കുളത്തിനും കുളപ്പുരയ്ക്കും പകരം പൂളും കുളിപ്പുരയും;കാവിനുപകരം ഗാർഡനിങ്ങും ലാൻഡ്‌സ്കേപ്പിങ്ങും

#സുനിൽ കുമാർ. വി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിലെ വീടുകൾ ഉണരുന്നത് ദിനപത്രത്തിന്റെ വരവോടെയാണ്. വീടും പത്രവും തമ്മിൽ ജൈവികമായ ബന്ധമുണ്ട്. നൂറാംപിറന്നാൾ ആഘോഷിക്കുന്ന മാതൃഭൂമിയോട് കേരളത്തിലെ പാർപ്പിടസംസ്കാരം കടന്നുപോന്ന വഴികളെക്കുറിച്ച് ചോദിച്ചാൽ പറയും, നൂറുകൊല്ലംമുമ്പ് താൻ അധികവും ചെന്നുവീണിരുന്നത് ചാണകം മെഴുകിയ ഉമ്മറപ്പടികളിലായിരുന്നെന്ന്. ഇന്ന് പത്രം മഴനനയാതിരിക്കാനായി ഡിസൈൻചെയ്തുണ്ടാക്കി ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്റെ കൂട്ടിലാണ് ചെന്നെത്തുന്നത്. വീട്ടിലെ ആളുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കൂട്ടുകൂടുംബങ്ങൾക്കു പകരം അണുകുടുംബങ്ങളായി. അപ്പോഴും പത്രവും പാർപ്പിടവും തമ്മിലുള്ള ബന്ധത്തിനു മാറ്റമില്ല.

ആദ്യകാല വീടുകളുടെ തറ ചാണകം മെഴുകിയതായിരുന്നെങ്കിൽ ചാണകം ലഭിച്ചിരുന്ന തൊഴുത്തുകൾകൂടി അന്ന് വീടുകളുടെ ഭാഗമായിരുന്നു. മേൽക്കൂരയുടെ സ്ഥാനത്ത് പുല്ലും വൈക്കോലും ഓലയും ഓടും വന്നപ്പോൾ തറയിൽ കരിയുടെ കറുപ്പും റെഡ് ഓക്സൈഡും മൊസൈക്കും മാർബിളും വന്നു. വീടിന്റെ ചുറ്റുവട്ടത്തുനിന്ന് ലഭിച്ചിരുന്നതും പ്രകൃതിയോടിണങ്ങിയതുമായ സാധനങ്ങൾ ഉപയോഗിച്ചായിരുന്നു അന്ന് വീടുകളുടെ നിർമാണം.

വീടുകൾ നാലുകെട്ടുകളും എട്ടുകെട്ടുകളുംപോലെ വലുതായിരുന്നാലും ഇടത്തരക്കാർ ജീവിച്ചിരുന്ന ഓടിട്ട വീടുകളായാലും താഴേത്തട്ടിലുള്ളവരുടെ ഓലമേഞ്ഞ കുടിലുകളായിരുന്നാലും എല്ലാ വീടുകളിലെയും അംഗസംഖ്യ കൂടുതലായിരുന്നു. കൂട്ടുകുടുംബം എന്നറിയപ്പെട്ടിരുന്ന വലിയ കുടുംബങ്ങളാണ് പൊതുവിൽ ഉണ്ടായിരുന്നത്.

കൂട്ടുകുടുംബത്തിൽ വ്യത്യസ്തതരത്തിൽപ്പെട്ട അനേകം ആളുകളുടെ താത്പര്യങ്ങളും ജീവിതാവശ്യങ്ങളും കണക്കിലെടുത്ത് ഇടത്തരം വീടുകൾപോലും തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നെല്ലാം വിഭജിക്കപ്പെട്ടു. കൂട്ടുകുടുംബത്തിനുള്ളിലെ സ്വതന്ത്രലോകങ്ങൾ എന്ന് ഇന്ന് അവയെ വിളിക്കാമെന്നുതോന്നുന്നു. പത്തും ഇരുപതുംപേരുള്ള വീട്ടിൽ എത്ര കുളിമുറി വേണ്ടിവരും? ഇവർക്കെല്ലാം ഒരുമിച്ച് കുളിക്കാനുള്ള കുളങ്ങളുണ്ടായത് അങ്ങനെയായിരിക്കും.

