വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കിയിട്ട് എത്ര നാളായി?; ഗുരുതരമാണ് പ്രത്യാഘാതങ്ങള്‍

Representative Image | Photo: Canva.com
Representative Image | Photo: Canva.com

പുറംലോകവുമായി ഏറ്റവുമധികം സമ്പര്‍ക്കം പുലര്‍ത്തുന്ന ഭാഗമാണ് വീടിന്റെ മേല്‍ക്കൂര. അതിനാല്‍ത്തന്നെ കൃത്യമായ പരിപാലനം നല്‍കിയില്ലെങ്കില്‍ അത് മേല്‍ക്കൂരയേയും അതുവഴി വീടിനെത്തന്നെയും നശിപ്പിക്കും. പ്രകൃതിയിലെ നാനാവിധത്തിലുള്ള ഘടകങ്ങളുമായുള്ള സമ്പര്‍ക്കം മേല്‍ക്കൂരകളുടെ അടിസ്ഥാനഘടനയെ വരെ നശിപ്പിച്ചേക്കാം. അതിനാല്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

മേല്‍ക്കൂര വൃത്തിയാക്കേണ്ടതിന്റെ ആവശ്യം

അഴുക്ക്, പായല്‍, പൂപ്പല്‍, മറ്റവശിഷ്ടങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള സ്ഥലമാണ് മേല്‍ക്കൂര. ഇവ തുടക്കത്തില്‍ തന്നെ കണ്ടെത്തി ശരിയായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മേല്‍ക്കൂരയ്ക്ക് ജീര്‍ണത സംഭവിക്കാന്‍ കാരണമാകും.

വീടിന്റെ മൊത്തത്തിലുള്ള സൗന്ദര്യം കാത്തുപരിപാലിക്കുന്നതിനും മേല്‍ക്കൂര വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പായലും പൂപ്പലും പിടിച്ചതും നിറം മങ്ങിയതുമായ മേല്‍ക്കൂരകള്‍ വീടിന്റെ വിപണിമൂല്യവും താഴ്ത്തും.

മേല്‍ക്കൂരയില്‍ പറ്റിപ്പിടിച്ച ആല്‍ഗെ, പൂപ്പല്‍ എന്നിവ സ്‌പോറുകളെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്. ഇതുമൂലം വീട്ടിനകത്തെ വായുവിന്റെ നിലവാരവും കുറയാന്‍ സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ഇത് ദോഷകരമാണ്. ആരോഗ്യമുള്ളവരില്‍പ്പോലും ഇതുമൂലം ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പായലും പൂപ്പലും മേല്‍ക്കൂരയില്‍നിന്ന് കൃത്യമായി നീക്കം ചെയ്യണം.

അടുത്തത് ഊര്‍ജ കാര്യക്ഷമതയാണ്. വൃത്തിയുള്ള മേല്‍ക്കൂരയ്ക്ക് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കൂടുതലാണ്. അതിനാല്‍ ചൂട് ആഗിരണം ചെയ്യുന്നത് കുറയുകയും വേനല്‍ക്കാലത്തും വീട്ടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തുകയും ചെയ്യും. തത്ഫലമായി വീട്ടിനുള്ളിലെ ഏസിയുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നമുക്ക് ഊര്‍ജ കാര്യക്ഷമതയും കൈവരിക്കാം. 

വീടിന്റെ ഘടന സംരക്ഷിക്കാനും മേല്‍ക്കൂര വൃത്തിയാക്കണം. വീടിന്റെ ഘടനയുടെ സമഗ്രത പ്രധാനമായും മേല്‍ക്കൂരയെ ആശ്രയിച്ചാണെന്നു പറയാം. കേടുപാടുള്ള മേല്‍ക്കൂര വീടിനുള്ളിലേക്ക് ചോര്‍ച്ചയും അതുവഴി ജലനഷ്ടവും ഉണ്ടാക്കും. ഇത് മുഴുവന്‍ വീടിനേയും തകര്‍ക്കാന്‍ സാധ്യതയുണ്ട്. 

തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ വീടുകളിലെ മേല്‍ക്കൂരകളില്‍ മഞ്ഞും ഐസും അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് വീടിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇതുമൂലം ഐസ് ഡാമുകള്‍ രൂപപ്പെടുകയും ഇവ ഉരുകി വീട്ടിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്യും. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന സംഗതിയാണിത്. ഇത്തരത്തില്‍ ഐസ് ഡാമുകള്‍ രൂപപ്പെടുന്നത് തടയാനായി മേല്‍ക്കൂര സ്ഥിരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

Content Highlights: importance of cleaning your roof regularly and consequences of not cleaning it