ഒരു പ്ലേറ്റും രണ്ടു സ്പൂണും മാത്രമുള്ള വീട്; മിറയെത്തിയത് അസൗകര്യങ്ങളുടെ നടുവിലേക്ക്- ഷാഹിദ് കപൂര്‍

നിരവധി ഹിറ്റ് സിനിമകള്‍ ബോളിവുഡിന് സമ്മാനിച്ച നടനാണ് ഷാഹിദ് കപൂര്‍. 42 കാരനായ ഷാഹിദ് ഫിറ്റ്‌നസിലും അതീപശ്രദ്ധ പുലര്‍ത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ ഭാര്യയായി മിറ രാജ്പുത് ജീവിതത്തിലേയ്ക്ക് വന്നതിന് ശേഷമുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം അടുത്തിയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വലിയ ജനശ്രദ്ധ നേടുകയാണ്.
2015-ലാണ് ഷാഹിദിന്റെ വിവാഹം നടക്കുന്നത്. ശേഷം മിറ വീട്ടിലേക്ക് വന്നതിനെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. വിവാഹസമയത്താണ് അദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീട്ടിലേക്കെത്തിയ മിറയെ വരവേറ്റത് നിറയെ അസൗകര്യങ്ങളായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ആ വീട്ടില്‍ തനിക്ക് ആകെയുണ്ടായത് ഒരു പ്ലേറ്റും രണ്ടു സ്പൂണും മാത്രമായിരുന്നു. ഇത് കണ്ട് അമ്പരന്ന് പോയ മിറ ' ഇത് മാത്രമായി എങ്ങനെ ജീവിക്കുന്നു' എന്നാണ് തന്നോട് ചോദിച്ചതെന്നും താരം പറഞ്ഞു. ഒറ്റയ്ക്കുള്ള താമസത്തില്‍ അതിനപ്പുറമൊന്നും തനിക്ക് ആവശ്യമായി വന്നില്ലെന്നും ഷാഹിദ് വ്യക്തമാക്കി. അതിഥികളൊക്കെയെത്തിയാല്‍ എന്താ ചെയ്യുകയെന്നായി മിറയുടെ അടുത്ത ചോദ്യം അതിന് താന്‍ പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്യാമെന്ന് മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് രണ്ടുപേരും ചേര്‍ന്ന് മിറയുടെ താത്പര്യവും മുന്‍നിര്‍ത്തി പുതിയ വീട് ഭംഗിയാക്കിയെടുക്കുകയായിരുന്നു.
മുംബൈയില്‍ വര്‍ളിയിലാണ് അവരുടെ 55.9 കോടി രൂപയുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമേ 2.91 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ചെലവാക്കിയിട്ടുണ്ട്. മക്കള്‍ മിഷയ്ക്കും സെയ്‌നിനുമൊപ്പം ഇരുവരും ഈ വീട്ടില്‍ തന്നെയാണ് താമസം. കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയില്‍ നഗരത്തിനുള്ളിലാണ് വീടിന്റെ സ്ഥാനം.
അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ രണ്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന വീടാണിത്. 8,625 ചതുരശ്ര അടിയാണ് ഡ്യൂപ്ലക്‌സിന്റെ വിസ്തീര്‍ണ്ണം. ഇതിനുപുറമെ 500 ചതുരശ്ര അടിയില്‍ വിശാലമായ ബാല്‍ക്കണിയും ഒരുക്കിയിട്ടുണ്ട്. ഇരുവരുടെയും സമൂഹമാധ്യമ പേജുകളില്‍ വീടിന്റെ ചിത്രങ്ങളും കുടുംബവുമായുള്ള സന്തോഷനിമിഷങ്ങളും പതിവായി കാണാം.
വീട്ടില്‍ ബെഡ്‌റൂമിന് ഇരുണ്ടനിറത്തിലുള്ള തീമാണ് നല്‍കിയിരിക്കുന്നത്. കുടുംബവുമായുള്ള ചിത്രങ്ങള്‍ ഈ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. വെളുത്ത നിറത്തില്‍ കാല്‍പാദത്തിന്റെ ആകൃതിയില്‍ നിര്‍മിച്ച
കോഫി ടേബിളും എടുത്തുപറയേണ്ട ഒന്നാണ്. അങ്കുര്‍ ഖോസ്‌ലയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Content Highlights: Shahid kapoor,mira rajput,myhome,celeb home,home news