നമ്മുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയരംഗങ്ങളിലുണ്ടായ വലിയമാറ്റങ്ങളാണ് കൂട്ടുകുടുംബവ്യവസ്ഥയെയും വീടിന്റെ ആകൃതികളെയും ഉള്ളടക്കങ്ങളെയും മാറ്റിമറിച്ചത്. സ്വകാര്യതയായി താരം. ഓടു പോയി കോൺക്രീറ്റ് വന്നതും അത് പോപ്പുലറായതും സ്വകാര്യതയ്ക്കാവശ്യമായ അടച്ചുറപ്പിനുവേണ്ടിക്കൂടി ആയിരുന്നു. ചെറിയ വീടുകളും ഒറ്റപ്പെട്ട ജീവിതങ്ങളും ഫാഷനായി. കേരളീയ കുടുംബങ്ങളിലും പാർപ്പിടങ്ങളിലും സംഭവിച്ച അണുകുടുംബസങ്കൽപ്പമാണ് കൃഷിയുടെ കഴുത്തുഞെക്കിക്കൊന്നത്. തറവാട്ടുവളപ്പ് മുറിച്ചുതീർന്ന അണുക്കൾ നെൽപ്പാടങ്ങളും മറ്റ് കൃഷിഭൂമികളും കൈയേറി. 1969-ൽ ഭൂപരിഷ്കരണം വന്നു. കുടികിടന്ന ഭൂമി അവർക്ക് അവകാശമായി. ഇന്ന് പഴയ ചില മലയാളം സിനിമകളിലെ വീടുകൾ കാണുന്നവർ കരുതും കേരളമെന്നാൽ നാലുകെട്ടുകളും വീടിനുചുറ്റും ചാരുപടിയും വീടിനകത്ത് രണ്ടായിപ്പിരിഞ്ഞിറങ്ങുന്ന രാജകീയ ഗോവണികളും ആഭരണങ്ങൾ സൂക്ഷിക്കാനുള്ള നെട്ടുർപ്പെട്ടികളുമുള്ള പറുദീസയായിരുന്നെന്ന്. ഇതൊന്നും സ്വപ്നംകാണാൻപോലും സാധിക്കാതിരുന്ന വലിയൊരു ജനവിഭാഗം ഇവിടെയുണ്ടായിരുന്നു. കേരളത്തിലെ പാർപ്പിടങ്ങളുടെ മുഖച്ഛായയും ഉള്ളടക്കവും മാറ്റിയത് ഗൾഫ് ബൂമാണെന്നു പറയാം. ഗൾഫിൽനിന്നുള്ള പെട്രോഡോളറിന്റെ ബലത്തിൽ കേരളത്തിന്റെ പാർപ്പിടനിർമാണമേഖല പുതിയ ഉയരം താണ്ടി.

1990കളുടെ തുടക്കത്തോടെ വെർട്ടിക്കൽ ലിവിങ്ങിന് കേരളത്തിലും വേരുപിടിച്ചു. ഇക്കാലത്തിനിടെ വലുതും ചെറുതുമായ ആയിരക്കണക്കിന് അപ്പാർട്ട്‌മെന്റുകൾ കേരളത്തിൽ ഉയർന്നുകഴിഞ്ഞെന്നാണ് കണക്ക്. ഭൂമിക്ക്‌ ദൗർലഭ്യവും തീവിലയും നേരിടുന്ന കേരളത്തിലെ മൂന്നാംതട്ടിലുള്ള ചെറുപട്ടണങ്ങളിൽപ്പോലും അപ്പാർട്ട്‌മെന്റുകൾ ജനപ്രിയമായി. ഇത് പക്ഷേ, മാക്രോലെവലിലെ ട്രെൻഡുകളാണ്.

സൂക്ഷ്മതലത്തിൽ അഥവാ മൈക്രോലെവലിൽ കാണുന്നതെന്താണ്? ന്യൂക്ലിയർ കുടുംബങ്ങളുടെ സ്ഥാനത്ത് കമ്യൂണിറ്റി ലിവിങ് വന്നിരിക്കുന്നു. അത് സത്യത്തിൽ കൂട്ടുകുടുംബജീവിതത്തിന്റെ ഒരു വകഭേദം തന്നെ. ഫ്ളാറ്റും വില്ലകളുൾപ്പെട്ട ഗേറ്റഡ് കമ്യൂണിറ്റിയിലായാലും രക്തബന്ധുക്കളല്ല അടുത്തുതാമസിക്കുന്നത് എന്ന ഒരു വ്യത്യാസം മാത്രം. മറിച്ച് സമൂഹത്തിലെ സ്ഥാനമാനങ്ങളും സാമ്പത്തികനിലവാരവും മറ്റു താത്പര്യങ്ങളും കണക്കിലെടുത്ത് രൂപപ്പെടുന്ന ഒരേ തൂവൽപ്പക്ഷികളുടെ കമ്യൂണിറ്റി ലിവിങ് രൂപപ്പെട്ടു. ഫ്ളാറ്റുകളിലെ ജീവിതം ആരോഗ്യകരമായ കമ്യൂണിറ്റി ലിവിങ്ങിനെ തിരിച്ചുകൊണ്ടുവന്നു എന്ന് അംഗീകരിക്കണം.

