അടുക്കളയ്ക്ക് യോജിച്ച ചിമ്മിനി തെരഞ്ഞെടുക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മസാലയും എണ്ണയുമൊക്കെ ധാരാളം ഉപയോഗിച്ചുള്ള പാചകരീതിയാണ് നമ്മുടേത്. ഈ മസാലയുടെയൊക്കെ മണവും ഒപ്പം പാചകം ചെയ്തതിന്റെ പുകയും അടുക്കളയില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കും. ഇതിന് പ്രതിവിധിയായാണ് അടുക്കളയില്‍ ചിമ്മിനികള്‍ സ്ഥാപിക്കുന്നത്. പാചകം കാര്യക്ഷമമാക്കാനും വായുസഞ്ചാരം ഉറപ്പുവരുത്താനുമായി ഇന്ന് മിക്കവരും ചിമ്മിനികളുള്ള ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്.
ചിമ്മിനിയോടുകൂടിയ ഇത്തരം ഗ്യാസ് സ്റ്റൗകള്‍ പലതരമുണ്ട്. ഓരോന്നിന്റേയും സവിശേഷതകള്‍ മനസ്സിലാക്കി നമുക്ക് ആവശ്യമുള്ളത് കൃത്യമായി തെരഞ്ഞെടുക്കണം.
- ആദ്യത്തേത് ഐലന്റ് ചിമ്മിനിയാണ്. നിങ്ങളുടെ അടുക്കളയില്‍ കുക്കിങിനായി ഒരു ഐലന്റ് ഉണ്ടെങ്കില്‍ ഐലന്റ് ചിമ്മിനി ഒരു മികച്ച ഓപ്ഷനായിരിക്കും. സാധാരണയില്‍നിന്നു വ്യത്യസ്തമായി അടുക്കളയുടെ ഭിത്തിയിലല്ല മറിച്ച് സ്റ്റൗവും ചിമ്മിനിയും അടുക്കളയുടെ മധ്യഭാഗത്തില്‍ ഒരു ദ്വീപ് പോലെയാവും പിടിപ്പിക്കുക. കുക്ക്‌ടോപ്പിന്റെ അതേ വലുപ്പത്തിലുള്ളതോ അതിലും വലുതോ ആണ് ചിമ്മിനിയെന്ന് ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ പൂര്‍ണമായും ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സാധിക്കൂ.
- അടുത്തത് വാള്‍ മൗണ്ടഡ് ചിമ്മിനികളാണ്. സ്റ്റൗവിനു മുകളിലുള്ള ഭിത്തിയില്‍ ചിമ്മിനി പിടിപ്പിക്കുന്നതാണ് വാള്‍ മൗണ്ടഡ് ചിമ്മിനി. l,u,g എന്നീ ഷെയിപ്പുകളിലുള്ള അടുക്കളകള്‍ക്ക് വാള്‍ മൗണ്ടഡ് ചിമ്മിനി മികച്ച ഓപ്ഷനാണ്. ചെറുതും വലുതുമായ അടുക്കളകളില്‍ ഇത് പിടിപ്പിക്കാം. മാത്രമല്ല, കൗണ്ടര്‍ടോപ്പിലെ സ്ഥലം ഒട്ടും എടുക്കുന്നുമില്ല.
- ബില്‍റ്റ് ഇന്‍ ഹോബ് ടോപ്പ് സ്റ്റൗവ് വിത്ത് ചിമ്മിനിയാണ് അടുത്തത്. ഇവിടെ സ്റ്റൗ അടുക്കളയിലെ മുന്നേ നിശ്ചയിച്ചുവെച്ച സ്ഥലത്തേക്ക് പിടിപ്പിക്കാവുന്നതാണ്. ചിമ്മിനി ഭിത്തിയിലോ സീലിങിലോ സൗകര്യംപോലെ പിടിപ്പിക്കാം. ഈ ചിമ്മിനി ആവശ്യത്തിന് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. കുക്കിങ് ഏരിയ മുന്നേ നിശ്ചയിച്ചുവെച്ചിട്ടുള്ള മോഡേണ്‍ കിച്ചണുകള്‍ക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.
- ഇന്‍ക്ലൈന്‍ഡ് അഥലാ സ്ലാന്റിങ് ചിമ്മിനികളാണ് അടുത്തത്. തീരെ ചെറിയ അടുക്കളകള്‍ മുതല്‍ മീഡിയം വലുപ്പമുള്ള അടുക്കളകള്‍ക്ക് വരെ ഇത്തരം ചിമ്മിനകള്‍ അനുയോജ്യമാണ്. വളരെ കാര്യക്ഷമമായി ഇത് പാചകഗന്ധത്തെ വലിച്ചെടുക്കും. മാത്രമല്ല, ഇവ നമ്മുടെ അടുക്കളയുടെ സ്ഥലം ലാഭിക്കുകയും ചെയ്യും. u,l മുതലായ ലേയൗട്ടുകളുള്ള അടുക്കളയ്ക്ക് ഇത്തരം സ്ലാന്റിങ് ചിമ്മിനികള്‍ അനുയോജ്യമാണ്.
