വെയിലിനെ ചെറുക്കും വായുസഞ്ചാരത്തിനും ബെസ്റ്റ്; ജാലികൾ ട്രെന്റിങ് ആവുമ്പോൾ

ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയിലും ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയിലും ഇസ്ലാമിക വാസ്തുവിദ്യയിലും ജാലികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗൾ കാലത്ത് ജാലികൾ ആർക്കിടെക്ചറിന്റെ പ്രധാന ഭാഗമായി മാറി. ജാമിതീയ രൂപങ്ങൾക്ക് പകരം പൂക്കളുടെയും ഇലകളുടെയും രൂപത്തിൽ ജാലികൾ നിർമ്മിക്കാൻ തുടങ്ങി. മുഗൾ കാലഘട്ടത്തിലെ കെട്ടിടങ്ങളിലെല്ലാം തന്നെ ഇത്തരം ജാലികൾ ധാരാളം കാണാം. അടുത്തകാലത്തായി കേരളത്തിലും ജാലി ട്രെന്റായി മാറുന്നു. പുതിയ വീടുകളിലെല്ലാം ഏതെങ്കിലും ഒരു ഭാഗത്ത് ജാലികൾ ഉണ്ടാകും. ഇന്റീരിയറിലും എക്സ്റ്റീരിയറിലും വ്യാപകമായി ജാലികൾ ഉപയോഗിച്ചുവരുന്നുണ്ട്. ഡിസൈൻ എലമെന്റ് എന്നതിലുപരി കാലാവസ്ഥയും ജാലികൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.

പല മെറ്റീരിയലുകളിൽ ജാലികൾ ഇന്ന് നിർമ്മിക്കപ്പെടുന്നുണ്ട്. ടെറാക്കോട്ടയിലും കോൺക്രീറ്റിലും കല്ലിലുമെല്ലാം ജാലികൾ വിപണിയിൽ ലഭ്യമാണ്.

എന്തുകൊണ്ട് ജാളികൾ

ജാലികൾക്ക് പലതരം ഉപയോഗമാണ്. സ്വകാര്യതയ്ക്കുള്ള ഒരു ഡിസൈൻ എലമെന്റായി ജാലികൾ ഉപയോഗിക്കുന്നു. ചുവരിന്റെ ഒരു ഭാഗം പൂർണമായും കെട്ടിയടയ്ക്കുന്നതിന് പകരം ജാലികൾ നൽകിയാൽ പ്രൈവസി ലഭിക്കുമെന്ന് മാത്രമല്ല; കാണാൻ ഭംഗിയും ഉണ്ടാകും. വായുസഞ്ചാരം ലഭിക്കുകയും ചെയ്യും. വേനൽക്കാലത്ത് ജാലികൾ വെയിലിനെ പ്രതിരോധിക്കാനുള്ള നല്ലൊരു മാർഗമാണ്. സൂര്യപ്രകാശം നേരിട്ട് പതിക്കില്ല. എന്നാൽ വെളിച്ചം ലഭിക്കുകയും ചെയ്യും.