ഉരുൾപൊട്ടലിന്റെ സാധ്യതയില്ലാതാക്കും ഈ ‘ഉരുൾ’വീട്; മൺചുവരുകളും ഈട്ടിയും അദൃശ്യമായ അരുവിയും കൂടെ

ചെമ്പ്ര മലയിലേക്ക് മിഴി തുറക്കുന്നൊരു വീട്; അതാണ് ഉരുൾ. അതിനുമപ്പുറം പ്രകൃതി ഒരുക്കിയ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ വീട്. വീടിന് സ്ഥലം അന്വേഷിക്കുന്നതിൽ തുടങ്ങി ഒട്ടേറെ പ്രതിബന്ധങ്ങൾ, സംശയങ്ങൾ, ആശങ്കകൾ തരണം ചെയ്താണ് ഉരുൾ എന്ന വീട് ജനിക്കുന്നത്.
ബെന്നി രഞ്ജിത്ത് ആണ് ഉരുളിന്റെ നാഥൻ. വയനാട്ടിൽ ഒരു വീട് വേണമെന്ന് ബെന്നിയുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ സ്ഥലം വാങ്ങുന്നു. എന്നാൽ, ഒന്നു രണ്ട് മാസങ്ങൾക്കുള്ളിൽ നടന്ന ഒരു മേഘവിസ്‌ഫോടനത്തെ തുടർന്ന് സമീപത്തുള്ള രണ്ട് മൂന്ന് വീടുകൾ തകരുന്നു. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ഇതോടെ ബെന്നിയുടെ വീടുപണി പ്രതിസന്ധിയിലാകുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്ത് വീട് വയ്ക്കണമോയെന്നായി ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യം. പക്ഷേ, ഉരുൾപൊട്ടൽ പ്രദേശത്തുള്ള സ്ഥലത്തിന്റെ ഡിമാന്റ് കുറഞ്ഞതും മറ്റൊരു സ്ഥലം വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതിനാലും വാങ്ങിയ സ്ഥലത്തുതന്നെ വീട് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായി വാങ്ങിയ സ്ഥലത്തോടുള്ള വൈകാരിക അടുപ്പവും മുന്നോട്ടുപോകാൻ ബെന്നിയെ പ്രേരിപ്പിച്ചു.
പാറക്കല്ലുള്ള കുന്നിൻചരിവും ഈട്ടിമരവും
പാറക്കല്ലുകൾ നിറഞ്ഞ കുത്തനെ നിൽക്കുന്ന കുന്നിനോട് ചേർന്നായിരുന്നു പ്ലോട്ട്. ആദ്യം കണ്ണിലുടക്കുന്നത് ഈട്ടിമരമാണ്. ഈ മരം ബെന്നിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഈട്ടി കണ്ട് ഇഷ്ടപ്പെട്ടാണ് ബെന്നി ഈ സ്ഥലം വാങ്ങിച്ചത് എന്ന് തന്നെ പറയാം. കൂടാതെ മഴക്കാലത്ത് കുന്നിൻ മുകളിൽനിന്ന് വെള്ളച്ചാട്ടം ഉത്ഭവിക്കും ഇത് പ്ലോട്ടിന്റെ സമീപത്തുകൂടിയാണ് ഒഴുകുന്നത്. 1.5 മീറ്റർ കുഴിച്ചുകഴിഞ്ഞാൽ മണ്ണിനടിയിലൂടെ അരുവി ഒഴുകുന്നതും കാണാം. ഒരു വീടിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇതെല്ലാം പ്രതിബന്ധങ്ങളായിരുന്നു. പക്ഷേ, സ്റ്റുഡിയോ ടെറാടെക്റ്റ് ഉടമ ആർക്കിടെക്റ്റ് റോഷിത് അതിനെയെല്ലാം സാധ്യതകളാക്കി മാറ്റി.
പ്ലോട്ടിനെ പഠിക്കാൻ ആറ് മാസം
വീടിന് പിറകിൽനിന്നുള്ള പാറക്കൂട്ടങ്ങൾ താഴേക്ക് പതിക്കാൻ സാധ്യത ഏറെയായിരുന്നു. ഇത്തരത്തിൽ വീടിന് ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ ശാസ്ത്രീയമായി പഠിച്ചെടുക്കുകയാണ് ആദ്യം റോഷിതും ടീമും ചെയ്തത്. ഇതിന് ഏകദേശം ആറ് മാസത്തോളം സമയം എടുത്തു.
