ചെറുതല്ല 'ചവിട്ടി'ക്കാര്യം; വീട്ടിലേക്ക് ചവിട്ടി വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കാറുണ്ടോ?

പുറത്തുപോയിവരുമ്പോഴുള്ള അഴുക്കും അവശിഷ്ടങ്ങളുമൊന്നും നമ്മുടെ വീട്ടിനുള്ളിലേക്ക് കയറ്റേണ്ടവയല്ല. ഷൂസില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ അവശിഷ്ടങ്ങള്‍ വീടിനുപുറത്തുതന്നെ ഉപേക്ഷിക്കാന്‍ വാതിൽക്കൽ തന്നെ ചവിട്ടി സ്ഥാപിക്കാറുണ്ട്. ഇതുകൂടാതെ വീടിനകത്തും ചവിട്ടികള്‍ വിരിക്കുന്നതും നല്ലതാണ്. എന്നാല്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മാറ്റുകളുടെ ഉപയോഗവും തരങ്ങളും വ്യത്യസ്തമാണ്.
വീടിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിക്കുന്ന ചവിട്ടി നമ്മുടെ വീടിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം കൂടിയാണ്. ഇത് വീടിനകത്തേക്ക് ചെളി കയറുന്നത് തടയുന്നതിനൊപ്പം വീടിന് അഴകും ആകര്‍ഷണത്വവും സമ്മാനിക്കുകയും ചെയ്യുന്നു. ഒപ്പം പ്രവേശനകവാടവും മനോഹരമാക്കുന്നുണ്ട്. ഈര്‍പ്പവും അഴുക്കും തറകള്‍ക്ക് കേടുവരുത്തും. അതിനാല്‍ ഈര്‍പ്പം ആഗിരണം ചെയ്യാത്ത ഡോര്‍മാറ്റുകള്‍ പുറത്ത് വിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് സന്ദര്‍ശകര്‍ക്ക് ചെരുപ്പ് പുറത്ത് ഊരിയിടാനും വീടിനകം വൃത്തിയായി സൂക്ഷിക്കാനും പ്രോത്സാഹനവും നല്‍കും.
വീട്ടിലേക്കുള്ള ഡോര്‍മാറ്റുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- മഴയേയും മഞ്ഞിനേയും പ്രതിരോധിക്കാന്‍ കഴിയുന്നതാവണം ഡോര്‍മാറ്റുകള്‍. ഔട്ട്‌ഡോര്‍ മാറ്റുകളാണെങ്കില്‍ അവ വെള്ളത്തെ പ്രതിരോധിക്കുന്നതാണെന്നും വേഗത്തില്‍ ഉണങ്ങാന്‍ കഴിയുന്നതാണെന്നും ഉറപ്പുവരുത്തുക. കാഴ്ചയ്ക്കുള്ള സൗന്ദര്യത്തോടൊപ്പം ഔട്ട്‌ഡോര്‍ മാറ്റുകള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കഴിവാണ്.
- അടുത്തത് ഡോര്‍മാറ്റുകളുടെ മെറ്റീരിയലാണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മാറ്റുകള്‍ക്ക് വ്യത്യസ്തമായ ജോലികളാണുള്ളത്. ഔട്ട്‌ഡോര്‍ മാറ്റുകള്‍ പ്രധാനമായും അഴുക്കിനെതിരെയുള്ള പ്രതിരോധമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്‍ഡോര്‍ മാറ്റുകള്‍ അഴുക്ക്, ഈര്‍പ്പം എന്നിവയെ ആഗിരണം ചെയ്യുന്ന തരത്തിലുള്ളവയാകണം. ഇവയ്ക്ക് രണ്ടിനും രണ്ടുതരം മെറ്റീരിയലുകളാണ് ആവശ്യവും. ഔട്ട്‌ഡോറില്‍ വിരിക്കുന്ന ചവിട്ടികള്‍ക്ക് സിന്തറ്റിക് മെറ്റീരീയലുകളാണ് അനുയോജ്യം. എന്നാല്‍, ഇന്‍ഡോറിന് കയര്‍ പോലെയുള്ള സ്വാഭാവിക വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഡോര്‍മാറ്റുകളാണ് യോജിച്ചത്.
- യുവി പ്രതിരോധശേഷിയാണ് മാറ്റുകള്‍ വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു ഘടകം. സൂര്യതാപം ഒഴിവാക്കാനും ദീര്‍ഘനാള്‍ ഭംഗി കാത്തുസൂക്ഷിക്കാനും അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.
- നിങ്ങളുടെ വീടിന്റെ എന്‍ട്രന്‍സിന്റെ അതേ വലിപ്പമായിരിക്കണം കാര്‍പ്പറ്റിനും. പ്രവേശനകവാടത്തേക്കാള്‍ ഒരുപാട് വലുതോ ചെറുതോ ആയ കാര്‍പ്പറ്റുകള്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും.
- കാര്‍പറ്റുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവ തന്നെ വാങ്ങാന്‍ ശ്രമിക്കണം. ഇവ ഒന്നിച്ച് വാങ്ങുമ്പോള്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കണമെങ്കിലും നിലവാരം പ്രധാനമാണ്.
- പൂപ്പല്‍ പ്രതിരോധമാണ് ഡോര്‍മാറ്റുകളുടെ മറ്റൊരു ഉപയോഗം. അതിനാല്‍, പരമാവധി പൂപ്പല്‍ പിടിക്കാത്ത തരത്തിലുള്ള മാറ്റുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇത് മാറ്റില്‍നിന്ന് അസുഖകരമായ ഗന്ധം ഉണ്ടാവുന്നതും അതുവഴി അതിഥികള്‍ക്കും വീട്ടിലുള്ളവര്‍ക്കും ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നത് തടയുകയും ചെയ്യും.
Content Highlights: things to consider before choosing carpets for your home