ്യക്തമാക്കണം.
തോട്, പുറമ്പോക്ക്, പൊതുവഴി എന്നിവ അതിര് പങ്കിടുമ്പോൾ
വസ്തുവിന്റെ ഒരു ഭാഗം തോട്, കനാൽ, പൊതുവഴി, സർക്കാർ പുറമ്പോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കാം.രേഖയിൽ മുഴുവൻ ഭൂമിയും സ്വകാര്യ ഭൂമിയായി കാണുന്നുണ്ടെങ്കിലും സ്ഥലത്തെ യഥാർഥ സാഹചര്യം വ്യത്യസ്തമായിരിക്കാം.അതിനാൽ ലഭ്യമായ റവന്യൂ രേഖകളും സർവേ രേഖകളും പരിശോധിക്കുന്നതിനൊപ്പം സ്ഥലം നേരിട്ട് പരിശോധിക്കണം.പ്രത്യേകിച്ച് വെള്ളം ഒഴുകുന്ന സ്വാഭാവിക പാതകൾ, തോടുകൾ, കനാലുകൾ തുടങ്ങിയവ വസ്തുവിന്റെ അതിരുകളിലോ ഉള്ളിലോ ഉണ്ടെങ്കിൽ അവഗണിക്കരുത്.
വസ്തുവിന്റെ നിലവിലെ കൈവശാവകാശം ആർക്കാണ് ?
വസ്തുവിന്റെ രേഖയിൽ ഉടമയായി ഒരാളുടെ പേര് ഉണ്ടായിരിക്കാം. എന്നാൽ സ്ഥലത്ത് യഥാർഥത്തിൽ ആരാണ് കൈവശം വച്ചിരിക്കുന്നത്?വിൽപ്പനക്കാരൻ തന്നെയാണോ സ്ഥലം ഉപയോഗിക്കുന്നത്? മറ്റാരെങ്കിലും താമസിക്കുന്നുണ്ടോ? വാടകക്കാരനുണ്ടോ? കൃഷി ചെയ്യുന്നത് മറ്റൊരാളാണോ? കുടുംബത്തിലെ മറ്റാരെങ്കിലും കൈവശം വച്ചിട്ടുണ്ടോ? ഇത്തരം കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കണം.
പൊസഷൻ സർട്ടിഫിക്കറ്റ് അഥവാ കൈവശാവകാശ സർട്ടിഫിക്കറ്റ്
ഒരു ഭൂമിയോ വസ്തുവോ നിലവിൽ ആരുടെ കൈവശമാണെന്ന് തെളിയിക്കാൻ റവന്യൂ അധികാരികൾ നൽകുന്ന ഔദ്യോഗിക രേഖയാണിത്. ബാങ്ക് ലോണുകൾക്കോ മറ്റ് നിയമപരമായ ആവശ്യങ്ങൾക്കോ വേണ്ടിയാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.വില്ലേജ് ഓഫീസിൽ നിന്നാണ് നമുക്ക് ഇത് ലഭ്യമാകുന്നത്. ഈ-സേവ കേന്ദ്രം വഴി ഓൺലൈനായി പൊസഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതാണ്.ഉടമസ്ഥാവകാശവും കൈവശാവകാശവും ഒരേ കാര്യമല്ല.
രേഖയിൽ ഉടമയുടെ പേര് ഉണ്ടായിരുന്നാലും മറ്റൊരാൾ ദീർഘകാലമായി സ്ഥലത്ത് കൈവശം വച്ചിരിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിന്റെ നിയമപരമായ സ്ഥിതി മനസ്സിലാക്കാതെ വസ്തു വാങ്ങുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
സ്ഥലത്തെപ്പറ്റി അയൽക്കാരോട് ചോദിച്ച് മനസ്സിലാക്കുക?
ഇത് പലപ്പോഴും വളരെ ഉപകാരപ്പെടുന്ന ഒരു പ്രായോഗിക പരിശോധനയാണ്.രേഖകൾ പറയാത്ത ചില വിവരങ്ങൾ സമീപവാസികൾക്ക് അറിയാമായിരിക്കും.
''ഈ സ്ഥലം ആരുടേതാണ്?''
''ഇവിടെ അതിർത്തിയെക്കുറിച്ച് തർക്കമുണ്ടായിട്ടുണ്ടോ?''
''ഈ വഴിയിലൂടെ ആരൊക്കെയാണ് പോകുന്നത്?''
''ഈ സ്ഥലം മുമ്പ് ആരാണ് കൈവശം വച്ചിരുന്നത്?''
''കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ?''
തുടങ്ങിയ കാര്യങ്ങൾ ആവശ്യമായ ജാഗ്രതയോടെ അന്വേഷിക്കാം.
അയൽക്കാരന്റെ വാക്ക് മാത്രം നിയമപരമായ തെളിവായി കണക്കാക്കേണ്ടതില്ല. എന്നാൽ അത്തരത്തിലുള്ള വിവരങ്ങൾ കൂടുതൽ പരിശോധന നടത്താനുള്ള സൂചനയായി ഉപയോഗിക്കാം.
രേഖയും സ്ഥലവും രണ്ടും ഒരുപോലെ പ്രധാനമാണ്
ഒരു വസ്തുവിന്റെ നിയമസുരക്ഷ പരിശോധിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഒരുമിച്ച് നോക്കേണ്ടത്:
രേഖകൾ എന്താണ് പറയുന്നത്? സ്ഥലം യഥാർഥത്തിൽ എന്താണ് കാണിക്കുന്നത്?
ഇവ രണ്ടും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെങ്കിൽ മാത്രമാണ് വാങ്ങുന്നയാൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയുക. രേഖകൾ നല്ലതാണെങ്കിലും സ്ഥലം വ്യത്യസ്തമാണെങ്കിൽ അവിടെ പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട്. സ്ഥലം നല്ലതാണെങ്കിലും രേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അതും അപകടമാണ്.
അതിനാൽ 'Paper Title' ഉം 'Physical Possession' ഉം തമ്മിലുള്ള പൊരുത്തമാണ് ഒരു വസ്തു വാങ്ങുന്നതിലെ പ്രധാന സുരക്ഷാ ഘടകങ്ങളിൽ ഒന്ന്.
അടുത്ത ഭാഗം ' വസ്തുവിൽ വീട് പണിയാൻ കഴിയുമോ?'' അതിൽ ഭൂമിയുടെ സ്വഭാവം, തരംമാറ്റം, ഡാറ്റാബാങ്ക്, കെട്ടിടനിർമാണ അനുമതി, റോഡ് ആക്സസ്, ലോക്കൽ ബോഡി രേഖകൾ എന്നിവ ഉൾപ്പെടും
Content Highlights: Always verify if the physical land matches the measurements in the title deed., Check for discrepancies in survey numbers, resurvey records, and sub-division numbers., Conduct physical verification of all four boundaries and road access rights., Obtain a Possession Certificate from the Village Office via e-Sevana Kendra., Consult a licensed surveyor to measure the property before finalizing the deal.