ഉരുൾപൊട്ടലിനെ ചെറുക്കാൻ മുളകൾ; ഉരുളൻ കല്ലുകളെ തടയാൻ ബഫർ സോൺ
ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ മുളകൾ നട്ട് മണ്ണിനെ ശക്തമാക്കി. വെള്ളച്ചാട്ടം ഒഴുകിവരുന്നതു കൃത്യമായി മനസിലാക്കി ഇവിടെ 1.5 മീറ്റർ ആഴത്തിൽ കുഴിച്ച് ചാലുകൾ നിർമിച്ചു. ഇതിലൂടെ വെള്ളം താഴെയുള്ള അരുവിയിലേക്കെത്താൻ സൗകര്യമൊരുക്കി. ഡ്രോൺ സർവേയും ലിഡാ സർവേയും നടത്തി കുന്നിൻ മുകളിലെ ഉരുളൻകല്ലുകളുടെ സ്ഥാനം കൃത്യമായി മനസിലാക്കി. കല്ലുകൾ താഴേക്ക് പതിച്ചാൽ തടഞ്ഞുനിർത്താൻ മതിൽ ഉൾപ്പെടെയുള്ള ബഫർ സോൺ നിർമ്മിച്ചു. കല്ലുകൾ ഈ ബഫർ സോണിൽ സുരക്ഷിതമായിരിക്കും
ഇനി ഉരുളിനകത്തേക്ക്
കടപ്പ സ്റ്റോണിൽ തീർത്ത സ്‌റ്റെപ്പുകൾ കയറി ഉരുളിലേക്ക് ആദ്യം ചെല്ലുമ്പോൾതന്നെ ചെമ്പ്രയെ കാണാൻ ക്രമീകരിച്ച വൃത്താകൃതിയിലുള്ള കിളിവാതിൽ കാണാം. വലിയ വാതിലുകൾ തള്ളിത്തുറന്ന് ചെല്ലുന്നത് വിശാലമായ ഹാളിലേക്കാണ്. അരികിൽ ഒരു പൂജാ സ്‌പെയ്‌സും ഉണ്ട്. ഒരു സൈഡിൽ ഗ്ലാസ് വാളാണ്; ഇത് ചെമ്പ്രയിലേക്കുള്ള വ്യൂ. ലിവിങ് സ്‌പേസിൽ തന്നെയാണ് ടിവി യൂണിറ്റും ഉള്ളത്. ലിവിങ് സ്‌പേസിൽനിന്ന് നേരെ പോയാൽ മാസ്റ്റർ ബെഡ്‌റൂമിലേക്കെത്തും. ഒരു സൈഡിൽ ഗ്ലാസ് വാളാണ്. ഈ ഗ്ലാസ് വാളിന്റെ ഡോർ തുറന്നാൽ വിശാലമായ വരാന്തയിലേക്കെത്താം. ചെമ്പ്രയെക്കാണാം, ഈട്ടിമരത്തിന്റെ തണലിൽ ഇരിക്കാം. കാറ്റുകൊള്ളാം അങ്ങനെ ഈ വരാന്തയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ലിവിങ് ഏരിയയിൽനിന്ന് നേരെ പോകുന്നത് ചെറിയ ബ്രിഡ്ജിലേക്കാണ്. അടുക്കളയെ കണക്ട് ചെയ്യുന്നത് ഈ ബ്രിഡ്ജാണ്. രണ്ട് സൈഡിലും ഗ്ലാസ് വാൾ നൽകിയാണ് ബ്രിഡ്ജ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചുറ്റുമുള്ള മനോഹാരിത ആവോളം ആസ്വദിക്കാം.
അടുക്കളിയിൽതന്നെയാണ് ഡൈനിങ് സ്‌പേസും ഉള്ളത്. സൈറ്റിൽനിന്ന് കളക്ട് ചെയ്ത വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഡൈനിങ് ടേബിൾ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിലെ സീലിങ്ങിനെ മനോഹരമാക്കുന്നതും പ്ലോട്ടിൽനിന്ന് ശേഖരിച്ച മരങ്ങളാണ്.
