പഴയ വീടിന്റെ മര ഉരുപ്പടികൾകൊണ്ട് പുതിയൊരു വീട്; ചെലവ് കുറയ്ക്കാനായത് 30 ലക്ഷം, മാതൃകാ വീടിന്റെ പ്ലാൻ

Photo: Mathrubhumi
Photo: Mathrubhumi

ഫോട്ടോയിൽ ചുവന്ന നിറത്തിൽ കണ്ട ഒരു കുഞ്ഞൻ വീടിനെ തേടിയായിരുന്നു ഇത്തവണത്തെ തിരുവനന്തപുരം യാത്ര. ലൊക്കേഷൻ കയ്യിലുണ്ടായിരുന്നെങ്കിൽപോലും വീട് കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി. ഒടുവിൽ ഉടമസ്ഥനെ വിളിക്കേണ്ടിവന്നു. കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ വീട്. ആദ്യ കാഴ്ചയിൽതന്നെ മനസിലേക്കെത്തിയത് ക്യൂട്ട് എന്ന വാക്കാണ്. മുറ്റത്തെത്തിയാൽ ആദ്യം കണ്ണിലുടക്കുക വീടിനോട് ചേർന്നു നിൽക്കുന്ന കറുവാപ്പട്ട മരമാണ്. 100 വർഷം പഴക്കമുണ്ടത്രെ ഈ കറുവാപ്പട്ട മരത്തിന്. എന്തു സംഭവിച്ചാലും ഈ കറുവാപ്പട്ട മരം മുറിക്കരുതെന്നായിരുന്നു ഗൃഹനാഥൻ രാജീവിന്റെ പ്രധാന ആവശ്യം. അങ്ങനെ ആ കറുവാപ്പട്ട മരത്തിന്റെ തണലിൽ വീടുയർന്നു. ആർക്കിടെക്റ്റ് അനന്തപത്ഭനാഭനാണ് (Principal Architect: A Rated Creators Lab) വീട് ഡിസൈൻ ചെയ്തത്.

കിടപ്പുമുറി | Bedrooms

100 വർഷത്തെ പാരമ്പര്യം പേറി ഒരു വീട്

രാജേഷ്- ശ്രീകല ദമ്പതിമാരുടെ കുടുംബവീടിരുന്ന സ്ഥലത്താണ് പുതിയ വീട്. ഈ തറവാട് വീടിന് ഏകദേശം 100 വർഷത്തെ എങ്കിലും പഴക്കം കാണും. ചിതൽശല്യം രൂക്ഷമായതോടെ മനസില്ലാ മനസോടെയാണ് വീട് പൊളിക്കാൻ തീരുമാനിച്ചത്. ചുവരുകളെ ചിതൽ കാർന്നുതിന്നെങ്കിലും വീട്ടിലുപയോഗിച്ച മരത്തടികൾക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. 95 ശതമാനത്തോളം ഈ വീട്ടിലെ മരത്തെ പുതിയ വീട്ടിലും ഉപയോഗിച്ചു. പഴയ വീടിന്റെ വിൻഡോ ഷട്ടേഴ്‌സ് പുതിയ വീട്ടിൽ ടി.വി യൂണിറ്റ് ആയി മാറി. മച്ചും അലമാരകളും കബോഡുകളും പുതിയ വീട്ടിലേക്കും എത്തി. ബാക്കി വന്ന മരത്തടികൾ മാസ്റ്റർ ബെഡ്‌റൂമിന്റെ ഫ്‌ളോറിങ്ങിൽ ഉപയോഗിച്ചു. പഴയ വീടിന്റെ വിൻഡോ ഷട്ടേഴ്‌സിനെ പൂജാ യൂണിറ്റായും മാറ്റി. വീടിന്റെ പ്രധാന വാതിൽ ഒഴികെയുള്ള ബാക്കിയെല്ലാം പഴയ വീടിന്റേതാണ്.

ചൂട് കുറയ്ക്കാൻ ഹുരുഡീസ്

വീടിന്റെ സ്ട്രക്ചറിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഹുരുഡീസ് ആണ്. വായുസഞ്ചാരം ഉണ്ടാകുന്ന രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഹുരുഡീസ് വീടിനകത്തെ താപനില ക്രമീകരിക്കാൻ ബെസ്റ്റാണ്. ഏത് കൊടുംവേനലിലും ഈ വീടിനുള്ളിൽ തണുപ്പ് ഉണ്ടാകുന്നതിൽ ഹുരുഡീസിന് വലിയ പങ്കുണ്ട്.

