മണിപ്ലാന്റും ‘ചിരിക്കുന്ന ബുദ്ധനും’ മാത്രമാണോ ഫെങ്ഷുയി: ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങൾ

പ്രതീകാത്മക ചിത്രം | Canva
പ്രതീകാത്മക ചിത്രം | Canva

വീട്ടിൽ 'മണി' വരും എന്നുപറഞ്ഞ് മണി പ്ലാന്റ് വെക്കുന്നവരാണ് നമ്മളിൽ പലരും. ചിരിക്കുന്ന ബുദ്ധൻ ഇല്ലാത്ത വീടുകളും കുറവായിരിക്കും. എന്നാൽ ഫെങ്ങ്ഷുയി എന്ന തത്വചിന്തയുടെ ഭാഗമാണ് ഈ മണി പ്ലാന്റും ചിരിക്കുന്ന ബുദ്ധനും എല്ലാം. ഇതറിയാതെയാണ് പലരും ഇത്തരം വസ്തുക്കൾ കൊണ്ട് ഇന്റീരിയർ അലങ്കരിക്കുന്നത്. അലങ്കാര വസ്തു എന്ന നിലയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കാതെ ഫെങ്ങ്ഷുയി പ്രകാരം കൃത്യമായ സ്ഥലത്താണ് വെയ്ക്കുന്നതെങ്കിൽ വീട്ടിലും ജീവിതത്തിലും ഗുണം ലഭിക്കും.

എന്താണ് ഫെങ്ഷുയി

ബി.സി 1046-225 കാലഘട്ടത്തിൽ ചൈനയിൽ രൂപം കൊണ്ട തത്വചിന്തയാണ് ഫെങ്ങ്ഷുയി. ഈ വാക്കിന്റെ അർത്ഥം വെള്ളം(ഫെങ്ങ്) കാറ്റ് (ഷുയി) എന്നാണ്. വെള്ളം, മരം , അഗ്നി, ഭൂമി, ലോഹം എന്നീ അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഫെങ്ങ്ഷുയി പ്രവർത്തിക്കുന്നത്. പുരാതനകാലത്ത് പൂന്തോട്ടങ്ങളുടെയും ശവകൂടീരങ്ങളുടെയും നഗരങ്ങളുടെമെല്ലാം ഘടനയെ ഫെങ്ഷുയി സ്വാധീനിച്ചിരുന്നു. പക്ഷേ ഇന്ന് ആർക്കിടെക്ചറിൽ ഫെങ്ങ് ഷുയിക്ക് വളരെ വലിയ സ്വാധീനമാണ് ഉള്ളത്. ഓഫീസിലെയും വീടുകളിലെയും ഇന്റീരിയർ ഫെങ്ങ്ഷുയി പ്രകാരം ക്രമീകരിക്കുന്നവർ നിരവധിയാണ്. ചൈനയിലാണ് പിറവിയെങ്കിലും ഫെങ്ങ്ഷുയിക്ക് ലോകത്തെല്ലായിടത്തും ഒരേ നിയമമാണ്. രാജ്യങ്ങൾക്കോ വിശ്വാസങ്ങൾക്കോ അനുസരിച്ച് ഫെങ്ങ്ഷുയിക്ക് മാറ്റം വരുന്നില്ല.

ഫെങ്ഷുയി പ്രവർത്തിക്കുന്നത് എങ്ങനെ

നമുക്ക് ചുറ്റുമുള്ള ഊർജത്തെ മുകളിൽ പറഞ്ഞ അഞ്ച് കാര്യങ്ങളിലൂടെ നമുക്ക് അനുകൂലമാറ്റുകയാണ് ഫെങ്ങ്ഷുയി ചെയ്യുന്നത്.

വീട് പണിയുടെ പ്ലാൻ വരയ്ക്കുമ്പോൾ മുതൽ ഫെങ്ങ്ഷുയി നിയമങ്ങൾ പാലിച്ചുതുടങ്ങാം. ഇനി പണിതുകഴിഞ്ഞ വീടാണെങ്കിൽ വീടിനുള്ളിൽ പൊളിച്ചുമാറ്റലുകൾ ഇല്ലാതെ തന്നെ നെഗറ്റീവ് എനർജിയെ തുരത്തി സന്തോഷവും സമാധാനവും ഉയർച്ചയും കൊണ്ടുവരാൻ ഫെങ്ങ്ഷുയിലൂടെ സാധിക്കും. മണി പ്ലാന്റ് വെയ്ക്കാനും ലാഫിങ് ബുദ്ധനെ വെയ്ക്കാനും ചൈനീസ് ബെല്ല് വയ്ക്കാനും ഫെങ്ങ്ഷുയി നിയമപ്രകാര്യം പ്രത്യേക സ്ഥലങ്ങളുണ്ട്. വീടിനുള്ളിൽ നമുക്ക് ഇഷ്ടമുള്ളിടത്ത് ഇത് വെച്ചാൽ നെഗറ്റീവ് ഫലമായിരിക്കും ലഭിക്കുക. വീട്ടിലെ സമാധാനം, കരിയറിലെ ഉയർച്ച, സാമ്പത്തിക ഭദ്രത അങ്ങനെ നമ്മളെ അലട്ടുന്ന നൂറായിരം വലിയ പ്രശ്‌നങ്ങൾക്ക് വളരെ ചെറിയ കാര്യങ്ങളിലൂടെയാണ് ഫെങ്ഷുയി പരിഹാരം നിർദ്ദേശിക്കുന്നത്. നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഫെങ്ഷുയി നിർദ്ദേശങ്ങളുമായി പ്രശസ്ത ഫെങ്ങ്ഷുയി വിദഗ്ദ്ധ സ്വപ്‌നചിത്ര ഹാൻസന്റെ ലേഖന പരമ്പര മാതൃഭൂമി ഡോട്ട്‌കോമിൽ ഉടൻ ആരംഭിക്കും.

Content Highlights: Understand the ancient Chinese philosophy of Feng Shui beyond common decor., Learn the correct placement of Money Plants and Laughing Buddha for maximum benefits., Eliminate negative energy and invite peace and financial stability into your home., Upcoming expert article series by Swapnachithra Hansen on Mathrubhumi.