- സ്‌ട്രെയിറ്റ് ലൈന്‍ ചിമ്മിനികളാണ് അടുത്തത്. പരമ്പരാഗത ചിമ്മിനികളാണ് ഇവ. കാണാനുള്ള ഭംഗിയ്ക്കുപകരം പെര്‍ഫോമന്‍സിനാണ് ഇത്തരം ചിമ്മിനികള്‍ പ്രാധാന്യം നല്‍കുന്നത്. ചെറിയ അടുക്കളയാണെങ്കില്‍ ഇവ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തും. മാത്രമല്ല, പാചകഗന്ധം അകറ്റുന്നതിലും വായുസഞ്ചാരം പ്രദാനം ചെയ്യുന്നതിലും അടുക്കളയിലേക്ക് ശുദ്ധവായു പ്രദാനം ചെയ്യുന്നതിലും സ്‌ട്രെയിറ്റ് ലൈന്‍ ചിമ്മിനികള്‍ മികച്ചതാണ്.
- പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ വിത്ത് ചിമ്മിനിയാണ് അടുത്ത തരം. വളരെ ഇടുങ്ങിയ അപാര്‍ട്‌മെന്റിലോ അല്ലെങ്കില്‍ ഔട്ട്‌ഡോറിലോ ഒക്കെ പാചകം ചെയ്യുമ്പോഴുള്ള ഏറ്റവും നല്ല ചോയ്‌സാണ് പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ വിത്ത് ചിമ്മിനി. പേരുപോലെ സ്റ്റൗ നമുക്ക് ഇഷ്ടാനുസരണം എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതാണ്. ചിമ്മിനി അടുത്തുള്ള ജനാലയിലോ മറ്റോ പിടിപ്പിക്കാം. ഇതുവഴി ആവശ്യത്തിന് വെന്റിലേഷനും ലഭിക്കും.
ചിമ്മിനി പിടിപ്പിക്കുന്നത് എന്തിനൊക്കെ?
- അടുക്കളയ്ക്കുള്ളിലെ അധിക ചൂട് നീക്കം ചെയ്യുന്നു എന്നതാണ് ആദ്യത്തെ നേട്ടം. ഭക്ഷണം വേവുന്നതിന്റെ ചൂടും നീരാവിയുമെല്ലാം നമുക്ക് അസ്വസ്ഥതയുണ്ടാക്കും. മോഡേണ്‍ ചിമ്മിനികള്‍ ഈ ചൂട് നീക്കം ചെയ്യുക മാത്രമല്ല, നമ്മുടെ തുമ്മലിനേയും തടയുന്നുണ്ട്. ഇത് മികച്ച പാചക അനുഭവമാണ് നല്‍കുന്നത്.
- അടുക്കളയ്ക്ക് സൗന്ദര്യാത്മകത നല്‍കുന്നതിലും ചിമ്മിനികള്‍ക്ക് പങ്കുണ്ട്. അടുക്കളയിലെ ടൈല്‍സ്, ഭിത്തി, സീലിങ് എന്നിവ യാതൊരു അഴുക്കും പറ്റാതെ സൂക്ഷിക്കുന്നതോടൊപ്പം അടുക്കളയ്ക്ക് വളരെ പരിഷ്‌കൃതമായ ഒരു ലുക്കും മോഡേണ്‍ ചിമ്മിനികള്‍ നല്‍കുന്നു.
- പുകയും ദുര്‍ഗന്ധവും നിറഞ്ഞുനില്‍ക്കുന്ന അടുക്കള ധാരാളം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അവ നീക്കം ചെയ്യുന്നത് ചിമ്മിനികളാണ്. അടുക്കളയില്‍നിന്നുവരുന്ന ദുര്‍ഗന്ധത്തേയും വിഷപ്പുകയേയും അകറ്റിക്കൊണ്ട് ചിമ്മിനികള്‍ നമ്മുടെ ആരോഗ്യം കാക്കുന്നു.
- അടുക്കളയിലെ ഭിത്തിയിലും മറ്റും സാധാരണമായി കണ്ടുവരാറുള്ള ഇരുണ്ട പാടുകള്‍ എണ്ണയും ഗ്രീസും പുകയും മൂലം ഉണ്ടാവുന്നതാണ്. പുകയെ വലിച്ചെടുക്കാന്‍ എക്‌സ്‌ഹോസ്റ്റ് ഫാനിന് ഒരു പരിധി വരെയേ സാധിക്കൂ. കുക്ക്‌ടോപ്പില്‍നിന്ന് വളരെ അകലയായാരിക്കും എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുക. അതിനാല്‍, നമ്മുടെ അടുക്കളച്ചുവരുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ചിമ്മിനി തന്നെ ഉപയോഗിക്കണം.
Content Highlights: types and features of different types of chimney for your kitchen