ട്രെഡീഷ്ണൽ ടച്ചിൽ നടുമുറ്റം

വീടിന്റെ പ്രധാന വാതിൽ തുറന്നാൽ ഒരു സൈഡിൽ ജാളികൾ നൽകി മനോഹരമാക്കിയ ലിവിങ് സ്‌പേസിലേക്കാണ് എത്തുക. കാറ്റും വെളിച്ചവും ഈ ജാളികൾ വഴി ധാരാളമെത്തും. ലിവിങ് റൂമിൽനിന്ന് നേരെ നടുമുറ്റത്തേക്കാണ് വാതിൽ തുറക്കുന്നത്. ഈ നടുമുറ്റത്തിന്റെ തൂണുകൾപോലും റീസൈക്കിൾ ചെയ്ത് എടുത്തതാണ്. നടുമുറ്റത്തിന് ചുറ്റുമായി മൂന്ന് കിടപ്പുമുറികളും ക്രമീകരിച്ചിട്ടുണ്ട്. ഓപ്പൺ കൺസപ്റ്റിലാണ് കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

അടുക്കള | Mathrubhumi

എർത്തി ടോണുകളിൽ കളർ പാലറ്റ്

വീടിനുള്ളിൽ കോസി വൈബ്‌ നൽകുന്നതിൽ പ്രധാന പങ്ക് നിറങ്ങൾക്കുണ്ട്. എർത്തി ടോണിലെ കളർ പാലറ്റ് ഉപയോഗിച്ചപ്പോഴും റെയർ കളേഴ്‌സിനെ തിരഞ്ഞെടുക്കാൻ അനന്തപത്ഭനാഭൻ പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ ചുവന്ന ചുവരുകളുള്ള വീടിന് മഞ്ഞയും പച്ചയും വെള്ളയും എല്ലാം അഴകുള്ള നിറങ്ങളായി.

നടുമുറ്റം | Mathrubhumi

ബജറ്റ് കുറച്ച് നിർമ്മാണം

പഴയ വീടിന്റെ ഭാഗങ്ങൾ പുനരുപയോഗിച്ചതുകൊണ്ടുതന്നെ നിർമ്മാണ ബജറ്റിൽ 20-30 ലക്ഷം രൂപ കുറയ്ക്കാനായെന്ന് ആർക്കിടെക്റ്റ് വ്യക്തമാക്കുന്നു. ബജറ്റ് കുറയ്ക്കുക മാത്രമല്ല, പഴയ വീടിന്റെ ഓർമ്മകളെകൂടി കൂടെ കൂട്ടുകയാണ് ചെയ്തത്. ഒപ്പം പ്രകൃതിയെ പരമാവധി മുറിപ്പെടുത്താതെ ഒരു പുതിയ വീടുയർന്നു. ഏഴ് സെന്റിലുള്ള പ്ലോട്ടിൽ 1600 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചത്. പുറത്തുനിന്ന് നോക്കുമ്പോൾ ചെറിയ വീടാണെന്ന് തോന്നുമെങ്കിലും  അത്ര കുഞ്ഞനല്ല ഈ വീട്. വിശാലമായ അകത്തളങ്ങളാണ് ഈ വീടിന്റേത്.

പ്ലാൻ

നാടൻ ചെടികൾ നിറഞ്ഞ മുറ്റം

തുളസിയും തെച്ചിയും തുടങ്ങിയ നാടൻ ചെടികളാണ് വീടിന്റെ മുറ്റത്തുള്ളത്. പരിസര പ്രദേശങ്ങളിലുള്ള നാടൻ ചെടികൾമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഈ വീടൊരു മാതൃകയാണ് എങ്ങനെ പ്രകൃതിയെ മുറിവേൽപ്പിക്കാതെ ഓർമ്മകളെ ചേർത്തുപിടിച്ച് ചെലവ് ചുരുക്കി പുതിയ വീട് നിർമ്മിക്കണമെന്നതിന്റെ മികച്ച മാതൃക

Content Highlights: Built on a 7-cent plot with a 1600 sq.ft area in Thiruvananthapuram, Preserved a 100-year-old cinnamon tree during construction, Saved 20-30 lakh rupees by reusing wood from the ancestral home, Used Hurudies to naturally regulate indoor temperature, Designed by Principal Architect Ananthapadmanabhan of A Rated Creators Lab