പൂപ്പലും ഈർപ്പവും അകറ്റി വീടുകൾക്കേകാം സംരക്ഷണം; മഴ കനക്കുമ്പോൾ ടെൻഷൻ ഫ്രീയാകാം

പ്രതീകാത്മകചിത്രം | Photo : canva.com
പ്രതീകാത്മകചിത്രം | Photo : canva.com

കേരളത്തിലെ ഏറ്റവും ദൈർഘമേറിയ കാലമാണ് മഴക്കാലം. ഈ സമയത്ത് വീടുകൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇതിനോടകം തന്നെ മൺസൂൺ ശക്തിപ്രാപിച്ചുകഴിഞ്ഞു. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് തന്നെ വീടിനാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് അഭികാമ്യം. എങ്കിലും നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ ഒന്ന് ഓർമയിൽ വെച്ചാൽ വീടിന് ഗുണം, വീട്ടുടമയ്ക്ക് മനസമാധാനം മിച്ചം.  

മേൽക്കൂരകളിൽ ശ്രദ്ധയാകാം 

  • വീടുകൾ നിർമിക്കുമ്പോൾ തന്നെ മേൽക്കൂരയുടെ ഘടനയിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മേൽക്കൂരയ്ക്ക് വേണ്ട വാട്ടർ പ്രൂഫിങ് നിർമാണസമയത്ത് തന്നെ നൽകാം. അക്കാര്യത്തിൽ ശ്രദ്ധ ഉറപ്പുവരുത്തിയാൽ ചോർച്ചയേക്കുറിച്ചോ ചുമരുകളിലേക്ക് ഈർപ്പമിറങ്ങുന്നതിനേക്കുറിച്ചോ ഉണ്ടാകാനിടയുള്ള ടെൻഷൻ ഒഴിവാക്കാം. 
  • മഴ തുടങ്ങുന്നതിനു മുമ്പ് വീടുകളുടെ മേൽക്കൂരയിൽ കെട്ടികിടക്കുന്ന ഇലകളും മറ്റും നീക്കം ചെയത് മഴവെള്ളം തടഞ്ഞുനിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. മഴ പെയ്തു തുടങ്ങും മുമ്പ് റൂഫ് ഗട്ടറുകളിലെ ഇലകളും ചവറുകളും നീക്കാൻ മറക്കരുത്. ഇല്ലെങ്കിൽ മഴ വെള്ളം ഒഴുകിപ്പോകുന്നതിന് പകരം ഭിത്തിയിലൂടെയും മറ്റും കവിഞ്ഞ് ഒഴുകും. 
  • പരന്ന പ്രതലമുള്ള മേൽക്കൂരയേക്കാൾ ചരിഞ്ഞ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മേൽക്കൂരയിൽ ഓട് പാകുന്നുണ്ടെങ്കിൽ കൃത്യമായി പ്ലാസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കേണ്ടതാണ്. മരങ്ങളുള്ള സ്ഥമാണെങ്കിൽ ഇലകൾ വീണ് ഓടുകൾക്കിടയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങി ചോർച്ചയോ ഈർപ്പമോ ഉണ്ടാക്കാൻ ഇടയാക്കും. ഓട് മേഞ്ഞ വീടുകൾക്ക് മഴയ്ക്ക് മുമ്പ് തന്നെ ചെറിയ അറ്റകുറ്റപണികൾ വരുത്താം. ചോർച്ചയാണ് വീടിന്റെ ഏറ്റവും വലിയ ശത്രു. ചുവരുകൾ കേടുവരുന്നതിന് പ്രധാനകാരണങ്ങളിലൊന്ന് നനവാണ്. പായലും പൂപ്പലും അകറ്റിനിർത്താനുള്ള മാർഗങ്ങളും സ്വീകരിക്കാം. 
    പ്രതീകാത്മകചിത്രം | Photo : canva.com 

വീട്ടുസാമാനങ്ങൾക്ക് നൽകാം മഴക്കാലശ്രദ്ധ 

  • മഴക്കാലം തുടങ്ങുന്നതിനു മുന്നോടിയായി കാർപെറ്റുകൾ, കുഷ്യൻ, കിടക്കകൾ, ഇവ വെയിൽ കൊള്ളിച്ച് ഈർപ്പം തട്ടാത്തവിധം സൂക്ഷിക്കുക എന്നത് എല്ലാ കൊല്ലവും ഓർമയിൽ വെക്കേണ്ടതാണ്. നന്നായി വെയിൽ കൊള്ളിക്കുന്നത്  കാർപെറ്റുകൾക്കും മറ്റും പുതുമയും വൃത്തിയും നൽകുകയും ദുർ​ഗന്ധം അകറ്റുന്നതിന് സ​ഹായിക്കുകയും ചെയ്യും.  
  • മഴക്കാലത്ത് ഏറെ സംരക്ഷണം വേണ്ട ഒന്നാണ് തടികൊണ്ടുള്ള ഫർണിച്ചറുകൾ. ഫർണിച്ചറുകളിലെ പൂപ്പലുകൾ വീട്ടിലുള്ളവരുടെ മൊത്തം ആരോഗ്യത്തെ ബാധിക്കാൻ കാരണമാകും. ചില തരം പ്രാണികളും തടിസാധനങ്ങളെ കേടുവരുത്താൻ ഇടയുണ്ട്. കർപ്പൂരം, വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ അകറ്റും. അതേപോലെ ഫർണിച്ചറുകൾ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ട് പൊതിഞ്ഞ് ഈർപ്പം തട്ടാതെ സൂക്ഷിക്കാൻ ശ്രമിക്കാം. ചുമരുകളിൽനിന്നും ജനാലകളിൽനിന്നും  അൽപമകലം പാലിച്ച് സോഫകളും മറ്റു ഫർണിച്ചറുകളും സെറ്റ് ചെയ്യാം.  
  • മണ്ണെണ്ണ, ഗ്ലിസറിൻ എന്നിവ പുരട്ടുന്നതും മഴക്കാലത്ത് ഫർണിച്ചറുകളെ സംരക്ഷിക്കും. ചിതലുകളെ അകറ്റുന്ന കാര്യത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. 
  • മെറ്റൽ ഉപകരണങ്ങൾ വെള്ളം നനയാതെ സൂക്ഷിക്കുക. ഈർപ്പമുണ്ടെങ്കിൽ ഇത്തരം മെറ്റൽ ഉത്പന്നങ്ങളിൽ തുരുമ്പ് പിടിക്കാൻ ഇടയാകും. മഴക്കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ പ്ലഗുകൾ കഴിയുന്നതും സ്വിച്ച് ബോർഡിൽ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോൾ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്നും ഇലക്രോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കണം.
    പ്രതീകാത്മകചിത്രം | Photo : canva.com 

