മണിയറയ്ക്ക് നൽകേണ്ടത് ഏത് നിറം: പ്രണയാർദ്രമായി ബെഡ്റൂം എങ്ങനെ ഒരുക്കാം

സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്നതാവണം ഓരോ കിടപ്പുമുറിയും. പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന നവദമ്പതികളെ സംബന്ധിച്ച് കിടപ്പുമുറി വളരെയധികം വിശേഷപ്പെട്ടതാണ്. ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ചും പരസ്പരം താങ്ങായും മുന്നോട്ടു പോകാൻ, ഉള്ളിലെ സ്നേഹത്തെ ഊട്ടിയുറപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്ന ഇടം. അതിനാൽ തന്നെ വീട്ടിലെ മറ്റു മുറികളിൽ നിന്നും വ്യത്യസ്തമായിരിക്കണം നവദമ്പതികളുടെ കിടപ്പുമുറി. അമിത ചിലവില്ലാതെ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ച് അതിഗംഭീരമായി യുവമിഥുനങ്ങൾക്കു പ്രണയം തുളുമ്പുന്ന കിടപ്പറ ഒരുക്കാം.
- പ്രണയത്തിന്റെ തീവ്രതയും ഭാവവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം മുറിക്കകത്ത് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. പെയിന്റിങ്ങിലും മുറിയിലുള്ള അലങ്കാരങ്ങളിലും ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുക. തീവ്ര പ്രണയത്തിന്റെ നിറമായ ചുവപ്പ് കിടപ്പുമുറിയെ ആർദ്രമാക്കും. എന്ന് കരുതി ചുമരിലും മറ്റും ചുവപ്പു വാരി പൊത്തരുത്. ആ നിറത്തിലുള്ള ഒന്നോ രണ്ടോ കുഷ്യൻസോ, ബെഡ്ഷീറ്റോ അല്ലെങ്കിൽ ഒരു ബെഡ് ലാമ്പോ ആയാലും മതി. മഞ്ഞ, ഓറഞ്ച്, ഇളം പച്ച, പീച്ച്, ലാവൻഡർ, അക്വാബ്ല്യൂ എന്നീ നിറങ്ങൾ ഊഷ്മളവും ഊർജം നിറഞ്ഞതുമാണ്. ഇവ മുറിയിൽ പ്രസരിപ്പ് നിറയ്ക്കും. അതിനാൽ കിടപ്പുമുറിയുടെ ചുവരുകൾക്കു ഈ നിറങ്ങൾ പകരാം.
- ലൈറ്റിംഗിനുമുണ്ട് മുറിയിൽ പ്രണയം നിറയ്ക്കുന്നതിൽ പ്രധാന പങ്ക്. സ്വാഭാവികമായ പ്രകൃതിവെളിച്ചം മുറിയിൽ നിറയുന്ന വിധമാകണം കിടപ്പറ ഒരുക്കേണ്ടത്. സൂര്യവെളിച്ചവും പ്രകൃതിയിലെ ശുദ്ധമായ വായുവും മുറിയിൽ നിറയ്ക്കുന്ന പോസിറ്റീവ് എനർജി വലുതാണ് ആർട്ടിഫിഷ്യൽ ലൈറ്റിംഗിന്റെ കാര്യം പറയുമ്പോൾ മങ്ങിയ എന്നാൽ തീവ്രതയുള്ളതുമായ വെളിച്ച സംവിധാനം നൽകാം. വ്യത്യസ്തമായ അലങ്കാര വിളക്കുകളും ഷാൻഡ്ലിയറുകളും നൽകാം.
- മുറിക്കകത്ത് പ്രണയാർദ്രമായ സുഗന്ധങ്ങൾ നിറയ്ക്കാം. എസ്സൻഷ്യൽ ഓയിലുകൾ, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങൾ, ഡിഫ്യൂസേഴ്സ് എന്നിവ ഉപയോഗിക്കാം
- നല്ല പെയിന്റിങ്ങുകൾ ചുവരിൽ നൽകാം. നിങ്ങളുടെ വിവാഹ ചിത്രമോ ഒരുമിച്ചുള്ള ഏതെങ്കിലും പ്രണയ നിമിഷമോ ചിത്രങ്ങളായോ കാരിക്കേച്ചറുകളായോ ചുവരിൽ തൂക്കാം
- ഇരുകൂട്ടർക്കും ഇഷ്ടമുള്ള തീമോ കളറോ വേണം മുറിക്ക് നൽകാൻ. അത് പോലെ തന്നെ കിടക്കവിരിയിൽ തുടങ്ങി മുറിയിലെ മൊത്തം അലങ്കാരത്തിലും ഇരുവരുടെയും, അഭിപ്രായം പരിഗണിക്കണം.
- അമിതമായ അലങ്കാരങ്ങൾ നൽകുന്നതിനേക്കാൾ ലളിതവും എന്നാൽ മുറിക്കാകമാനം മൂഡ് നൽകുന്നതുമായ മിതമായ അലങ്കാരങ്ങൾ നല്കാൻ ശ്രദ്ധിക്കുക.
- വീടിന്റെ തെക്കു കിഴക്കായി കിടപ്പുമുറി ഒരുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. ഇത് അഗ്നി കോൺ ആയതിനാൽ ഈ ഭാഗത്ത് കിടപ്പു മുറി വരുന്നത് ദമ്പതികൾക്കിടയിൽ കലഹത്തിനും പലവിധ അസുഖങ്ങൾക്കും കാരണമാകുമത്രേ. അതേസമയം കിടപ്പുമുറി തെക്ക് പടിഞ്ഞാറ് വരുന്നതാണ് ഏറ്റവും അഭികാമ്യം. വടക്ക് പടിഞ്ഞാറ് ഭാഗവും പരിഗണിക്കാവുന്നതാണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു.
Content Highlights: Choose warm and vibrant wall colors like yellow, orange, peach, or lavender., Use subtle, dim lighting and decorative lamps to create a romantic ambiance., Incorporate pleasant fragrances using essential oils and diffusers., Personalize the space with wedding photos or romantic paintings., Follow Vastu principles by placing the bedroom in the southwest or northwest direction.