കുളത്തിനുപകരം പൂൾ വന്നിരിക്കുന്നു. കുളപ്പുരയ്ക്കു പകരം കുളിപ്പുരകളും വന്നു. കാവിനുപകരം ഗാർഡനിങ്ങും ലാൻഡ്‌സ്കേപ്പിങ്ങുമുണ്ട്, പടിപ്പുരയുടെ സ്ഥാനത്ത് എൻട്രി പോർട്ടൽ, കളരികളുടെ സ്ഥാനത്തോ ഹെൽത്ത് ക്ലബ്ബുകളും! പരമിതവിഭവങ്ങൾ ഉപയോഗപ്പെടുത്തി മിനിമലിസത്തിന്റെ പതാകയുമേന്തിനിൽക്കുന്ന ലാറി ബേക്കർ ഭവനങ്ങൾക്കും കേരളം വീടായത് ഇക്കാലത്തിനിടയിലാണ്. അതേസമയം പണം എത്ര ചെലവായാലും വേണ്ടില്ല ഒരു ലോകോസ്റ്റ് വീടുപണിയണം എന്നുപറയുന്നവരും ഇതിനിടെ പ്രത്യക്ഷപ്പെട്ടു.

കേരളത്തിലെ പാർപ്പിടമേഖലയിൽ ഉണ്ടാകാനിടയുള്ള അടുത്ത വലിയ മാറ്റവും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആ മാറ്റം പൂർണമായതോതിൽ വന്നാൽ അത് നമ്മുടെ പാർപ്പിടമേഖലയിലും സ്ഫോടനാത്മകമായ മാറ്റമുണ്ടാക്കും. ബാച്ചിലേഴ്‌സ് ലിവിങ് അഥവാ സിംഗുലർ ലിവിങ്ങിന് 15-നും 25-നും ഇടയിൽ പ്രായമുള്ള തങ്ങളുടെ മക്കളെ അനുവദിക്കുന്ന വമ്പൻ സാമൂഹികമാറ്റത്തിന് കേരളത്തിലെ ഇന്നത്തെ രക്ഷാകർത്താക്കളുടെ തലമുറ സന്നദ്ധമാകുമോ എന്നതാണ് ചോദ്യം. പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ ജീവിതശൈലിയിൽ കുട്ടികൾ ഒരു 15-16 വയസ്സിൽ സ്വതന്ത്രരാവുന്ന അവസ്ഥയുണ്ട്. തുടർന്ന് വിവാഹത്തിനുമുമ്പുള്ള ഒരു എട്ടു പത്തു വർഷക്കാലമോ അതിലധികമോ അവർ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും അതേസമയം സമപ്രായക്കാരുടെയും സമാനചിന്താഗതിക്കാരുടെയുമൊപ്പം സമയം ചെലവിട്ടുമുള്ള കമ്യൂണിറ്റി ലിവിങ്ങുമായി ഇടകലർന്ന സിംഗുലർ ലിവിങ്ങിലേക്ക്‌ തിരിയുമെന്നാണ് കണക്കാക്കേണ്ടത്. അപ്പോൾ ഈ മേഖലയിലെ സവിശേഷ ഹൗസിങ് സൊലൂഷൻസിനുള്ള വൻ ഡിമാൻഡിനാണ് കേരളത്തിലെ പാർപ്പിടമേഖല സാക്ഷ്യംവഹിക്കാൻ പോകുന്നത്. ഇവയ്ക്കെല്ലാം സമാന്തരമായി പരിസ്ഥിതിസൗഹാർദ നിർമിതികൾക്കും കെട്ടുകാഴ്ചകൾക്കുപകരമുള്ള ഫങ്ഷണലായ നിർമിതികൾക്കും കേരളം കാതോർക്കുന്നു

(അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

Content Highlights: changes in home construction, changes in home building, home construction, home plans