സ്‌റ്റെയർ കയറി നേരെ ചെല്ലുന്നത് മുകൾനിലയിലെ ബെഡ്‌റൂമിലേക്കാണ്. ഇവിടെയും ഒരു സൈഡിൽ ഗ്ലാസ് വാൾ നൽകിയിട്ടുണ്ട്. മുകൾനിലയിലും താഴത്തേതിന് സമാന്തരമായി ബാൽക്കണി നൽകിയിട്ടുണ്ട്. കുറച്ചുകൂടി ഉയരത്തിൽനിന്ന് ചെമ്പ്രയെക്കാണാം. മുറ്റത്തെ മരത്തെ അടുത്തറിയാം.
ധാരാളം സ്‌കൈ ലൈറ്റുകൾ നൽകിയാണ് ഉരുൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വെയിൽ തീർക്കുന്ന നിഴൽചിത്രങ്ങൾ ഏത് കോണിലും രാവെന്നോ പകലെന്നോ ഇല്ലാതെ ആസ്വദിക്കാം.
വീടിന്റെ ഏത് കോണിൽനിന്നാലും പുറത്തെ പ്രകൃതിയെ ആസ്വദിക്കാനായി ധാരാളം ഗ്ലാസ് പോക്കറ്റ് വീടിനുള്ളിൽ നൽകിയിട്ടുണ്ട്. മരങ്ങളെയും മലകളെയും മഞ്ഞിനെയും ഇതിലൂടെ കാണാം.
കൈകൊണ്ട് മിനുസപ്പെടുത്തിയ മൺചുമർ
ഉരുളിനെ മനോഹരമാക്കുന്നത് മൺചുമരുകളാണ്. പ്ലോട്ടിൽ നിന്നുതന്നെ എടുത്ത മണ്ണ് ഉപയോഗിച്ചാണ് മൺചുമർ ചെയ്തിരിക്കുന്നത്. വയനാട്ടിലെ ട്രൈബൽ കമ്യൂണിറ്റിയിലുള്ള ആളുകൾ വന്ന് കൈ കൊണ്ടാണ് ചുമർ തേച്ച് മിനുക്കിയെടുത്തത്. മഴ പെയ്താൽ മണ്ണ് ഒലിച്ചുപോകുമെന്ന പേടിയും വേണ്ട. വാട്ടർ പ്രൂഫ് കോട്ടിങ് നൽകിയിട്ടുണ്ട്.
ബോക്‌സ് സ്ട്രക്ചറിലാണ് ഉരുൾ നിർമിച്ചിരിക്കുന്നത്. അലങ്കാര വിളക്കുകൾ ഉൾപ്പെടെയുള്ളവ പ്രത്യേകം കസ്റ്റമൈസ് ചെയ്ത് എടുത്തതാണ്. മലയ്ക്കും മരത്തിനും ഇടയിലുള്ള മൺചുവരിലുള്ള ഉരുൾ ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമാണ്. ഒരിക്കൽ തളർന്ന് കിടപ്പിലായ ആളാണ് ബെന്നി. വീണ്ടും ഒരിക്കൽ കൂടി ജീവിതം ആ അവസ്ഥയിലേക്കെത്തിയാൽ പ്രകൃതിയെ കണ്ടുകൊണ്ടു കിടക്കണം എന്നാണ് ആഗ്രഹം.
അതെ, ഏത് കോണിലും പച്ചപ്പിനെ കാണാനാകും വിധമാണ് ഉരുൾ ഉയർന്നുനിൽക്കുന്നത്. മറ്റൊരു കാര്യം ഉരുൾപൊട്ടൽ അല്ല ഉരുൾ, ഉരുളെന്നാൽ കല്ലാണ്.
Content Highlights: Built in a landslide-prone area in Wayanad with scientific safety measures like bamboo buffering and water channels., Features handmade mud walls constructed using soil from the plot by the local tribal community., Designed by Studio Terratect (Architect Roshith) with glass walls and sky lights offering panoramic views of Chembra peak.