അൽപ്പം ശ്രദ്ധിച്ചാൽ മതി; അടുക്കളയും വാർധക്യകാല സൗഹൃദമാക്കി മാറ്റാം

'പണ്ടൊക്കെ അടുക്കളാന്ന് പറഞ്ഞാ എന്റെ രാജ്യമായിരുന്നു... എന്തൊക്കെ സാധനങ്ങളാ ണ്ടാക്കിയിരിക്കുന്നത്... ഇന്നിപ്പോ അടുക്കളയില്‍ കയറിയാലും എവിടേലും തട്ടിത്തടഞ്ഞു വീഴുമോയെന്നാണ് പേടി. അതോണ്ടിപ്പോ ആ ഭാഗത്തേക്കൊന്നും പോക്കില്ല...''- കൃഷ്‌ണേട്ടന്‍ പറഞ്ഞുനിര്‍ത്തി. കൃഷ്‌ണേട്ടനെപ്പോലെ ഒട്ടേറെ മുതിര്‍ന്നവരെയാണ് പ്രായം അടുക്കളയ്ക്കു മുന്നില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. സന്ധിവാതം, കാഴ്ചക്കുറവ്, മറവി തുടങ്ങിയ വാര്‍ധക്യസഹജ രോഗങ്ങള്‍കാരണം പല വെല്ലുവിളികളും വയോജനങ്ങള്‍ നേരിടുന്നുണ്ട്. മറ്റാരുടെയും സഹായമില്ലാതെ കാര്യങ്ങള്‍ചെയ്യാനാവുന്നത് ഇവരുടെ ആത്മവിശ്വാസമുയര്‍ത്താന്‍ സഹായിക്കും. ചൂടും മൂര്‍ച്ചയേറിയ ഉപകരണങ്ങളുമുള്ള അടുക്കളകള്‍ മുതിര്‍ന്നവരുടെയും ലോകമാക്കിമാറ്റാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.
അടുക്കളയില്‍ പ്രകാശം നിറയ്ക്കാം
അടുക്കളയില്‍ പകല്‍സമയത്തും അല്ലാത്തപ്പോഴും കൃത്യമായി പ്രകാശം ലഭിക്കുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. കണ്ണിനു സമ്മര്‍ദംനല്‍കാത്ത തരത്തിലുള്ള എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുന്നത് ഏറെ സഹായകമാണ്. കൂടാതെ, സാധാരണ സ്വിച്ചുകളില്‍നിന്നു വ്യത്യസ്തമായി പരന്ന പ്രതലമുള്ള 'റോക്കര്‍ ലൈറ്റ്' സ്വിച്ചുകള്‍ ഉപയോഗിക്കാം. ഇവ ഉപയോഗിക്കാനും എളുപ്പമാണ്.
മുതിര്‍ന്നവര്‍ പെരുമാറുന്ന അടുക്കളയുടെ വലുപ്പം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. വലിയ സ്ഥലമുള്ള അടുക്കളയെക്കാളും സാധനങ്ങള്‍ കൈയെത്തുന്ന ദൂരത്തു കിട്ടുന്ന ചെറിയ അടുക്കളയാണ് നല്ലത്. അടുക്കളയില്‍ ഏറ്റവുംപ്രധാനപ്പെട്ട ഒന്നാണ് വര്‍ക് ട്രയാംഗിള്‍. അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ത്രികോണ അളവാണിത്. ഇതിന്റെ ചുറ്റളവ് 16 അടിയില്‍ കൂടാതെ ശ്രദ്ധിക്കണം. ഈ അളവിനുള്ളില്‍ അടുക്കള പണിയുന്നത് മുതിര്‍ന്നവരെ അധികംനടക്കാതെ പണികള്‍ ചെയ്യാന്‍ സഹായിക്കും.
എല്ലാം കൈയെത്തുന്ന ദൂരത്ത്
വീല്‍ച്ചെയറില്‍നിന്ന് എളുപ്പത്തില്‍ കൈയെത്തുന്ന, താഴത്തെ ഭാഗത്തെ ഷെല്‍ഫുകളില്‍ പാത്രങ്ങളും മറ്റ് ദൈനംദിന ഉപയോഗ ഇനങ്ങളും സൂക്ഷിക്കുക. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍പ്പോലും, ഇത്തരം സാധനങ്ങള്‍ അരയ്ക്കും തോളിനുമിടയില്‍ വരുന്നിടങ്ങളില്‍ വേണം സൂക്ഷിക്കാന്‍. കുനിഞ്ഞിരുന്ന് സാധനങ്ങള്‍ തിരയുമ്പോഴും മുകളില്‍നിന്ന് സാധനങ്ങള്‍ എടുക്കുമ്പോഴുമുള്ള അപകടങ്ങളെ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
തെന്നാതിരിക്കാന്‍
പാത്രം കഴുകുമ്പോളുള്‍പ്പെടെ അടുക്കളയുടെ തറയില്‍വീഴുന്ന വെള്ളം തെന്നിവീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. തെന്നല്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന കാര്‍പ്പെറ്റുകളും ടൈലുകളും ഉപയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ തെന്നല്‍ ഒഴിവാക്കാം. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം.
(വിവരങ്ങള്‍ക്ക് കടപ്പാട്: അനുപം സായ് അമര്‍നാഥ്, ബിഷപ് ജെറോം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍.)
Content Highlights: kitchen design for old age people,myhome, tips