ഈ ആറു സാധനങ്ങള്‍ ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കരുത്

മിക്ക വീടുകളിലും സാധനങ്ങള്‍ സൂക്ഷിക്കാനായി പ്ലാസ്റ്റിക് ബിന്നോ, ബോക്‌സുകളോ ഒക്കെ ഉണ്ടാവും. മിക്കവാറും ഭക്ഷണസാധനങ്ങളും ഇതിനുള്ളിലേക്ക് കുത്തിക്കയറ്റിവെയ്ക്കാനുള്ള പ്രവണത മിക്കവര്‍ക്കുമുണ്ട്. എന്നാല്‍, ദീര്‍ഘനാള്‍ പ്ലാസ്റ്റിക്കില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ധാരാളം വസ്തുക്കളുണ്ട്.
പ്ലാസ്റ്റിക്കിന് എന്താണ് പ്രശ്‌നം?
സാധനങ്ങള്‍ സൂക്ഷിക്കാന്‍ നമ്മുടെ വീടുകളില്‍ ഉപയോഗിക്കാറുള്ള ഏറ്റവും സാധാരണ വസ്തുക്കളാണ് പ്ലാസ്റ്റിക് ബിന്നുകള്‍. ഏറ്റവും എളുപ്പത്തില്‍ ലഭ്യമായതും കാണപ്പെടുന്നതുമാണെങ്കിലും പ്ലാസ്റ്റിക്കിന് ഈര്‍പ്പത്തെ വലിച്ചെടുക്കാനും മണം ആഗിരണം ചെയ്യാനും കഴിയും. ഇത് ചില ഭക്ഷണസാധനങ്ങളെ കേടാക്കുകയും തുണിത്തരങ്ങളെ നശിപ്പിക്കുകയും ചെയ്യും.
ഒരിക്കലും പ്ലാസ്റ്റിക് ബിന്നുകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ആറു വസ്തുക്കള്‍ താഴെപ്പറയുന്നവയാണ്:
- തുണിത്തരങ്ങള്‍ പൊതുവേ പ്ലാസ്റ്റിക് ബിന്നുകളില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ത്തന്നെ അതിലോലമായ ഫാബ്രിക്കുകള്‍ ഇത്തരം കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കുന്നത് നിര്‍ത്തുക. പട്ട്, കമ്പിളി, ലെയ്‌സ് മുതലായ തുണിത്തരങ്ങള്‍ പെട്ടന്ന് നശിച്ചുപോകുന്നവയാണ്. ഇവ പ്ലാസ്റ്റിക് ബിന്നുകളില്‍ സൂക്ഷിച്ചാല്‍ പ്രത്യേകതരം മണം പിടിപെടുകയും പെട്ടന്നുതന്നെ നശിച്ചുപോവുകയും ചെയ്യും. ഇത്തരം തുണികള്‍ സൂക്ഷിക്കാനായി മറ്റു കണ്ടെയ്‌നറുകളാണ് നല്ലത്.
- അടുത്തത് ലെതര്‍ സാധനങ്ങളാണ്. ലെതര്‍ വസ്ത്രങ്ങള്‍, ഷൂസ്, ഹാന്‍ഡ്ബാഗുകള്‍, ബെല്‍റ്റുകള്‍ എന്നിവ പ്ലാസ്റ്റിക് ബിന്നുകളില്‍ സൂക്ഷിച്ചാല്‍ അതിനുള്ളില്‍ ഈര്‍പ്പം തങ്ങിനിന്ന് ലെതര്‍ നശിച്ചുപോകാനാണ് സാധ്യത. ലെതറിനു മുകളില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നതായും കാണാം. ലെതര്‍ കൊണ്ടുള്ള ചെറിയ സാമഗ്രികളൊക്കെ സൂക്ഷിക്കാന്‍ ഒരു ഡസ്റ്റ് ബാഗ് മതിയാവും. വലിയ ലെതര്‍ സാമഗ്രികള്‍ സൂക്ഷിക്കാന്‍ മറ്റ് കണ്ടെയ്‌നറുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യാം.
- അടുത്തത് പ്രധാനപ്പെട്ട ഡോക്യുമെന്റുകളും ഫോട്ടോകളുമാണ്. ഇവയുടെ ഹാര്‍ഡ്‌കോപ്പികള്‍ ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൂക്ഷിക്കാന്‍ വെയ്ക്കരുത്. പ്രധാനപ്പെട്ട രേഖള്‍ വെള്ളവും തീയുമൊന്നും വന്നാലും നശിക്കാത്തയിടങ്ങളിലാണ് സൂക്ഷിച്ചുവയ്‌ക്കേണ്ടത്. കൂടാതെ, ഇവയുടെ ഡിജിറ്റല്‍ കോപ്പിയും ബാക്കപ്പ് ആയി സൂക്ഷിച്ചുവെയ്ക്കണം.
- അടുത്തത് ഭക്ഷണപദാര്‍ഥങ്ങളാണ്. ഫ്രഷ് ആയതും ഉണങ്ങിയതുമായ ഭക്ഷണസാധനങ്ങള്‍ ഗ്ലാസ് പാത്രങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഇവ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചാല്‍ ഭക്ഷണത്തിന് മറ്റ് ഗന്ധമുണ്ടാവുകയും ഭക്ഷണത്തിനുള്ളില്‍ കെമിക്കലുകള്‍ കലരുകയും ചെയ്യാന്‍ സാധ്യതയുണ്ട്. താപനിലയില്‍ വ്യത്യാസം വരുന്നതനുസരിച്ച് ഭക്ഷണത്തില്‍ പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്.
- അടുത്തത് ഇലക്ട്രോണിക് ഉപകരണങ്ങളാണ്. സ്‌റ്റോറേജ് ബിന്നുകള്‍ക്കുള്ളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നത് ഇത്തരം ഉപകരണങ്ങളെ ഉപയോഗശൂന്യമാക്കും. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പൊടി പിടിക്കാതെ സൂക്ഷിക്കാന്‍ കോട്ടണ്‍ ഷീറ്റ് കൊണ്ട് പൊതിഞ്ഞുവെച്ചാല്‍ മതിയാവും.
- പെറ്റ് ഫൂഡാണ് അടുത്തത്. നായ്ക്കള്‍ക്കോ പൂച്ചകള്‍ക്കോ ഒക്കെയുള്ള ഭക്ഷണം പായ്ക്കറ്റില്‍നിന്ന് നേരിട്ട് പ്ലാസ്റ്റിക് ബോക്‌സിനുള്ളില്‍ ഇട്ടുവെയ്ക്കുന്ന ശീലം അവസാനിപ്പിക്കണം. എല്ലാത്തരം എണ്ണയും ആഗിരണം ചെയ്യാനുള്ള കഴിവ് പ്ലാസ്റ്റിക്കിനുണ്ട്. ഡോഗ് ഫുഡില്‍ അടങ്ങിയിരിക്കുന്ന എണ്ണ പെട്ടന്ന് ഈ കണ്ടെയ്‌നറുകള്‍ വലിച്ചെടുക്കുകയും ഇത് ഭക്ഷണത്തെ ചീത്തയാക്കുകയും ചെയ്യും. ഒപ്പം പായ്ക്കറ്റ് മുഴുവന്‍ ഒരു ദുര്‍ഗന്ധവും പരത്തും. അതു തടയാനായി ഭക്ഷണം സൂക്ഷിച്ചുവെയ്ക്കാന്‍ വായുടകടക്കാത്ത കണ്ടെയ്‌നര്‍ തെരഞ്ഞെടുക്കുക.
Content Highlights: six things that should never be stored in plastic bins