സമാധാനമായി കിടന്നുറങ്ങാന്‍ കിടപ്പുമുറിയിലൊരുക്കാം ശാന്തസുന്ദരമായ അന്തരീക്ഷം

കട്ടിലും കിടക്കയും മാത്രം അടങ്ങുന്നതല്ല കിടപ്പുമുറി. ഏറെ സ്വകാര്യത നിലനില്‍ക്കുന്ന വീട്ടിലെ ഇടമെന്ന നിലയിലും മനസ്സിന് ശാന്തതയും സ്വസ്ഥതയും നല്കുന്ന ഇടമെന്ന നിലയിലും കിടപ്പുമുറിക്ക് ഏറെ പ്രധാന്യമുണ്ട്. ഓഫീസിലെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ നിന്ന് വീട്ടില്‍ തിരികെയെത്തുമ്പോള്‍ മനസ്സ് ശാന്തമാക്കുന്ന ചുറ്റുപാടായിരിക്കണം കിടപ്പുമുറി നല്‍കേണ്ടത്. കിടപ്പുമുറിയില്‍ ശാന്തസുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങള്‍ പരിചയപ്പെടാം.
സൂര്യപ്രകാശവും വായുസഞ്ചാരവും നിറയുന്ന മുറി
കിടപ്പുമുറിയില്‍ വിശാലമായ ജനലുകള്‍ വയ്ക്കുന്നതാണ് ഉചിതം. ഇടുങ്ങിയ ജനലുകള്‍ സൂര്യപ്രകാശം അകത്തേക്ക് കടക്കുന്നത് തടയുകയും മുറിയിലെ സുഗമമായ വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുറിക്കുള്ളില്‍ എപ്പോഴും വീര്‍പ്പ് മുട്ടിക്കുന്ന അന്തരീക്ഷമാണ് തീര്‍ക്കുക. ഇത് ഒഴിവാക്കാന്‍ വിശാലമായ ജനലുകള്‍ കിടപ്പുമുറിക്ക് നല്‍കാം. ഇതുവഴി മുറിക്കുള്ളില്‍ കൃത്രിമ പ്രകാശം നല്‍കുന്നത് കുറയ്ക്കുകയും ചെയ്യാം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇന്റീരിയര്‍ വര്‍ക്കുകള്‍ ഇവിടെ സ്വീകരിക്കാം. വലിയ കണ്ണാടി വയ്ക്കുന്നത് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു.
കിടപ്പുമുറിക്ക് നല്‍കാം അനുയോജ്യമായ നിറം
കിടപ്പുമുറിയിലെ അന്തരീക്ഷം ശാന്തസുന്ദരമാക്കുന്നതിന് അവിടെ നല്‍കിയിരിക്കുന്ന പെയിന്റിന്റെ നിറവും സ്വാധീനിക്കും. എപ്പോഴും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. വെളുപ്പ്, ഓഫ് വൈറ്റ്, ഐവറി നിറങ്ങള്‍ കിടപ്പുമുറിക്ക് തീമായി നല്‍കാം. ഇവ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മുറിയ്ക്ക് വിശാലത തോന്നിപ്പിക്കുന്നു.
ലളിതമാക്കാം ഫര്‍ണിച്ചറുകളും ഷെല്ഫുകളും
പുറത്തേക്ക് തള്ളി നില്‍ക്കാത്ത ഷെല്‍ഫുകള്‍ വേണം കിടപ്പുമുറിക്ക് നല്കാന്. ഇത് മുറിയില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നു. കട്ടിലും കിടക്കയും കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ മാത്രം മറ്റു ഫര്‍ണിച്ചറുകള്‍ നല്കിയാല് മതി. ഫര്‍ണിച്ചറുകള്‍ അത്യാവശ്യമെങ്കില്‍ മാത്രം ലളിതമായ ഡിസൈനോടു കൂടിയത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
Content Highlights: bedroom design ideas, myhome, bedroom design, veedu