കാഴ്ചയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്‌ തളികയ്ക്കുള്ളിലെ ഈ ഇത്തിരിക്കുഞ്ഞൻ മരങ്ങൾ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ചൈനക്കാരും ജപ്പാൻകാരും ചേർന്നാണ് വൃക്ഷങ്ങളെ ചട്ടിയിൽ നിയന്ത്രിച്ചുനിർത്തുന്ന ബോൺസായ് എന്ന സമ്പ്രദായത്തിനു രൂപം നൽകിയത്. വൻമരങ്ങളുടെ രൂപഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു തളികയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തിയെടുക്കുന്ന ഉദ്യാനകലയാണ് ബോൺസായ്. ഒരു പുഷ്പാലങ്കാരരീതി എന്നതിൽക്കവിഞ്ഞ് നിങ്ങൾക്കും വീടിനും സന്തോഷവും സമഗ്രതയും കൈവരിക്കാനുള്ള മാർഗം കൂടിയാണ് ബോൺസായി വളർത്തൽ. വീടിന്റെ ഭംഗി കൂട്ടുന്നതോടൊപ്പം ഇതിന് ധാരാളം ആരോഗ്യപരമായ നേട്ടങ്ങളുമുണ്ട്. 

വീട്ടിൽ ബോൺസായി മരങ്ങൾവളർത്തുന്നതുകൊണ്ടുള്ള നേട്ടങ്ങളാണ് താഴെപ്പറയുന്നത്:

  1. മാനസികസമ്മർദം കുറയ്ക്കുന്നതാണ് ആദ്യത്തെ നേട്ടം. തിരക്കിട്ടോടുന്ന ആധുനിക ജീവിതശൈലിയിൽനിന്നും മാനസികസമ്മർദം കുറയ്ക്കാൻ ബോൺസായി മരങ്ങളോട് ഇടപെഴകുന്നതുവഴി സാധിക്കും. ഈ മിനിയേച്ചർ മരങ്ങളുമായി ഇടപെടുന്നത് നമ്മുടെ വിശ്രമസമയം അർഥവത്താക്കുകയും ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽനിന്ന് ബ്രേക്ക് എടുക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
  2. അടുത്തത് ശുദ്ധവായുവാണ്. സ്വാഭാവികമായ എയർ പ്യൂരിഫയറകുകളായി പ്രവർത്തിക്കാൻ ബോൺസായി മരങ്ങൾക്ക് സാധിക്കും. വീട്ടിനകത്തെ വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതുവഴി ശ്വസനസംബന്ധമായ ആരോഗ്യം വർധിപ്പിക്കുകയും വീട്ടിനുള്ളിൽ കൂടുതൽ  ഓക്‌സിജനും ശുദ്ധവായുവും നൽകുകയും ചെയ്യും. 
  3. ഏകാഗ്രതയും ക്രിയാത്മകതയുമാണ് മറ്റൊരു സംഗതി. ബോൺസായി പരിപാലനം നല്ല ക്ഷമയും ക്രിയാത്മകയും ആവശ്യപ്പെടുന്നതാണ്. അതിന്റെ പ്രൂണിങ്, വയറിങ്, സ്റ്റൈലിങ് എന്നിവ നമ്മുടെ ചിന്തയയേും വൈജ്ഞാനിക പ്രവർത്തനങ്ങളേയും ഉത്തേജിപ്പിക്കും.
  4. വീട്ടിലെ ഈർപ്പം റെഗുലേറ്റ് ചെയ്യുന്നതാണ് അടുത്തത്. ബോൺസായ് വൃക്ഷങ്ങൾ വീട്ടിനുള്ളിലെ ഈർപ്പത്തിന്റെ അളവ് ബാലൻസ് ചെയ്യും. ശൈത്യകാലത്തും വരണ്ട കാലാവസ്ഥയിലുമാണ് ഇതിന്റെ ഗുണം കൂടുതലായി തിരിച്ചറിയാനാവുന്നത്.
  5. അടുത്തത് ബോൺസായ് വൃക്ഷങ്ങൾ അന്തരീക്ഷത്തിലേക്ക് പകരുന്ന സുഗന്ധമാണ്. ജൂണിപ്പർ പോലെയുള്ള വെറൈറ്റികൾ വീട്ടിലാകമാനം സുഗന്ധം പരത്തുന്നവയാണ്. ഇത് വീടിന്റെ ഉൾഭാഗത്താകെ ഒരു റിലാക്‌സിങ് ആംബിയൻസ് പ്രദാനം ചെയ്യുന്നു. 
  6. അടുത്തത് പ്രകൃതിയുമായുള്ള ബന്ധമാണ്. വീട്ടിനുള്ളിൽ തന്നെ പ്രകൃതിയുടെ സ്വാഭാവികതയും സൗന്ദര്യവും കൊണ്ടുവരികയും അതുവഴി മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുകയും ചെയ്യുന്നു.
  7. ബോൺസായിച്ചെടികൾ വീടിന്റെ വിഷ്വൽ അപ്പീൽ കൂട്ടുകയും മികച്ച ഗൃഹാലങ്കാര ഓപ്ഷനായി വർത്തിക്കുകയും ചെയ്യുന്നു. വീടിന് അത്യാധുനികതയും ചാരുതയും കൈവരിക്കാൻ ഇവ സഹായിക്കുന്നുണ്ട്.
  8. വീട്ടിനുള്ളിൽ ബോൺസായ് വളർത്തുന്നത് സമ്പൽസമൃദ്ധിയും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പുരാതന ചൈനീസ് സമ്പ്രദായമായ ഫെങ് ഷൂയി പ്രകാരം ഇത് നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജിയും സമാധാനവും കൊണ്ടുവരുന്ന വസ്തുക്കളിൽ ഒന്നാണ്.
  9. ഒരു ചെടിയെ പരിപോഷിപ്പിക്കുക, അതിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുക, നമ്മൾ ആഗ്രഹിക്കുന്ന ആകൃതിയിൽ അതിനെ ആക്കിയെടുക്കുക എന്നെല്ലാമുള്ളത് ആത്യന്തികമായി നമുക്ക് മനസംതൃപ്തിയും നൽകുന്നുണ്ട്.

ബോൺസായ് വെച്ചുപിടിപ്പിക്കുന്നതിനുമുമ്പ് ഓരോരുത്തരുടേയും വീടുകളിൽ എത്രത്തോളം സ്ഥലം ലഭ്യമാണെന്നും ചെടിയുടെ പരിപാലനത്തിനായി എത്രമാത്രം സമയം ചെലവഴിക്കാനുണ്ടെന്നുമെല്ലാം പരിഗണിക്കേണ്ടതുണ്ട്. അതുപോലെ, ഈ മേഖലയിൽ മുമ്പ് പരിചയമില്ലാത്തവരാണെങ്കിൽ തുടക്കക്കാർക്ക് പറ്റിയ ഇനങ്ങൾ ആദ്യം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Content Highlights: features and uses of bonsai cultivation at home