ഔട്ടോഫ് ഫാഷനല്ല സിമന്റ്തറ, പഴമയ്ക്കുമുണ്ട് പുതുമ

Photo: Pixabay
Photo: Pixabay

പണ്ടത്തെ വീടുകളുടെ തറ മണ്ണോ ചാണകമോ മെഴുകിയവയായിരുന്നു. കുറച്ചുകൂടി പണമുള്ളവര്‍ തടിയും പിന്നെ സിമന്റ് തറകളിലേയ്ക്കും വളര്‍ന്നു. തറയില്‍ തൂവെള്ള ടൈലുകള്‍ വരെയായി ആളുകളുടെ ഇഷ്ടം. ഇന്ന് വീടിന്റെ മൊത്തം ലുക്ക് മാറ്റണോ, മുറികളില്‍ കൂടുതല്‍ വെളിച്ചവും വലിപ്പവും വേണോ.. എല്ലാത്തിനും ഫ്ലോറിങ്ങിൽ വരുത്തുന്ന മാറ്റങ്ങള്‍ക്കും പങ്കുണ്ട്. എന്നാല്‍ വരും വര്‍ഷങ്ങള്‍ ഫ്ലോറിങ്ങിൽ  പഴയകാലത്തേയ്ക്കുള്ള തിരിച്ചുപോക്കാണെന്നാണ് ആര്‍കിടെക്റ്റുകള്‍ പറയുന്നത്. സിമന്റ് ഫ്ലോറിങ്ങും തടികൊണ്ടുള്ളവയും തിരിച്ചുവരുന്നു. ഫ്ലോറിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകള്‍ നോക്കാം. 

1. ഗ്രാനൈറ്റ്, മാര്‍ബിള്‍, പിന്നെ ടൈല്‍... ഇതൊക്കെയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ട്രെന്‍ഡ്. ഇപ്പോള്‍ വറൈറ്റി ടൈലുകളിലാണ് ആളുകളുടെ പരീക്ഷണം. ടൈലുകളില്‍ ഫ്ലോര്‍ ഫിനിഷസും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നു. മാറ്റ് ഫിനിഷ്, റസ്റ്റിക് ഫിനിഷ് എന്നിങ്ങനെ. ഡെക്കറേറ്റിംങ് ടൈലുകള്‍, മൂഡ് ക്രിയേറ്റിങ് ടൈലുകള്‍... ഇങ്ങനെ പലതരം. മാര്‍ബിള്‍ പോലെ തോന്നുന്ന ടൈലുകളും ട്രെന്‍ഡാണ് 

2. നാച്ച്വറല്‍ സ്റ്റോണുകള്‍, കോട്ടാ സ്‌റ്റോണുകള്‍ ഇവ വീടിനകത്തേയ്ക്ക് വീണ്ടും എത്തിത്തുടങ്ങി. ലെതര്‍ ഫിനിഷ്, ബ്രഷ്ഡ് ഫിനിഷ്, പോളിഷ്ഡ് കോട്ടാ സ്‌റ്റോണുകള്‍ ഇവ ഉപയോഗിക്കുന്നു. തിളങ്ങുന്ന മിനുസമുള്ള ഫ്‌ളോറിങിന് പകരം സ്ലിപ് റസിസ്റ്റന്റ് ഫ്‌ളോറിങിനോടും ആളുകള്‍ക്കു താല്‍പര്യമേറുന്നു. 

3. വുഡന്‍ ഫ്‌ളോറിങ് ഇപ്പോഴും ആളുകള്‍ സ്വീകരിക്കുന്നുണ്ട്. വുഡന്‍ ഫിനിഷിങ് തോന്നുന്ന തരം WPC ഫ്‌ളോറിങും (WPC- Wood plastic composite flooring) ഇപ്പോള്‍ താരമാണ്.  

4. സിന്തറ്റിക് ഫ്ലോറിങാണ് മറ്റൊന്ന്. വിനൈല്‍ ഷീറ്റുകളാണ് ഇതിന് ഉപയോഗിക്കുക. പല നിറങ്ങളിലും ഡിസൈനുകളിലും ഇത് ലഭിക്കും. 10 വര്‍ഷം വരെ നിലനില്‍ക്കുന്ന വിനൈല്‍ ഷീറ്റുകളാണ് ഈ ഫ്ലോറിങിന് ഉപയോഗിക്കുക. 

5. ഇപ്പോള്‍ വീടുകളില്‍ പുതിയ  ട്രെന്‍ഡാണ് ജൂട്ട് ഫ്ലോറിങ്. പണച്ചെലവ് കൂടുതലാണെങ്കിലും ഹോം തീയേറ്റര്‍, വായനാമുറി, ഫാമിലി ലിവിങ് തുടങ്ങിയ സ്ഥലങ്ങളില്‍ ജൂട്ട് ഫ്‌ളോറിങ് ചെയ്യാന്‍ ആളുകള്‍ക്ക് താല്‍പര്യമേറെയാണ്.

6. പണ്ട്കാലത്ത് വീടുകളില്‍ സാധാരണമായിരുന്ന സിമന്റ് ഫ്ലോറിങ് വീണ്ടും തിരിച്ചെത്തുന്നു. ചെലവ് കുറവാണ്, കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും. 

7. പള്ളികളുടെയും മറ്റും ഫ്‌ളോറിങില്‍ കണ്ടിട്ടില്ല.. കറുപ്പും വെളുപ്പും കുത്തുകള്‍ വീണപോലെയുള്ള ഫ്ലോര്‍. ഈ ടെറാസ്സോ ഫ്ലോറിങ് വീണ്ടും ആളുകള്‍ക്ക് പ്രിയങ്കരമായിത്തുടങ്ങിയിട്ടുണ്ട്. ചെറിയ കല്‍കഷണങ്ങള്‍, പൊട്ടിയ ഗ്ലാസുകള്‍, ഷെല്‍സ്... ഇതുപോലെയുള്ള ഓര്‍ഗാനിക് മെറ്റീരിയലുകളുടെ മിക്‌സാണ് ഇത്. ഇത്തരം പദാര്‍ത്ഥങ്ങള്‍ കോണ്‍ക്രീറ്റ് മിക്‌സാക്കി സ്മൂത്താകുന്നതുവരെ പോളിഷ് ചെയ്‌തെടുത്തവയാണ് ടെറാസ്സോ. 

കടപ്പാട്: മുജീബ് റഹ്മാന്‍, ഗോപിനാഥ്, 
ആര്‍ക്കിടെക്റ്റ്‌സ്
ബിന്‍ഡിങ് ഇന്‍ഡസ്ട്രി റിസേര്‍ച്ച് ഡെവലപ്പ്‌മെന്റ്(B.I.R.D), കോഴിക്കോട്

Content Highlights: Home Flooring Trends

Content Highlights: