ഏത് ചൂടിലും എസി വേണ്ടാത്ത കോട്ടയത്തെ പോർച്ചുഗീസ് വീട്

പാടത്തിന്റെ കരയിൽ, ജാതിമരങ്ങൾ അതിരിടുന്ന, മാവ് തണൽവിരിക്കുന്ന മുറ്റത്ത് രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന വീട് അതാണ് നാഗമ്പള്ളി വീട്. എന്നാൽ ആ വലിയ വീടിന്റെ മുറ്റത്ത് എത്തുമ്പോൾ ആദ്യം കണ്ണിലുടക്കുക മറ്റൊരു വീടാണ്. 140 വർഷത്തോളം പഴക്കമുള്ള നാഗമ്പള്ളി തറവാട്. പോർച്ചൂഗീസ് ശൈലിയിൽ നിർമ്മിച്ച ആരുമൊന്ന് നോക്കിപ്പോകുന്ന പുതിയ വീടിന്റെ പൂമുഖത്തുനിൽക്കുമ്പോഴും പോയകാലത്തിന്റെ ഓർമ്മകളും പേറികൊണ്ട് ഒട്ടും പ്രതാപം നശിക്കാതെ ആ തറവാട് വീട് നിൽപ്പുണ്ട്.
സനിൽ ജോസും കുടുംബവുമാണ് പുതിയ നാഗമ്പള്ളി വീടിന്റെ ഉടമസ്ഥർ. പഴയ വീട് പൊളിച്ചുകളഞ്ഞ് ആ സ്ഥാനത്ത് പുതിയ വീട് പണിയാനായിരുന്നു തീരുമാനം. എന്നാൽ, ആർക്കിടെക്റ്റ് ജയൻ ബിലാത്തിക്കുളം ഈ തീരുമാനത്തെ എതിർത്തു. അങ്ങനെ പഴയ നാഗമ്പള്ളി വീടിനെ സാക്ഷിയാക്കി പുതിയ വീട് പണിതു.
കൊണോയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന മട്ടും ഭാവവുമാണ് വീടിന്. വെള്ളനിറത്തിൽ വലിയ തൂണുകളിലുള്ള നീളൻ വരാന്തകളുള്ള വീട്ടിലേക്ക് ആദ്യം വരവേൽക്കുക ഫെറോസിമന്റിൽ ചെയ്ത വലിയ ഫ്‌ളവർവേസുകളാണ്. വരാന്തകളുടെ രണ്ട് അറ്റത്തും പോർച്ചുഗീസ് ശൈലിയിലുള്ള വലിയ ജനലുകൾ നൽകിയിട്ടുണ്ട്.
വ്യത്യസ്തമായ ഒരു വീട് വേണമെന്നായിരുന്നു സനിലിന്റെ ആവശ്യം. രണ്ട് ഏക്കർ വരുന്ന സ്ഥലത്താണ് വീട് പണിതത്. പാടം ഉൾപ്പെടുന്ന കൃഷിഭൂമിയാണിത്. പാടത്തേക്ക് വ്യൂ കിട്ടാനായി വീടിന്റെ പിറകുവശത്തും നീളൻ വരാന്തകൾ നൽകിയിട്ടുണ്ട്. മുകളിലും താഴെയുമായി 4000 സ്‌ക്വയർഫീറ്റാണ് വീടിന്റെ വിസ്തീർണം.
വലിയ ലിവിങ് ഹാൾ, ഡൈനിങ് ഏരിയ, കിച്ചൺ, മൂന്ന് ബെഡ്‌റൂമുകൾ ഉൾപ്പെടുന്നതാണ് വീട്. മുകളിലത്തെ നിലയിൽ വിശാലമായ ഹാൾ ആണ്. പ്രാർഥനയ്ക്കും പാർട്ടികൾക്കുമായാണ് ഈ സ്ഥലം ഉപയോഗപ്പെടുത്തുക.
എസി വേണ്ടാത്ത വീട്
ഏത് കൊടും വേനലിലും വീടിനുള്ളിൽ തണുപ്പാണ്. വീടിന് പിറകിലെ വയലിലെ കാറ്റ് പൂമുഖത്ത് എത്തുന്ന രീതിയിലാണ് വീടിന്റെ വെന്റിലേഷൻ പ്ലാൻ ചെയ്തിരിക്കുന്നത്. പഴ ഓട് റീ സൈക്കിൾ ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ വീടുകളിൽ നിന്ന് വ്യത്യസ്തമായി 12.5 അടി ഉയരത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വാതിലുകളും അതോടൊപ്പം 9 അടി ഉയരത്തിൽ ജനാലകളും നൽകി. അതുകൊണ്ടുതന്നെ കാറ്റും വെളിച്ചവും എപ്പോഴും ഈ വീടിനുള്ളിൽ ഉണ്ടാകും.
അടിമുടി പോർച്ചുഗീസ് മയം
ലിവിങ് റൂമിലെ ഗോത്തിക്ക് ജനാലകൾ വീടിന് പോർച്ചുഗീസ് ക്യാരക്ടർ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഒപ്പം ലിവിങ് റൂമിലെ ഫയർ സ്‌പേസും. ഒരുപാട് വുഡൻ ഡീറ്റെയ്‌ലിങ് ഈ വീട്ടിൽ കാണാം. മരം പരമാവധി ഒഴിവാക്കി ഫെറോസിമന്റിൽ ചെയ്‌തെടുത്തതാണ് ഇത്. കാർപ്പെറ്റ് ടൈലിങ്ങാണ് വീടിന്റെ മറ്റൊരു പ്രത്യേകത. പരവതാനി വിരിച്ചതുപോലെ മനോഹരമാണ് ഈ ഫ്‌ളോറിങ്.
ഒറിജിനൽ കളർഫുൾ സ്റ്റെയിൻ ഗ്ലാസുകളുള്ള 60 ജനലുകളാണ് വീടിന്റെ മറ്റൊരു പ്രത്യേക. ഡൈനിങ്ങ് റൂമിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലെ അകത്തളങ്ങളിൽ എത്തിയ ഫീൽ ആണ് ലഭിക്കുക.
നാഗമ്പള്ളി തറവാട്ടിൽ നിന്നെടുത്ത രണ്ട് കസേരകളാണ് ഡൈനിങ് റൂമിലെ ഹൈലൈറ്റ്. ഈ രണ്ട് ഫർണിച്ചറിനും ഏകദേശം 100 വർഷത്തെ പഴക്കം വരും. പഴയ മരം ഉപയോഗിച്ച് നിർമിച്ച ഫർണിച്ചറാണ് അധികവും. പഴയ വാതിൽപ്പൊളിയെ റീസൈക്കിൾ ചെയ്‌തെടുത്ത് ഗോത്തിക്ക് വിൻഡോയാക്കി മാറ്റി. ധാരാളം കളർ വിളക്കുകളും വീടിനുള്ളിൽ കാണാം. പഴയ ഓടുകൾ പല ഭാഗത്തുനിന്നും ശേഖരിച്ചാണ് നാഗമ്പള്ളി വീടിന്റെ റൂഫിങ് ക്രമീകരിച്ചിരിക്കുന്നത്.
വളരെ മിനിമലായാണ് ബെഡ്‌റൂം ക്രമീകരിച്ചിരിക്കുന്നത്. അത്യാവശം വേണ്ട സൗകര്യങ്ങൾ മാത്രമെ ബെഡ്‌റൂമിൽ നൽകിയിട്ടുള്ളു. സ്‌റ്റെയിൻ ഗ്ലാസുകളുള്ള ജനലായതുകൊണ്ടുതന്നെ കർട്ടൻ ഉപയോഗിച്ചിട്ടില്ല. ഇരുട്ടിൽ നാഗമ്പള്ളി വീടിന് പ്രത്യേക ഭംഗിയാണ്. കളർഫുൾ ലൈറ്റുകളിൽ ഈ കൊളോണിയൽ വീടെ വർണാഭമാകും.
Content Highlights: 140-year-old Nagampally ancestral home preserved alongside the new 4000 sq.ft Portuguese-style house., Designed for natural cooling with 12.5-foot ceilings, 10-foot doors, and breeze from the adjacent paddy fields., Sustainable features include recycled old roof tiles, repurposed wooden elements, and ferro-cement details., Distinctive Gothic windows, 60 original colorful stain glass windows, and antique 100-year-old furniture.