മഴക്കാലത്തെ വീടുനിർമാണം 

  • വീട് പണി നടത്തുന്നവർ മഴക്കാലത്തിനുമുമ്പ് തന്നെ പുറത്തെ പണികൾ ചെയ്തു തീർക്കുന്നതാണ് നല്ലത്. പെയിന്റിങ്, പോളിഷിങ് ഇവയ്ക്കെല്ലാം ഈർപ്പമുള്ള സമയം ബുദ്ധിമുട്ടുണ്ടാക്കും. തോരാതെ മഴ പെയ്യുമ്പോൾ പെയിന്റിങ് നടത്തുന്നത് നല്ലതല്ല. പെയിന്റ് ശരിക്ക് ഉണങ്ങാതിരിക്കാനോ വേ​ഗത്തിൽ ഇളകിപ്പോകാനോ ഇടയാകും. മഴക്കാലത്തേക്ക് പെയ്ന്റിങ്, പോളിഷിങ് പണികൾ നീളുന്ന പക്ഷം മഴയ്ക്ക് അൽപശമനം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതാണ് നന്ന്. 
  • പ്ലൈവുഡ്, ജിപ്സം ബോർഡ് ഇവ നനയാതെ സൂക്ഷിക്കണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന  മഴയ്ക്ക് മുന്നോടിയായി ഇത്തരം സാധനങ്ങൾ സുരക്ഷിതമായി സംഭരിച്ചുവെക്കുന്നതാവും നല്ലത്.
    പ്രതീകാത്മകചിത്രം | Photo : canva.com 

മഴക്കാലത്ത് ശ്രദ്ധ വേണ്ട മറ്റു ചിലകാര്യങ്ങൾ 

  • ഈർപ്പം തങ്ങി നിൽക്കുന്ന കാർപെറ്റുകളും റഗ്ഗുകളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. കാർപെറ്റുകൾ പ്ലാസ്റ്റിക്ക് കവറിൽ നന്നായി പൊതിഞ്ഞ് സൂക്ഷിക്കാം. മഴക്കാലത്ത് ഉപയോ​ഗിക്കാവുന്ന തരത്തിലുള്ള ചവിട്ടികളാണ് അഭികാമ്യം.
  • മഴയിൽ നിന്ന് വീട്ടിനുളിലേക്കു കയറുമ്പോൾ കുടകൾ വെക്കാൻ ഒരു സ്റ്റാൻഡ്, റെയിൻ കോട്ട് തൂക്കിയിടാനുള്ള സൗകര്യം എന്നിവ ഒരുക്കുന്നതും നല്ലതാണ്. 
  • മഴക്കാലത്ത് തുണി ഉണക്കലാണ് ഏറ്റവും വെല്ലുവിളി. തുണികൾ ശരിയായി വെയിലത്ത് ഇട്ട് ഉണക്കാൻ കഴിയാത്തതിനാൽ തുണികൾക്കും ഒപ്പം തുണികൾ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകളിലും ദുർഗന്ധമുണ്ടാകും. ഇത്അകറ്റാൻ അലമാരയിൽ കർപ്പൂരം വയ്ക്കാം. ഒരു കാരണവശാലും പൂർണമായും ഉണങ്ങാത്ത തുണികൾ അലമാരയിൽ വയ്ക്കരുത്. കഴിയുന്നതും മഴക്കാലത്ത് വേഗം ഉണങ്ങുന്ന തരം വസ്ത്രങ്ങൾ ഉപയോഗിക്കുക.
  • മഴവെള്ളശേഖരണത്തിനായി സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിൽ ആ ടാങ്കിലേക്കുള്ള വാൽവ് ആദ്യമഴയിൽ പുറത്തേക്ക്  തുറന്നു വിടാൻ മറക്കരുത്. ഇല്ലെങ്കിൽ കെട്ടി കിടന്ന ചെളി ടാങ്കിന്റെ കാര്യക്ഷമതയെ ബാധിക്കും.
    Photo : canva.com
     

Content Highlights: Protecting your home when it rains